ഇറാഖില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭത്തില്‍ മരണം 44

ബഗ്ദാദ്- ഇറാഖില്‍ 44 പേരുടെ ജീവനെടുത്ത സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം തുടരുന്നു. ശാന്തമാകാനും സംയമനം പാലിക്കാനും പ്രധാനമന്ത്രി ആദില്‍ അബ്ദുല്‍ മഹ്ദി ജനങ്ങളോട് ആവശ്യപ്പെട്ടു.

മൂന്ന് ദിവസം മുമ്പാണ്  രാജ്യത്ത് സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം ശക്തമായത്. തലസ്ഥാനമായ ബഗ്ദാദിലും മറ്റു നഗരങ്ങളിലും പ്രതിഷേധക്കാര്‍ കര്‍ഫ്യൂ ലംഘിച്ച് തെരുവിലിറങ്ങി. ബഗ്ദാദില്‍ പോലീസ് ജനക്കൂട്ടത്തിനുനേരെ നിറയൊഴിച്ചു.


നിരവധി സര്‍ക്കാര്‍ ഓഫീസുകളും എംബസികളും സ്ഥിതിചെയ്യുന്ന തലസ്ഥാനത്തെ അതീവ സുരക്ഷയുള്ള ഗ്രീന്‍ സോണില്‍ സ്‌ഫോടന ശബ്ദങ്ങള്‍ കേട്ടു. സഖ്യസേനക്കും സ്വത്തുക്കള്‍ക്കും നാശനഷ്ടമുണ്ടായിട്ടില്ലെന്ന് സ്ഥിരീകരിച്ച അമേരിക്കയുടെ നേതൃത്വത്തിലുള്ള സഖ്യസേന ആക്രമണങ്ങളെ കുറിച്ച് അന്വേഷിക്കുകയാണെന്ന് അറിയിച്ചു.


വര്‍ധിച്ചുവരുന്ന തൊഴിലില്ലായ്മയ്ക്കും അഴിമതിക്കുമെതിരെയാണ് ജനങ്ങള്‍ തെരുവിലിറങ്ങിയത്. പ്രതിഷേധക്കാരുടെ ആശങ്കകള്‍ പരിശോധിക്കുമെന്ന് പറഞ്ഞ  പ്രധാനമന്ത്രി,  രാജ്യത്തിന്റെ പ്രശ്‌നങ്ങള്‍ക്ക് മാന്ത്രിക പരിഹാരമില്ലെന്നും വ്യക്തമാക്കിയിരുന്നു.  


ഒരു വര്‍ഷം മുമ്പ് മഹ്ദി പ്രധാനമന്ത്രിയായതിനുശേഷം രാജ്യം അഭിമുഖീകരിക്കുന്ന  ഏറ്റവും വലിയ പ്രതിഷേധമാണിത്. പാവപ്പെട്ട കുടുംബങ്ങള്‍ക്ക് അടിസ്ഥാന വരുമാനം നല്‍കുന്ന നിയമം പാസാക്കുമെന്ന് പറഞ്ഞ പ്രധാനമന്ത്രി ജനപ്രതിനിധികളുടെ പിന്തുണ അഭ്യര്‍ഥിച്ചു. നിങ്ങള്‍ പ്രതിഷേധം തുടങ്ങുന്നതിനുമുമ്പ് തന്നെ നിങ്ങളുടെ ശബ്ദം ഞാന്‍ കേട്ടിരിക്കുന്നു. മാറ്റം വരുത്താന്‍ സമയമെടുക്കും- പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.


പ്രതിഷേധം നിയന്ത്രണവിധേയമാക്കാനുള്ള ശ്രമങ്ങള്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന്  ബുധനാഴ്ച വൈകിട്ട് അധികൃതര്‍ രാജ്യത്തിന്റെ മിക്ക ഭാഗങ്ങളിലും ഇന്റര്‍നെറ്റ് സൗകര്യം വെട്ടിക്കുറച്ചതായി റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

 

Latest News