Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

സൗദിയില്‍ ഹോട്ടലുകളില്‍ വനിതകള്‍ക്ക് തനിച്ച് താമസിക്കാം; ബന്ധുക്കള്‍ വേണ്ട

റിയാദ്- ഹോട്ടലുകളിലും ഫർണിഷ്ഡ് അപാർട്ട്‌മെന്റുകളിലും വനിതകൾക്ക് അടുത്ത ബന്ധുക്കളായ പുരുഷന്മാരില്ലാതെ മുറികളും അപാർട്ട്‌മെന്റുകളും വാടകക്ക് നൽകുന്നതിന് സൗദി കമ്മീഷൻ ഫോർ ടൂറിസം ആന്റ് നാഷണൽ ഹെരിറ്റേജ് തീരുമാനിച്ചു.  കുടുംബങ്ങൾക്ക് മുറികളും അപാർട്ട്‌മെന്റുകളും വാടകക്ക് നൽകുമ്പോൾ കുടുംബ ബന്ധം തെളിയിക്കണമെന്ന വ്യവസ്ഥ റദ്ദാക്കി. 

അടുത്ത ബന്ധുക്കളായ പുരുഷന്മാർ ഒപ്പമില്ലാത്ത വനിതകൾക്ക് മുറികളും അപാർട്ട്‌മെന്റുകളും വാടകക്ക് നൽകുന്നതിന് വിസമ്മതിക്കാൻ പാടില്ലെന്നും തീരുമാനമുണ്ട്. മുറികളും അപാർട്ട്‌മെന്റുകളും ഒറ്റക്ക് വാടകക്കെടുക്കുന്ന വനിതകൾ അംഗീകൃത തിരിച്ചറിയൽ കാർഡ് ഹാജരാക്കണമെന്ന് വ്യവസ്ഥയുണ്ട്. 


ഹോട്ടൽ, ഫർണിഷ്ഡ് അപാർട്ട്‌മെന്റ് മേഖലയിൽ ഏറെ അനുകൂല ഫലങ്ങളുണ്ടാക്കുന്നതാണ് സൗദി കമ്മീഷൻ ഫോർ ടൂറിസം ആന്റ് നാഷണൽ ഹെരിറ്റേജിന്റെ പുതിയ തീരുമാനമെന്ന് സൗദി അക്കമഡേഷൻ കമ്മിറ്റി അംഗം തുർക്കി അൽഹുകൈർ വിശേഷിപ്പിച്ചു. ഹോട്ടലുകളിലെ ബിസിനസ് വർധിപ്പിക്കുന്നതിനും വനിതകളുടെ ജോലിയും ബിസിനസും എളുപ്പമാക്കുന്നതിനും ഇത് സഹായിക്കും. സ്വകാര്യ മേഖലയിൽ ജോലി ലഭിക്കുന്ന വനിതകളുടെയും ബിസിനസ് മേഖലയിൽ പ്രവർത്തിക്കുന്ന വനിതകളുടെയും എണ്ണം അനുദിനം വർധിച്ചു വരികയാണ്. ഇത്തരമൊരു സാഹചര്യത്തിൽ പ്രതിബന്ധങ്ങളൊന്നും കൂടാതെ അനുയോജ്യമായ താമസസൗകര്യം ലഭിക്കുന്നത് വനിതകൾക്ക് ഏറെ അനുഗ്രഹമാകും. സൗദിയിൽ എവിടെയുമുള്ള ഏതു ഹോട്ടലുകളിലും മഹ്‌റം ഒപ്പമില്ലാതെ വനിതകൾക്ക് ഇപ്പോൾ താമസിക്കാൻ സാധിക്കും. 


ഇതുവരെ മഹ്‌റം ഒപ്പമില്ലാതെ സ്ത്രീകൾക്ക് ഒറ്റക്ക് ഹോട്ടലുകളിൽ മുറികൾ വാടകക്ക് നൽകുന്നതിന് അനുമതിയുണ്ടായിരുന്നില്ല. രാജ്യത്ത് ദൃശ്യമായ പരിഷ്‌കരണങ്ങളുടെ ഫലമായി ഇപ്പോൾ ജീവിത സാഹചര്യങ്ങൾ മാറിയിരിക്കുന്നു. ഇതനുസരിച്ച് ആളുകളുടെ ആവശ്യങ്ങളും വർധിച്ചിരിക്കുന്നു. ഇതോടൊപ്പം നമ്മളും മാറേണ്ടിയിരിക്കുന്നു വെന്നും തുർക്കി അൽഹുകൈർ പറഞ്ഞു. 


സൗദി വനിതകൾ തിരിച്ചറിയൽ കാർഡോ ഫാമിലി രജിസ്റ്ററോ, വിദേശ വനിതകൾ ഇഖാമയോ ആണ് മുറികൾ വാടകക്കെടുക്കുമ്പോൾ തിരിച്ചറിയൽ രേഖയായി ഹോട്ടലുകളിൽ ഹാജരാക്കേണ്ടത്. ഇഖാമ ആവശ്യമില്ലാത്ത വിനോദ സഞ്ചാരികൾ അടക്കമുള്ളവർ പാസ്‌പോർട്ടുകൾ ആണ് തിരിച്ചറിയൽ രേഖയായി കാണിക്കേണ്ടത്. 


തിരിച്ചറിയൽ രേഖകളില്ലാത്ത വനിതകൾക്ക് മുറികളും അപാർട്ട്‌മെന്റുകളും വാടകക്ക് നൽകില്ല. ഇത്തരക്കാർക്ക് മുറികൾ വാടകക്ക് നൽകുന്നതിന് മഹ്‌റം ഒപ്പമുണ്ടായിരിക്കണം. ബന്ധുക്കളുടെ വിവരങ്ങൾ ഹോട്ടലുകൾ രേഖപ്പെടുത്തുകയും വേണം. വിദേശ വിനോദ സഞ്ചാരികൾക്ക് സൗദി അറേബ്യ ടൂറിസ്റ്റ് വിസ അനുവദിക്കാൻ തുടങ്ങിയ പശ്ചാത്തലത്തിൽ കൂടിയാണ് പുതിയ തീരുമാനം. ടൂറിസ്റ്റ് വിസയിൽ രാജ്യത്തെത്തുന്ന മുസ്‌ലിം വനിതകളെ മഹ്‌റം ഒപ്പമില്ലാതെ ഉംറ നിർവഹിക്കുന്നതിന് അനുവദിക്കുമെന്ന് അധികൃതർ നേരത്തെ വ്യക്തമാക്കിയിരുന്നു. 

Latest News