കണ്ണൂര്‍- റിട്ട ബാങ്ക് ഉദ്യോഗസ്ഥന്റെ മാതാവിനെ കെട്ടിയിട്ട് സ്വര്‍ണവും പണവും കവര്‍ന്ന കേസില്‍ മുഖ്യ പ്രതിയായ യുവതി പിടിയില്‍.
പള്ളിക്കുന്ന് മുകാംബിക റോഡില്‍ വിന്‍ ഷെയറില്‍ റിട്ടയേര്‍ഡ് ബാങ്ക് ഉദ്യോഗസ്ഥയായ ഷെറിന്റെ വീട്ടില്‍ നിന്നും 30 പവനും 30,000 രൂപയും കവര്‍ന്ന കേസില്‍ തമിഴ്‌നാട് ഗോപി ചെട്ടി പാളയത്തെ ഭാരതി സ്ട്രീറ്റില്‍ കോകില (36) യാണ് പിടിയിലായത്. കൂട്ടുപ്രതി കെവിന്‍ കുമാര്‍ കഴിഞ്ഞ മാസം പിടിയിലായിരുന്നു.
തമിഴ്‌നാട്- കര്‍ണാടക അതിര്‍ത്തിയില്‍ സത്യമംഗലം കാടിനുത്തുള്ള തിരുട്ടു ഗ്രാമത്തില്‍ ഒളിവില്‍ കഴിഞ്ഞ പ്രതിയെ കണ്ണൂര്‍ എഎസ്.പി ശില്‍പയുടെ നേത്യത്വത്തിലുള്ള അന്വേഷണ സംഘമാണ് പിടികൂടിയത്.
ഒരാഴ്ചയായി തമിഴ്‌നാട്ടിലെ ഈറോഡ് കോവില്‍ ചെട്ടിപ്പാളയം സത്യമംഗലം പോലീസ് റ്റേഷന്‍ പരിധിയില്‍ നടത്തിയ തെരച്ചിലിലാണ് പ്രതിയുടെ ഒളിത്താവളം കണ്ടെത്തിയത്.
റിയല്‍ എസ്‌റ്റേറ്റ് ഏജന്റായി വീട് വാങ്ങാനെന്ന വ്യാജേന പ്രതിയെ സമീപിച്ചെങ്കിലും പ്രതി ഇടനിലക്കാര്‍ മുഖേന മാത്രമെ വില്‍പന നടത്തുകയുള്ളു എന്നറിയിച്ചതിനാല്‍ ശ്രമം പരാജയപ്പെടുകയായിരുന്നു.
തുടര്‍ന്ന് മൂന്ന് ഗ്രാമത്തിലെ സംശയമുള്ള നൂറോളം വീടുകളില്‍ തമിഴ്‌നാട് ക്യു ബ്രാഞ്ച് പോലീസുകാരുടെ സഹായത്തോടെ ബൂത്ത് ലെവല്‍ ഓഫിസറായി ചമഞ്ഞ് കണ്ണൂര്‍ പോലീസ് കണക്കെടുക്കുകയായിരുന്നു. ഈ കേസില്‍ നേരത്തെ അറസ്റ്റിലായ കെവിന്‍ 13 കാരിയെ തട്ടികൊണ്ടു പോയതടക്കം ഒട്ടേറെ കേസുകളില്‍ പ്രതിയാണ്.