ശ്രീനഗര്‍- ജമ്മു കശ്മീരില്‍ ആശയവിനിമയത്തിന് ഏര്‍പ്പെടുത്തിയ നിരോധം നീക്കണമെന്ന് ആവശ്യപ്പെട്ട് നൂറിലധികം മാധ്യമപ്രവര്‍ത്തകര്‍ ശ്രീനഗറില്‍ നിശബ്ദ പ്രതിഷേധം നടത്തി.
ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനു പിന്നാലെ ഓഗസ്റ്റ് അഞ്ചിന് ഏര്‍പ്പെടുത്തിയ ആശയവിനിമയ നിയന്ത്രണം മൂന്നാം മാസത്തിലേക്ക് കടക്കുകയാണെന്നും ഇത് കശ്മീരിലെ ജേണിലസ്റ്റുകളുടെ പ്രവര്‍ത്തനത്തെ സാരമായി ബാധിച്ചുവെന്നും അവര്‍ പറഞ്ഞു.
പ്രാദേശിക പത്രങ്ങള്‍ക്ക് പോലും ശരിയായി പ്രസിദ്ധീകരിക്കാന്‍ കഴിയുന്നില്ല.
ഇന്റര്‍നെറ്റ് പതിപ്പുകളും നിലച്ചുവെന്ന് കശ്മീര്‍ പ്രസ് ക്ലബ് പ്രസിഡന്റ് ശുജാഉല്‍ ഹഖ് പറഞ്ഞു.
ശ്രീനഗറിലെ കശ്മീര്‍ പ്രസ് ക്ലബില്‍നിന്ന് ആരംഭിച്ച നിശബ്ദ പ്രതിഷേധത്തില്‍ അന്താരാഷ്ട്ര, ദേശീയ, പ്രാദേശിക മാധ്യമങ്ങളില്‍ പ്രവര്‍ത്തിക്കുന്ന മാധ്യമപ്രവര്‍ത്തകര്‍ പങ്കെടുത്തു.
ആശയവിനിമയ ഉപരോധം നീക്കുന്നതിന് സര്‍ക്കാരിനോട് ആവശ്യപ്പെടാന്‍ എല്ലാ മാധ്യമ അസോസിയേഷനുകളും ഒത്തുചേര്‍ന്നിരിക്കയാണെന്നും തങ്ങളുടെ പ്രൊഫഷണല്‍ ചുമതലകള്‍ നിര്‍വഹിക്കാന്‍ മറ്റു മാര്‍ഗമില്ലെന്നും പ്രസ് ക്ലബ് പ്രസിഡന്റ് പറഞ്ഞു.
പ്ലക്കാര്‍ഡുകളേന്തി പ്രതിഷേധിച്ച മാധ്യമപ്രവര്‍ത്തകര്‍ പിന്നീട് പോളോ വ്യൂവില്‍ നിന്ന് നഗരത്തിലെ റെസിഡന്‍സി റോഡ് വഴി പ്രസ് കോളനിയിലേക്ക് സമാധാനപരമായ മാര്‍ച്ച് നടത്തി. മാധ്യമപ്രവര്‍ത്തകര്‍ പിന്നീട് സമാധാനപരമായി പിരിഞ്ഞു പോയി.
ജമ്മു കശ്മീര്‍ സര്‍ക്കാര്‍ ശ്രീനഗറിലെ ഒരു സ്വകാര്യ ഹോട്ടലില്‍ മീഡിയ ഫെസിലിറ്റേഷന്‍ സെന്റര്‍ സ്ഥാപിച്ചുവെങ്കിലും അവിടെ പത്ത് കമ്പ്യൂട്ടറുകള്‍ മാത്രമാണുള്ളതെന്നും 400 ഓളം മാധ്യമപ്രവര്‍ത്തകര്‍ക്ക് ഈ സൗകര്യം അപര്യാപ്തമാണെന്നും ജേണലിസ്റ്റുകള്‍ ചൂണ്ടിക്കാണിക്കുന്നു.
അതേസമയം, താഴ്‌വരയിലെ പത്രങ്ങള്‍ക്കും ടിവി ചാനലുകള്‍ക്കും റേഡിയോകള്‍ക്കും യാതൊരു നിയന്ത്രണവുമില്ലെന്ന് ജമ്മു കശ്മീര്‍ ഭരണകൂടം സുപ്രീം കോടതിയെ അറിയിച്ചു.
സംസ്ഥാനത്ത് പ്രധാന പത്രങ്ങള്‍ പ്രസിദ്ധീകരിക്കുന്നുണ്ടെന്നും ജമ്മു കശ്മീര്‍, ലഡാക്ക് ഡിവിഷനുകളില്‍ വിവിധ ദേശീയ വാര്‍ത്താ ദിനപത്രങ്ങള്‍ വിതരണം ചെയ്യുന്നുണ്ടെന്നും ജമ്മു കശ്മീര്‍ ഭരണകൂടം സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു.
ഡിഷ് ടിവി, ദൂരദര്‍ശന്‍, പ്രാദേശിക ചാനലുകള്‍, റേഡിയോ കശ്മീര്‍, എഫ്എം എന്നിവയും സാധാരണനിലയില്‍ സംപ്രേഷണം ചെയ്യുന്നുണ്ടെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.
നിരവധി മാധ്യമ പ്രവര്‍ത്തകര്‍ താഴ്‌വര സന്ദര്‍ശിച്ച് റിപ്പോര്‍ട്ടുകള്‍ തയാറാക്കിയിട്ടുണ്ടെന്നും സര്‍ക്കാര്‍ അവകാശപ്പെടുന്നു.