ഒരേ മെഡൽ, ഇരട്ട വികാരം

സ്വർണം ഉറപ്പിച്ചെത്തിയ ഭാര്യക്ക് വെള്ളി മെഡൽ മാത്രം, ഒന്നും പ്രതീക്ഷിക്കാതെയെത്തിയ ഭർത്താവിന് വെള്ളിത്തിളക്കം. ഊയിബൊ കുടുംബത്തിന് ലോക അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പിൽ ദുഃഖത്തിന്റെയും സന്തോഷത്തിന്റെയും ആന്തോളനം...

ആർക്കും അത് വിശ്വസിക്കാനായില്ല. ലോക അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പിലെ ഏറ്റവും വലിയ അട്ടിമറിയാണ് താൻ നടത്തിയതെന്ന് ബഹ്‌റൈൻകാരിക്ക് വിശ്വസിക്കാൻ സാധിച്ചില്ല. താൻ രണ്ടാം സ്ഥാനത്തായിപ്പോയെന്ന് പരാജയപ്പെട്ട വനിതക്കും അംഗീകരിക്കാനായില്ല. രണ്ടാം സ്ഥാനക്കാരിയായ വനിതയുടെ ഭർത്താവ് കരയണമോ ചിരിക്കണമോ എന്നറിയാതെ കുഴങ്ങി. ഭാര്യയുടെ ദുഃഖത്തിനിടയിൽ തനിക്ക് കൈവന്ന അംഗീകാരം അയാൾക്ക് വിശ്വസിക്കാനായില്ല. രണ്ടാം സ്ഥാനക്കാരിയുടെ ഭർത്താവ്, ഡെക്കാത്തലറ്റ് മയ്‌സൽ ഊയിബോ സ്വന്തമാക്കിയ വെള്ളിക്ക് സ്വർണത്തെക്കാളേറെ തിളക്കമുണ്ടായിരുന്നു. ഊയിബോയുടെ ഭാര്യ നേടിയ വെള്ളിക്കാവട്ടെ നിരാശയുടെ മങ്ങലായിരുന്നു. 
ചൂടും ഹ്യൂമിഡിറ്റിയുമുള്ള രാത്രി ട്രാക്കിൽ പ്രതീക്ഷകൾ അപ്പാടെ തകിടം മറിഞ്ഞു. ഒന്നും പ്രതീക്ഷിച്ചതു പോലെ അരങ്ങേറിയില്ല. ഒളിംപിക് വനിതാ ചാമ്പ്യൻ ഷോണെ മില്ലർ ഊയിബൊ 25 മാസത്തിനിടയിലാദ്യമായി പരാജയം നേരിട്ടു. അതും തന്റെ മികച്ച പ്രകടനം പുറത്തെടുത്തിട്ടു കൂടി. തന്റെ മികച്ച സമയം അര സെക്കന്റിന്റെ വൻ വ്യത്യാസത്തിൽ മെച്ചപ്പെടുത്തിയിട്ടും ഷോണെ മില്ലർക്ക് സ്വർണത്തിൽ തൊടാനായില്ല. ബഹ്‌റൈന്റെ ഇരുപത്തൊന്നുകാരി സൽവ ഈദ് നാസറാണ് ഷോണെ മില്ലറെ ഞെട്ടിച്ചത്. 48.14 സെക്കന്റിലാണ് സൽവ ഈദ് നാസർ പറന്നെത്തിയത്. ഉത്തേജക മരുന്നടി വ്യാപകമാണെന്നു കരുതുന്ന 1985 നു മുമ്പാണ് ഒരു വനിത അവസാനമായി ഈ വേഗത്തിലോടിയത്. എക്കാലത്തെയും മികച്ച മൂന്നാമത്തെ പ്രകടനമാണ് ഇത്. ഫിനിഷിംഗ് വരയിലേക്ക് പറന്നെത്തിയശേഷം തന്റെ സമയം സ്‌കോർ ബോർഡിൽ നോക്കിയ സൽവ ഈദിന് സ്വന്തം കണ്ണുകളെ വിശ്വസിക്കാനായില്ല. സ്വപ്‌നത്തിലെന്ന പോലെ സൽവ ഈദ് അമ്പരന്നു നിന്നു. മില്ലർ ഊയിബോ ഒരേസമയം സന്തോഷവും സങ്കടവും അനുഭവിക്കുകയായിരുന്നു. 48.37 സെക്കന്റിൽ ഓടിയെത്തിയിട്ടും എങ്ങനെയാണ് താൻ തോറ്റതെന്ന് അവർക്ക് എത്തും പിടിയും കിട്ടിയില്ല. 
