അബുദാബി- അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ 1.2 കോടി ദിര്‍ഹം (ഏതാണ്ട് 23,17,19,200 രൂപ) സമ്മാനം ലഭിക്കുമ്പോള്‍ കര്‍ണാടക സ്വദേശി ജെ.എ. മുഹമ്മദ് ഫയാസ് എന്ന ഇരുപത്തിനാലുകാരന്‍ മുംബൈയിലായിരുന്നു. ഇതുവരെ യു.എ.ഇ സന്ദര്‍ശിക്കാത്ത ഈ ഭാഗ്യവാന്‍ സുഹൃത്തുക്കള്‍ക്കൊപ്പം ഓണ്‍ലൈന്‍ വഴിയാണ് നറുക്കെടുപ്പില്‍ പങ്കെടുത്തത്. മുംബൈയില്‍ അക്കൗണ്ടന്റായി ജോലി ചെയ്യുകയാണ് ഇദ്ദേഹം. സമ്മാനം വാങ്ങാനായി അബുദാബിയില്‍ വരും.
ബിഗ് ടിക്കറ്റ് നറുക്കെടുപ്പ് വേദിയില്‍നിന്നും ഇതിന്റെ സംഘാടകര്‍ ഫോണില്‍ വിളിച്ച് സമ്മാനമടിച്ച വിവരം പറഞ്ഞപ്പോള്‍ ആദ്യം വിശ്വസിക്കാന്‍ ഫയാസ് തയാറായില്ല. ഓണ്‍ലൈനില്‍ പരിശോധിച്ച ശേഷമാണ് ഉറപ്പാക്കിയത്. കഴിഞ്ഞ രണ്ടു മാസം മുഹമ്മദ് ഫയാസിന് ബിഗ് ടിക്കറ്റില്‍ പങ്കെടുക്കാന്‍ സാധിച്ചിരുന്നില്ല. ഇപ്രാവശ്യം സെപ്റ്റംബര്‍ അവസാനമാണ് ടിക്കറ്റെടുത്തത്. 059070 എന്ന ടിക്കറ്റ്. അതു ഭാഗ്യവും കൊണ്ടുവന്നു. ബിഗ് ടിക്കറ്റിന്റെ ദി ഡ്രീം 12 മില്യണ്‍ സീരീസ് 208 ആണ് ഫയാസിനെ കോടീശ്വരനാക്കിയത്.
ചെറുപ്പത്തിലേ മാതാപിതാക്കളെ നഷ്ടപ്പെട്ട ഫയാസായിരുന്നു ഇളയ സഹോദരനും രണ്ടു സഹോദരിമാര്‍ക്കും ഏക ആശ്രയം. ആറു മാസം മുന്‍പാണു കൂടെ താമസിക്കുന്നവരുമായി ചേര്‍ന്ന് ബിഗ് ടിക്കറ്റ് വാങ്ങാന്‍ തുടങ്ങിയത്.






