കായിക മേളയ്ക്കിടെ ഹാമര്‍ തലയില്‍ പതിച്ച വിദ്യാര്‍ത്ഥിയുടെ നില അതീവ ഗുരുതരം; സംഘാടകര്‍ക്കെതിരെ കേസ്

പാലാ- സംസ്ഥാന ജൂനിയര്‍ അത്‌ലറ്റിക് മീറ്റിനിടെ മത്സരാര്‍ത്ഥി എറിഞ്ഞ മൂന്ന് കിലോ ഭാരമുള്ള ഹാമര്‍ തലയില്‍ പതിച്ച് പരിക്കേറ്റ അബേല്‍ ജോണ്‍സണ്‍ എന്ന വിദ്യാര്‍ത്ഥിയുടെ നില അതീവ ഗുരുതരമായി തുടരുന്നു. പാലാ നഗരസഭാ സ്റ്റേഡിയത്തില്‍ വെള്ളിയാഴ്ച ഉച്ചയ്ക്കായിരുന്നു അപകടം. സംഭവത്തെ തുടര്‍ന്ന് കായിക മേള മാറ്റിവച്ചു.

കോട്ടയം മെഡിക്കല്‍ കോളെജില്‍ അടിയന്തര ശസ്ത്രക്രിയ നടത്തിയെങ്കിലും തലയോട്ടി പൊട്ടിപ്പൊളിഞ്ഞ് തലച്ചോര്‍ അമര്‍ന്ന നിലയിലായതിനാല്‍ ആരോഗ്യ നില ഗുരുതരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. അഫീലിന്റെ ചികിത്സാ ചെലവും സൗകര്യവും സര്‍ക്കാര്‍ വഹിക്കുമെന്ന് കായിക മന്ത്രി ഇ.പി ജയരാജന്‍ അറിയിച്ചു. സംഭവത്തില്‍ സംഘാടകര്‍ക്കെതിരെ പോലീസ് കേസെടുത്തു. വിദ്യാഭ്യാസ മന്ത്രി രവീന്ദ്രനാഥ് ജില്ലാ കലക്ടറോട് ഉടന്‍ റിപോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. പാലാ സെയ്ന്റ് തോമസ് സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയാണ് അബേല്‍(16).

സംഘാടനത്തിലെ പിഴവാണ് അപകടത്തിനു കാരണമായതെന്ന ആക്ഷേപം ശക്തമാണ്. ഒരേ സമയം അടുത്തടുത്തായി രണ്ട് ത്രോ ഇനങ്ങള്‍ സംഘടിപ്പിച്ചതാണ് കാരണം. വനിതാ ഹാമര്‍ ത്രോ മത്സരവും അണ്ടര്‍ 18 ആണ്‍കുട്ടികളുടെ ജാവലിന്‍ ത്രോ മത്സരവും ഒരേ സമയത്താണ് നടത്തിയത്. മാത്രവുമല്ല രണ്ടു മത്സരങ്ങളിലേയും മത്സരാര്‍ത്ഥികള്‍ എറിയുന്ന ഹാമറും ജാവലിനും ചെന്നു പതിക്കുന്ന ഇടം (ഫീല്‍ഡ്) ഒന്നു തന്നെയായിരുന്നു. പൂജാ അവധി വരുന്നതിനാല്‍ മത്സര ഇനങ്ങള്‍ വേഗത്തില്‍ തീര്‍ക്കാനായിരുന്നു ഇതെന്നും ആരോപണമുണ്ട്.

ഒരു ഹാമര്‍ ത്രോ കഴിഞ്ഞാല്‍ അടുത്തത് ഒരു ജാവലിന്‍ ത്രോ എന്ന രീതിയില്‍ മത്സരം പുരോഗമിക്കുകയായിരുന്നു. എറിഞ്ഞിടുന്ന ഹാമറും ജാവലിനും എടുത്തു കൊടുക്കേണ്ട വളണ്ടിയര്‍മാരായ കുട്ടികള്‍ ഫീല്‍ഡില്‍ ഉണ്ടായിരുന്നു. ജാവലിന്‍ മത്സരത്തിന്റെ വളണ്ടറിയായിരുന്നു അഫീല്‍. എറിഞ്ഞിടുന്ന ജാവലിനില്‍ ശ്രദ്ധിക്കുന്നതിനിടെയാണ് ഹാമര്‍ അഫീലിന്റെ തലയില്‍ വന്നു പതിച്ചത്. ഹാമര്‍ വരുന്നത് കണ്ട് അടുത്തുള്ളവര്‍ അലറിയപ്പോള്‍ അബേല്‍ കുനിഞ്ഞു നിന്നെങ്കിലും ഇതിനിടെ മൂന്നു കിലോ ഭാരമുള്ള ലോഹ ഗോളം അഫീലിന്റെ തലയുടെ ഇടതുഭാഗത്ത് പതിക്കുകയായിരുന്നു. രക്തത്തില്‍കുളിച്ച് ബോധരഹിതനായി വീണ അഫീലിനെ ഉടന്‍ ആശുപത്രിയിലെത്തിക്കുകയായിരുന്നു.

Latest News