എനിക്കെന്റെ കണ്ണുകളെ വിശ്വസിക്കാനായില്ല -സൽവ ഈദ് നാസർ പറഞ്ഞു. സ്‌കോർ ബോർഡ് കണ്ടപ്പോൾ ഭ്രാന്ത് പിടിച്ചതു പോലെ തോന്നി. കഠിനമായി ഞാൻ പരിശീലിക്കുന്നുണ്ടായിരുന്നു, എങ്കിലും ഇത്ര വേഗത്തിലോടാനാവുമെന്ന് കരുതിയതേയില്ല -അവർ പറഞ്ഞു. പ്രതീക്ഷകളുടെ അതിർത്തികൾ മാഞ്ഞുപോയ രാത്രിയായിരുന്നു വ്യാഴാഴ്ച ദോഹ ഖലീഫ സ്റ്റേഡിയത്തിൽ അനുഭവിച്ചത്. 
അവസാന വളവിൽ 100 മീറ്റർ ഓടുന്ന വേഗത്തിലാണ് സൽവ ഈദ് നാസർ കുതിച്ചത്. ഷോണെ മില്ലറെക്കാൾ ഏഴ് ചുവടെങ്കിലും മുന്നിലായിരുന്നു ബഹ്‌റൈൻകാരി. കഴിഞ്ഞ ലോക മീറ്റ് ഷോണെ മില്ലറെ ബഹാമാസിൽ പ്രശസ്തയാക്കി. ഉറച്ച സ്വർണപ്രതീക്ഷയായിരുന്ന ആലിസൻ ഫെലിക്‌സിനെയാണ് അന്ന് ഷോണെ മില്ലർ തോൽപിച്ചത്. ഇത്തവണ തിരിച്ചടി നേരിടാനായി അവരുടെ വിധി. സൽവ ഈദ് ഇത്ര മുന്നിൽ കുതിക്കുമ്പോൾ ഷോണെ മില്ലർക്ക് ഒന്നും ചെയ്യാനുണ്ടായില്ല. എന്നാൽ അര മണിക്കൂറിനു ശേഷം ആഹ്ലാദം അവരെ തേടിയെത്തി. 
ഷോണെ മില്ലർക്ക് സന്തോഷത്തിന്റെയും സങ്കടത്തിന്റെയുമിടയിൽ ആന്തോളനം ചെയ്ത വല്ലാത്തൊരു അനുഭവമായിരുന്നു. ജീവതത്തിലെ ഏറ്റവും വേഗത്തിൽ ഓടിയിട്ടും സ്വർണം കിട്ടിയില്ല അവർക്ക്. എന്നാൽ ഭർത്താവിന് അപ്രതീക്ഷിതമായി മെഡൽ ലഭിച്ചു. ഭർത്താവ് ഊയിബൊ അറിയപ്പെടുന്ന ഡെക്കാത്‌ലറ്റ് തന്നെയാണ്. എന്നാൽ ഊയിബോയിൽ അധികമാരും മെഡൽ പ്രതീക്ഷ വെച്ചിരുന്നില്ല. 2015 ൽ ജോർജിയക്കു വേണ്ടി മത്സരിക്കവെ അമേരിക്കൻ കോളേജ് ചാമ്പ്യനായതൊഴിച്ചാൽ രാജ്യാന്തര തലത്തിൽ ഒരു മെഡൽ പോലും നേടാൻ ഊയിബോക്ക് സാധിച്ചിരുന്നില്ല. 2017 ലെ അവസാന ലോക ചാമ്പ്യൻഷിപ്പിൽ മത്സരങ്ങൾ പൂർത്തിയാക്കാൻ സാധിച്ചില്ല. 
2016 ലെ ഒളിംപിക്‌സിൽ ഇരുപത്തിനാലാം സ്ഥാനത്തായിരുന്നു. 2018-19 സീസണിന്റെ മഹാഭൂരിഭാഗവും പരിക്കു കാരണം നഷ്ടപ്പെട്ടിരുന്നു. ചുമലിലും കാലിലുമൊക്കെ ശസ്ത്രക്രിയ വേണ്ടിവന്നിരുന്നു. പത്തിനങ്ങളുള്ള ഡെക്കാത്തലൺ പൂർത്തിയാക്കാൻ പൂർണ കായികക്ഷമതയുള്ളവർക്കു പോലും പ്രയാസമാണ്. പരിക്കുകൾ കാരണം ജാവലിൻത്രോയിൽ ഊയിബോ ഒന്നുമല്ലായിരുന്നു. 
