ജിദ്ദ- ഭീകര പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട കേസിൽ അറസ്റ്റിലായി തടവറയിൽ കഴിയുന്ന സൗദി യുവാവിന് ദഹ്ബാൻ ജയിലിൽ വിവാഹം. വരന്റെയും വധുവിന്റെയും ബന്ധുക്കളും തടവുകാരും ജയിൽ ഉദ്യോഗസ്ഥരും വിവാഹാഘോഷത്തിൽ പങ്കെടുത്തു. വിവാഹം നടത്താൻ തടവുകാരൻ ദേശീയ സുരക്ഷാ വകുപ്പിന് അപേക്ഷ നൽകുകയായിരുന്നു. തുടർന്ന് ജയിലിനകത്തു വെച്ച് വിവാഹം നടത്താൻ ദേശീയ സുരക്ഷാ വകുപ്പ് അനുമതി നൽകി.
വിവാഹ സമ്മാനമായി ദേശീയ സുരക്ഷാ വകുപ്പ് മേധാവി ഒരു തുക തടവുകാരന് കൈമാറി. ഇതിനു പുറമെ മറ്റു സമ്മാനങ്ങളും നവദമ്പതികൾക്ക് ദേശീയ സുരക്ഷാ വകുപ്പ് കൈമാറി. ദീർഘകാലമായുള്ള തങ്ങളുടെ ആഗ്രഹവും സ്വപ്‌നവുമാണ് സാക്ഷാൽക്കരിക്കപ്പെട്ടതെന്ന് വരന്റെ പിതൃസഹോദരൻ ഡോ.അലി അൽഗാംദി പറഞ്ഞു. വിവാഹം നടത്താനായതിൽ കുടുംബം മുഴുവൻ വലിയ ആഹ്ലാദത്തിലാണ്.
ജയിലിനകത്തു വെച്ച് വിവാഹം നടത്തുന്നതിന് ആവശ്യമായ സൗകര്യങ്ങളും ക്രമീകരണങ്ങളും ഏർപ്പെടുത്തിയ എല്ലാവർക്കും ഡോ.അലി അൽഗാംദി നന്ദി പറഞ്ഞു. സൗദി ജയിലുകളിൽ കഴിയുന്ന സ്വദേശികൾക്ക് മാസത്തിൽ നിശ്ചിത ദിവസം ഭാര്യമാർക്കൊപ്പം ജയിൽ കോംപൗണ്ടിൽ കഴിയുന്നതിനും ജയിൽ വകുപ്പ് സൗകര്യമൊരുക്കുന്നുണ്ട്. ഇതിന് എല്ലാവിധ സൗകര്യങ്ങളോടെയുമുള്ള താമസ സ്ഥലങ്ങൾ ജയിൽ കോംപൗണ്ടുകളിൽ നിർമിച്ചിട്ടുണ്ട്.






