സൗദിയില്‍ റീട്ടെയില്‍ സ്ഥാപനങ്ങള്‍ വര്‍ധിക്കുന്നു; ആറുമാസത്തിനിടെ 35,000 ലൈസന്‍സ്‌

റിയാദ്- ഈ വർഷം ആദ്യത്തെ ആറു മാസത്തിനിടെ ചില്ലറ വ്യാപാര മേഖലയിൽ പ്രവർത്തിക്കുന്നതിന് 34,838 കൊമേഴ്‌സ്യൽ രജിസ്‌ട്രേഷനുകൾ വാണിജ്യ, നിക്ഷേപ മന്ത്രാലയം അനുവദിച്ചു. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ചില്ലറ വ്യാപാര മേഖലയിൽ 24,952 കൊമേഴ്‌സ്യൽ രജിസ്‌ട്രേഷനുകളാണ് അനുവദിച്ചത്.  ചില്ലറ വ്യാപാര സ്ഥാപനങ്ങൾക്ക് അനുവദിച്ച കൊമേഴ്‌സ്യൽ രജിസ്‌ട്രേഷനുകളുടെ എണ്ണത്തിൽ 39 ശതമാനം വർധനവുണ്ട്. 


കഴിഞ്ഞ ജൂൺ 30 ലെ കണക്കുകൾ പ്രകാരം രാജ്യത്ത് ചില്ലറ വ്യാപാര മേഖലയിൽ ആകെ 2,66,833 കൊമേഴ്‌സ്യൽ രജിസ്‌ട്രേഷനുകളുണ്ട്. കൊമേഴ്‌സ്യൽ രജിസ്‌ട്രേഷൻ നടപടികൾ വാണിജ്യ, നിക്ഷേപ മന്ത്രാലയം ഓൺലൈൻവൽക്കരിച്ചിട്ടുണ്ട്. ഇപ്പോൾ കൊമേഴ്‌സ്യൽ രജിസ്‌ട്രേഷനുകൾക്ക് മന്ത്രാലയത്തെ നേരിട്ട് സമീപിക്കേണ്ടതില്ല. മൂന്നു മിനിറ്റിനകം കൊമേഴ്‌സ്യൽ രജിസ്‌ട്രേഷൻ നടപടികൾ അപേക്ഷകർക്ക് പൂർത്തിയാക്കാൻ സാധിക്കും. 


വ്യവസ്ഥകൾ പാലിച്ച് അപേക്ഷകൾ സമർപ്പിക്കുന്നവർക്ക് സിസ്റ്റത്തിൽ നിന്ന് അപേക്ഷാ നമ്പർ ലഭിക്കും. ഈ നമ്പർ ഉപയോഗിച്ച് തങ്ങളുടെ അപേക്ഷകളുടെ പുരോഗതി അപേക്ഷകർക്ക് എളുപ്പത്തിൽ നിരീക്ഷിക്കുന്നതിന് സാധിക്കും. കൊമേഴ്‌സ്യൽ രജിസ്‌ട്രേഷനുകളുടെ കാലാവധി തീരുന്ന തീയതി, കാലാവധി അവസാനിക്കൽ, റദ്ദാക്കൽ എന്നിവയും ഓൺലൈൻ വഴി എളുപ്പത്തിൽ അറിയാൻ കഴിയും. ഏതു കൊമേഴ്‌സ്യൽ രജിസ്‌ട്രേഷനുകളുടെയും സാധുത ഓൺലൈൻ വഴി അന്വേഷിച്ച് ഉറപ്പുവരുത്താനും ഇതിലൂടെ സാധിക്കും.  

Latest News