Sorry, you need to enable JavaScript to visit this website.

ഹസ്സ ഭൂമി തൊട്ടു, ചരിത്രദൗത്യം പൂര്‍ത്തിയായി

ദുബായ്- ആകാശ മേലാപ്പില്‍ എട്ട് ദിവസം, ഇതിനിടെ 128 തവണ ഭൂമിയെ വലംവെക്കല്‍. പരീക്ഷണ നിരീക്ഷണങ്ങള്‍.... ചരിത്രദൗത്യം പൂര്‍ത്തിയാക്കി യു.എഇ.യുട പ്രഥമ ബഹിരാകാശ യാത്രികന്‍ ഹസ്സ അന്‍ മന്‍സൂറി ഇന്നു തിരികെയെത്തി.
കസഖിസ്ഥാനിലെ ചെസ്ഗാസ്‌ഗേനില്‍ യു.എ.ഇ സമയം മൂന്നു മണിക്ക് സോയൂസ് പേടകം ലാന്‍ഡ് ചെയ്തു. ഹസ്സ ബഹിരാകാശത്തേക്ക് പോയ ബൈകന്നൂരില്‍നിന്ന് 700 കി.മീ അകലെയാണിത്. ഇവിടെനിന്ന് ഹസ്സയും കൂട്ടുകാരും ഹെലികോപ്റ്ററില്‍ രണ്ട് മണിക്കൂര്‍ പറന്ന് കാരഗണ്ട വിമാനത്താവളത്തിലേക്ക്. അവിടെനിന്ന് മോസ്‌കോയിലേക്ക്.
മോസ്‌കോയിലേക്ക് പോകുന്നതിന് മുമ്പായി ഹസ്സയും മറ്റ് രണ്ട് ബഹിരാകാശ സഞ്ചാരികളും വാര്‍ത്താ സമ്മേളനം നടത്തുമെന്ന് പ്രതീക്ഷിക്കുന്നു. ഹസ്സയോടൊപ്പം അബുദാബി മുഹമ്മദ് ബിന്‍ റാഷിദ് സ്‌പേസ് സെന്ററിലെ ശാസ്ത്രജ്ഞരും സാങ്കേതിക വിദഗ്ധരും മോസ്‌കോയിലേക്ക് പറക്കും. ഇവരെല്ലാം കാരഗണ്ടയില്‍ എത്തിയിട്ടുണ്ട്.

https://www.malayalamnewsdaily.com/sites/default/files/2019/10/03/2.jpg
യു.എ.ഇയുടെ ദേശീയ പതാക പുതച്ചാണ് ഹസ്സ പേടകത്തില്‍നിന്ന് പുറത്തെത്തിയത്. പുറത്തിറങ്ങിയ ഉടന്‍ മൂവരേയും സമീപത്തുള്ള മെഡിക്കല്‍ ടെന്റിലേക്ക് കൊണ്ടുപോയി വൈദ്യപരിശോധന നടത്തി. യു.എ.ഇ ബഹിരാകാശ പദ്ധതിയുടെ തലവന്‍ സലിം അല്‍മര്‍റിയാണ് ഹസ്സയെ സ്വീകരിച്ചത്.
റഷ്യന്‍ കമാന്‍ഡര്‍ അലക്‌സി ഒവ്ചിനിന്‍, അമേരിക്കയുടെ നിക് ഹേഗ് എന്നിവര്‍ക്കൊപ്പമാണ് ഹസ്സയുടെ മടക്കം. ഭൂമിയിലെത്തിയ ഉടന്‍ പേടകത്തിനു പുറത്ത് സജ്ജമാക്കിയ പ്രത്യേക കസേരയില്‍ യാത്രികര്‍ 30 മിനിറ്റ് ചെലവഴിച്ചു.
വൈദ്യപരിശോധനക്കു വിധേയരായശേഷം ബഹിരാകാശ വേഷം മാറ്റി.
ഇന്നലെ ബഹിരാകാശ നിലയത്തില്‍നിന്നു പകര്‍ത്തിയ യു.എ.ഇയുടെ രാത്രി ദൃശ്യം ഹസ്സ പുറത്തുവിട്ടിരുന്നു. സമൂഹ മാധ്യമങ്ങളില്‍ ഇതു തരംഗമായി. ബഹിരാകാശ നിലയത്തില്‍ സാന്നിധ്യമറിയിച്ച പത്തൊമ്പതാമത്തെ രാജ്യമായി മാറിയ യു.എ.ഇ ചരിത്രനേട്ടമാണ് കൈവരിച്ചത്.

 

Latest News