കൊച്ചി- ഗള്‍ഫ് നാടുകളില്‍നിന്ന് കേരളത്തിലേക്ക് സ്വര്‍ണം കടത്താന്‍ സ്വീകരിക്കുന്ന നൂതന വഴികള്‍ വിശ്വസിക്കാനാകാതെ എയര്‍പോര്‍ട്ടുകളിലെ കസ്റ്റംസ് ഉദ്യോഗസ്ഥര്‍.
സ്വര്‍ണം കുഴമ്പു രൂപത്തിലാക്കി കടത്താനുള്ള ശ്രമങ്ങള്‍ കൊച്ചി, കോഴിക്കോട് എയര്‍പോര്‍ട്ടുകളില്‍ പിടിയികൂടിയിട്ടുണ്ടെങ്കിലും കൊച്ചി എയര്‍പോര്‍ട്ട് വഴി സ്വര്‍ണമിശ്രിതം കടത്താന്‍ സ്വീകരിച്ച മാര്‍ഗം അന്താരാഷ്ട്ര മാധ്യമങ്ങളിലും വാര്‍ത്തയായി.
തലയുടെ മധ്യഭാഗത്തായി മുടി ഷേവ് ചെയ്തുമാറ്റിയ ശേഷം അവിടെ സ്വര്‍ണമിശ്രിതം ഒളിപ്പിച്ച് അതിനു മുകളില്‍ വിഗ് ധരിച്ചെത്തിയ മലപ്പുറം സ്വദേശി നൗഷാദാണ് പിടിയിലായത്
ഇത്തരമൊരു രീതി സ്പെയിനില്‍ പയറ്റിയതായി റിപ്പോര്‍ട്ടുകളുണ്ടെങ്കിലും കേരളത്തില്‍ ആദ്യമാണ്.
ശരീരത്തില്‍ പലയിടങ്ങളിലായി സ്വര്‍ണം ഒളിപ്പിച്ച് കടത്താന്‍ ശ്രമിക്കുന്നതിനിടെ പലരും നേരത്തെ നെടുമ്പാശേരിയില്‍ അറസ്റ്റിലായിട്ടുണ്ടെങ്കിലും മുടിയില്‍ സ്വര്‍ണം ഒളിപ്പിച്ച് കടത്താനുള്ള ശ്രമം ഇതാദ്യമായാണ്.
വിഗിനടിയല് ഒളിപ്പിച്ചിരുന്ന മിശ്രിതത്തില്‍നിന്ന് 1.13 കിലോ സ്വര്‍ണമാണ് വേര്‍തിരിച്ചെടുത്തത്. രഹസ്യഭാഗങ്ങളിലടക്കം ഒളിപ്പിച്ച് കടത്തിയ സ്വര്‍ണ മിശ്രിതം ഇതിനുമുമ്പും പിടികൂടിയിട്ടുണ്ടെങ്കിലും തലയില്‍ ഒളിപ്പിച്ച് കടത്തുന്ന സംഭവം കണ്ടെത്തിയത് ആദ്യമാണെന്ന് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. സ്പെയിനില്‍ കഴിഞ്ഞ ജൂണിലാണ് ഇത്തരമൊരു സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. മിശ്രിത രൂപത്തിലാക്കിയ സ്വര്‍ണം പലപ്പോഴും മെറ്റല്‍ ഡിറ്റക്ടറില്‍ കണ്ടെത്താന്‍ കഴിയാറില്ല. രഹസ്യവിവരം ലഭിക്കുമ്പോള്‍ മാത്രമാണ് കസ്റ്റംസ് ഉദ്യോഗസ്ഥരുടെ വലയിലാകാറുള്ളത്.
തലയില്‍ സ്വര്‍ണം കടത്തിയ നൗഷാദ് കാരിയര്‍ മാത്രമാണെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നു.