കൊണ്ടോട്ടി-തലമുടി മധ്യത്തിൽ മുണ്ഡനം ചെയ്ത് സ്വർണ്ണമിശ്രിതം തേച്ചുപിടിപ്പിച്ച് അതിനുമുകളിൽ വിഗ്ഗ് വെച്ച് വിദഗ്ദമായി കടത്തിയ സ്വർണം എയർകസ്റ്റംസ് പിടികൂടി. ഇന്നു പുലർച്ചെ അബൂദാബിയിൽ നിന്ന് എയർഇന്ത്യ എക്‌സ്പ്രസ് വിമാനത്തിൽ കരിപ്പൂരിലെത്തിയ മലപ്പുറം പട്ടിക്കാട് പൂന്താവനം നെച്ചിത്തടയൻ മുഹമ്മദ് റമീസ്(26)ആണ് പിടിയിലായത്.
കസ്റ്റംസ് പിരിശോധനക്കിടെയാണ് കസ്റ്റംസിന് തലമുടയിൽ സംശയം തോന്നിയത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് തലമുടിക്കുളളിൽ സ്വർണം ഒളിപ്പിച്ച നിലയിൽ കണ്ടെത്തിയത്. തലയുടെ മധ്യഭാഗത്തെ മുടി പൂർണമായും നീക്കം ചെയ്ത് സ്വർണമിശ്രിതം തേച്ചുപിടിപ്പിച്ച് അതിന് മുകളിൽ മുടിയുടെ വിഗ്ഗ് വെച്ചാണ് ഇയാൾ എത്തിയിരുന്നത്.പരിശോധനയിൽ കണ്ടെത്താൻ കഴിയാത്ത വിധത്തിലാണ് സ്വർണക്കടത്ത്. പിടികൂടിയ സ്വർണ മിശ്രിതം 907 ഗ്രാം തൂക്കം വരും.ഇതിൽ നിന്ന് സ്വർണം വേർതിരിച്ചെടുത്ത് വരികയാണ്. 25 ലക്ഷത്തോളം രൂപയുടെ സ്വർണമുണ്ടാകുമെന്നാണ് കസ്റ്റംസിന്റെ വിലയിരുത്തൽ.സമാന രീതിയിൽ രണ്ടുദിവസം മുമ്പ് നെടുമ്പാശ്ശേരിയിലും കളളക്കടത്ത് പിടികൂടിയിരുന്നു.