എന്നാൽ മത്സരങ്ങളുടെ രണ്ടാം ദിനം ലോക റെക്കോർഡ് ജേതാവ് കെവിൻ മയർ അപ്രതീക്ഷിതമായി പുറത്തായി. പോൾവോൾടിൽ എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടതിനെത്തുടർന്നായിരുന്നു ഇത്. ഡിസ്‌കസ് ത്രോയിൽ ഇതേ അനുഭവം ആവർത്തിച്ച മറ്റൊരു മെഡൽ പ്രതീക്ഷ ലിൻഡൻ വിക്ടറും പുറത്തായി. ഊയിബൊ അടിവെച്ചടിവെച്ച് മുന്നേറുകയായിരുന്നു. ആറിൽ നിന്ന് അഞ്ചിലേക്ക്, അഞ്ചിൽ നിന്ന് മൂന്നിലേക്ക്, പിന്നെ ഒന്നാം സ്ഥാനത്തേക്ക്. അവസാന ഇനമായ 1500 മീറ്ററിന് അണിനിരന്നപ്പോൾ നിക്കളാസ് കൗളിനെക്കാൾ 19 പോയന്റ് ലീഡുണ്ടായിരുന്നു ഊയിബോക്ക്. കൗളിനെക്കാൾ മൂന്നു സെക്കന്റ് വേഗം കുറഞ്ഞ് ഫിനിഷ് ചെയ്താലും ഊയിബോക്ക് സ്വർണം ലഭിക്കുമായിരുന്നു. എന്നാൽ കൗൾ പെഴ്‌സണൽ ബെസ്റ്റ് ടൈമിൽ 1500 മിനിറ്റ് ഫിനിഷ് ചെയ്തു. ഊയിബോയെക്കാൾ 15 സെക്കന്റ് വേഗത്തിൽ. ഇരുപത്തൊന്നുകാരനായ കൗൾ ഡെക്കാത്തലൺ ചാമ്പ്യനാവുന്ന പ്രായം കുറഞ്ഞ അത്‌ലറ്റായി.   
കൗളിനൊപ്പം ഓടാനാണ് ശ്രമിച്ചത്. എന്നാൽ അയാൾക്ക് ഏറെ ഊർജം ബാക്കിയുണ്ടായിരുന്നു. ഒടുവിൽ ഒന്നാം സ്ഥാനത്തിനുള്ള ശ്രമം ഉപേക്ഷിക്കാനും രണ്ടാം സ്ഥാനമെങ്കിലും ഉറപ്പാക്കാനുമായി എന്റെ ശ്രമം -ഊയിബൊ പറഞ്ഞു. വെള്ളക്കുപ്പിയുമായി ഓടിയെത്തിയ ഷോണെ മില്ലർ ആദ്യം ഭർത്താവിന് വെള്ളം കൊടുത്തു. പിന്നെ ചുണ്ടിലൊരുമ്മയും. 
ഒരുമിച്ചാണ് ഊയിബോയും ഷോണെ മില്ലറും പരിശീലനം നടത്താറ്. എന്നാൽ പല കാര്യങ്ങളെച്ചൊല്ലിയും വഴക്കിടാറാണ് പതിവെന്ന് ഊയിബൊ പറയുന്നു. വഴക്കിടാൻ അവർക്കൊരു കാരണം കൂടിയായി. ആരുടെ വെള്ളി മെഡലിനാണ് തിളക്കം കൂടുതലെന്ന്?
ഏഴിനങ്ങളുള്ള വനിതകളുടെ ഹെപ്റ്റാത്തലണിൽ ബ്രിട്ടന്റെ കാതറിന ജോൺസൺ തോംസണാണ് ചാമ്പ്യനായത്. ഇതാദ്യമായി ഹെപ്റ്റാത്തലണും ഡെക്കാത്തലണും ലോക ചാമ്പ്യൻഷിപ്പിൽ ഒരേ സമയം നടത്തി. ചൂടിനെ തോൽപിക്കാനായി എല്ലാം രാത്രി സമയത്ത് സംഘടിപ്പിക്കുകയും ചെയ്തു. 
ഓർലാന്റൊ ഓർടേഗയുടെ വെങ്കല മെഡലും അപ്രതീക്ഷിതം തന്നെ. 110 മീറ്റർ ഹർഡിൽസിൽ ബുധനാഴ്ച ഓർടേഗക്ക് സങ്കട രാവായിരുന്നു. ഒന്നാം സ്ഥാനക്കാരനായ ഗ്രാന്റ് ഹോളോവേക്കും രണ്ടാം സ്ഥാനക്കാരനായ റായ് ബെഞ്ചമിനും ഒപ്പമെത്താൻ കുതിക്കുമ്പോൾ ഓർടേഗ മറ്റൊരു അത്‌ലറ്റുമായി കൂട്ടിയിടിച്ച് അവസാന ഹർഡിലിൽ വീഴുകയായിരുന്നു. ഓർടേഗയുടെ അപ്പീൽ ആദ്യം സംഘാടകർ തള്ളി. വേദനയുടെയും നഷ്ടത്തിന്റെയും ദുഃഖത്തിൽ വിശ്രമിക്കുമ്പോഴാണ് ഓർടേഗക്ക് ഫോൺ കോൾ വന്നത്. ഓർടേഗക്ക് കൂടി വെങ്കലം നൽകാൻ സംഘാടകർ തീരുമാനിച്ചു. മെഡൽദാനച്ചടങ്ങിന് അപ്പോൾ അധികം സമയമുണ്ടായിരുന്നില്ല. ഓർടേഗ ടാക്‌സി പിടിച്ച് അതിവേഗം സ്റ്റേഡിയത്തിലേക്ക് കുതിച്ചു. മെഡൽദാനച്ചടങ്ങിന് അൽപം മുമ്പ് വേദിയിലെത്തി. 


 

Latest News