ഇതാദ്യമായി ഹെപ്റ്റാത്തലണും ഡെക്കാത്തലണും ലോക ചാമ്പ്യൻഷിപ്പിൽ ഒരേ സമയം നടത്തിയത് വില്യംസ് കുടുംബത്തിന് ആഹ്ലാദവും ആശങ്കയുമായി.
ലോക അത്ലറ്റിക്സ് ചാമ്പ്യൻഷിപ് വില്യംസ് കുടുംബത്തിന് ഫാമിലി ഗെറ്റ് ടുഗദറായി. കെൻഡൽ വില്യംസ് വനിതകളുടെ ഹെപ്റ്റാത്തലണിൽ മത്സരിക്കുകയായിരുന്നു. സഹോദരൻ ഡെവോൺ വില്യംസ് പുരുഷന്മാരുടെ ഡെക്കാത്തലണിലും. ഏഴിനങ്ങളുള്ള ഹെപ്റ്റാത്തലണിലും പത്തിനങ്ങളുള്ള ഡെക്കാത്തലണിലും വിജയിക്കുന്നവരാണ് ഒരു കായിക മേളയിലെ ഏറ്റവും സമ്പൂർണരായ പുരുഷ, വനിതാ താരങ്ങൾ. സാധാരണ ഡെക്കാത്തലണും ഹെപ്റ്റാത്തലണും ഒരേസമയം നടക്കാറില്ല. എന്നാൽ ഇത്തവണ ലോക ചാമ്പ്യൻഷിപ്പിൽ രണ്ടും ഒരുമിച്ചാണ് അരങ്ങേറിയത്. അതിനാൽ കെൻഡലിന് തന്റെ മത്സരത്തിനിടയിൽ തന്നെ സഹോദരന്റെ സ്കോർ നില അറിയാമായിരുന്നു, ഡെവോണിന് തിരിച്ചും. ഇരുവരുടെയും മത്സരങ്ങൾ വീക്ഷിച്ച് ഗാലറിയിൽ മാതാപിതാക്കളുമുണ്ടായിരുന്നു. കെൻഡലിന് അഞ്ചാം സ്ഥാനത്തെത്താനേ സാധിച്ചുള്ളൂ. പോൾവോൾടിൽ എല്ലാ ശ്രമങ്ങളും പരാജയപ്പെട്ട ഡെവോണിന് ഡെക്കാത്തലൺ പൂർത്തിയാക്കാനായില്ല. അവസാന രണ്ടിനങ്ങൾ ഉപേക്ഷിക്കേണ്ടി വന്നു.
ഒരേസമയം ആഹ്ലാദകരമായ അനുഭവമായിരുന്നു അത്, പിരിമുറുക്കം നിറഞ്ഞതും -കെൻഡൽ പറഞ്ഞു. സാധാരണ ഹെപ്റ്റാത്തലൺ മീറ്റിന്റെ തുടക്കത്തിലും ഡെക്കാത്തലൺ അവസാനവുമായിരുന്നു അരങ്ങേറിയത്. ഒരുമിച്ച് നടന്നത് ആശ്വാസകരമായെന്ന് കെൻഡൽ പറഞ്ഞു. എന്നാൽ സഹോദരൻ പോൾവോൾടിൽ പരാജയപ്പെട്ടതിന്റെ പിരിമുറുക്കം കെൻഡലിനെയും ബാധിച്ചു.
എത്രയോ കാലമായി തങ്ങളുടെ ജീവിതം ട്രാക്കിലാണെന്ന് ഡെവോൺ പറയുന്നു. ഓരോ ആൾക്കും എന്ത് സാധിക്കുമെന്നതിനെക്കുറിച്ച് ഞങ്ങൾക്ക് വ്യക്തമായ ബോധ്യമുണ്ട് -ഡെവോൺ പറഞ്ഞു. ഇരുവരും ജോർജിയ യൂനിവേഴ്സിറ്റി വിദ്യാർഥികളാണ്. അമ്മയാണ് ഇരുവരുടെയും കായിക കരിയറിന് മേൽനോട്ടം വഹിക്കുന്നത്.
റഷ്യൻ അത്ലറ്റുകൾക്ക് ഔദ്യോഗികമായി മത്സരങ്ങളിൽ പങ്കെടുക്കുന്നതിന് വിലക്കുണ്ട്. ഐ.എ.എ.എഫ് ബാനറിലാണ് അവർ മത്സരിക്കുന്നത്. എങ്കിലും മീറ്റിലെ ഏറ്റവും ജനപ്രിയ താരങ്ങളാണ് അവർ. മരിയ ലസിറ്റ്സ്കീനി മൂന്നാം തവണ ഹൈജമ്പിൽ ലോക ചാമ്പ്യനായി. ഒപ്പം മീറ്റിലെ ഹെയർസ്റ്റൈൽ ഗുരു കൂടിയാണ് അവർ. റഷ്യൻ സഹതാരങ്ങൾ മെഡൽദാനച്ചടങ്ങിന് പോവുമ്പോൾ അണിയിച്ചൊരുക്കുന്നത് ലസിറ്റ്സ്കീനിയാണ്. വനിതാ പോൾവോൾടിൽ അപ്രതീക്ഷിതമായി സ്വർണം നേടിയ അൻഷലിക സിദൊറോവ ട്വിറ്ററിലൂടെ ലസിറ്റ്സ്കീനിക്ക് നന്ദി പറഞ്ഞു. വനിതാ താരങ്ങൾക്കു മാത്രമല്ല ലസിറ്റ്സ്കീനിയുടെ സഹായം കിട്ടിയത്. ഡെക്കാത്തലറ്റ് ഇലിയ ഷുഖ്റന്യോവിനെയും ഒരുക്കിയത് ലസിറ്റ്സ്കീനി തന്നെ. കഴിഞ്ഞ ദിവസം ലസിറ്റ്സ്കീനി മോസ്കോയിലേക്ക് മടങ്ങിയത് റഷ്യൻ ക്യാമ്പിൽ നിരാശ പരത്തി.
റഷ്യയിൽ പരമ്പരാഗതമായി സ്ത്രീകൾ കല്യാണത്തിന് മുമ്പ് ഒറ്റയായാണ് മുടി മെടഞ്ഞിരുന്നത്. കല്യാണ സമയത്ത് രണ്ടായി മെടയും. ലസിറ്റ്സ്കീനിയുടെ സ്റ്റൈൽ രണ്ടായി മെടയുന്നതാണ്.






