തിരുവനന്തപുരം- കണ്ണൂര്‍ വിമാനത്താവളത്തിന്റെ ഷെയറുകള്‍ക്കായി മുന്‍ ആഭ്യന്തരമന്ത്രിയും സി.പി.എം സംസ്ഥാന സെക്രട്ടറിയുമായ കോടിയേരി ബാലകൃഷ്ണന് മുംബൈ വ്യവസായിയായ ദിനേശ് മേനോന്‍ പണം നല്‍കിയെന്നു മാണി സി.കാപ്പന്‍ സി.ബി.ഐയ്ക്ക് മൊഴി നല്‍കിയെന്ന് ആരോപിച്ചു ഷിബു ബേബി ജോണ്‍. തന്റെ ഫേസ്ബുക്ക് പേജിലാണ് മൊഴിയുടെ പകര്‍പ്പ് അടക്കം ആരോപണം ഷിബു ബേബി ജോണ്‍ പുറത്തുവിട്ടിരിക്കുന്നത്.
മാണി സി.കാപ്പന്‍ 3.5 കോടി രൂപ തട്ടിയെടുത്തുവെന്ന മുംബൈ മലയാളി വ്യവസായി ദിനേശ് മേനോന്‍ സി.ബി.ഐയ്ക്ക് പരാതി നല്‍കിയിരുന്നു. ഈ പരാതിയില്‍ സി.ബി.ഐയ്ക്ക് നല്‍കിയ മൊഴിയിലാണ് മാണി സി.കാപ്പന്‍ കൈക്കൂലികാര്യം പുറത്തുവിട്ടിരിക്കുന്നത്. ഈ മൊഴിയുടെ പകര്‍പ്പാണ് ഷിബു ബേബി ജോണ്‍ തന്റെ ഫേസ്ബുക്ക് പേജില്‍ പങ്കുവച്ചിരിക്കുന്നത്.
'കണ്ണൂര്‍ എയര്‍പോര്‍ട്ട് ഷെയറുകള്‍ വിതരണം ചെയ്യാന്‍ പോകുമ്പോള്‍ ദിനേശ് മേനോന്‍ അന്നത്തെ ആഭ്യന്തരമന്ത്രിയായിരുന്ന കോടിയേരി ബാലാകൃഷ്ണനെയും മകന്‍ ബിനീഷിനെയും പരിചയപ്പെടണം, ഞാന്‍ അവരെ ദിനേശ് മേനോന് പരിചയപ്പെടുത്തി. പണം കൊടുക്കല്‍ നടത്തിയതിന് ശേഷം ദിനേശ് മേനോന്‍ എന്നോട് പറഞ്ഞപ്പോഴാണ് ചില പേയ്‌മെന്റുകള്‍ ദിനേശ് മനോന്‍ നടത്തിയെന്ന് ഞാന്‍ മനസ്സിലയാക്കിയത്'
ഈ വിഷയത്തില്‍ ഉള്‍പ്പെട്ടവരോട് സംസാരിക്കാമെന്ന് പറഞ്ഞുവെന്നും മാണി സി.കാപ്പന്‍ സി.ബി.ഐയ്ക്ക് നല്‍കിയ മറുപടിയതില്‍ പറഞ്ഞിരിക്കുന്നു!
മാണി സി.കാപ്പന്‍ താന്‍ സി.ബി.ഐയ്ക്ക് നല്‍കിയ മൊഴിയില്‍ ഉറച്ചുനില്‍ക്കുന്നുണ്ടോയെന്ന് വ്യക്തമാക്കണമെന്നും ഷിബു ബേബി ജോണ്‍ പറയുന്നു. രണ്ടാഴ്ച മുന്‍പ് ചില മാധ്യമപ്രവര്‍ത്തകര്‍ക്ക് ലഭിച്ച രേഖകള്‍ താന്‍ പുറത്തുവിടുക മാത്രമാണ് ചെയ്തതെന്നും അതിന്റെ സത്യാവസ്ഥ വ്യക്തമാക്കേണ്ടത് മാണി സി.കാപ്പനാണെന്നും ഷിബു ബേബി ജോണ്‍ പ്രതികരിച്ചു.
അതേസമയം, പുറത്തുവന്നിരിക്കുന്ന രേഖകള്‍ വ്യാജമാണെന്നും ഇക്കാര്യത്തില്‍ താന്‍ സി.ബി.ഐ ഡയറക്ടര്‍ക്ക് പരാതി നല്‍കുമെന്നും ദിനേശ് മേനോനെതിരെ മാനനഷ്ടക്കേസ് നല്‍കുമെന്നും മാണി സി.കാപ്പന്‍ പ്രതികരിച്ചു. ഒരു സി.ബി.ഐ ഉദ്യോഗസ്ഥന്‍ തന്നെ ഭീഷണിപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹത്തിന് എതിരെ താന്‍ നല്‍കിയ പരാതിയില്‍ നടപടിയെത്തിട്ടുണ്ടെന്നും മാണി സി.കാപ്പന്‍ പറഞ്ഞു.
ഈ രേഖകള്‍ താന്‍ സി.ബി.ഐ ഓഫീസില്‍ നിന്നെടുത്ത് മാധ്യമങ്ങള്‍ക്ക് നല്‍കിയതാണെന്ന് ദിനേശ് മേനോന്‍ പറഞ്ഞു. അതാണ് ഷിബു ബേബി ജോണ്‍ പുറത്തുവിട്ടത്. മൊഴിയുടെ വിശ്വാസ്യത കാപ്പനോട് തന്നെ ചോദിക്കണം. തന്നോട് 2010ല്‍ 3.5 കോടി രൂപ വാങ്ങിയത് മാണി സി.കാപ്പനാണ്. അത് തിരിച്ചുനല്‍കാന്‍ കഴിയാതെ വന്നപ്പോള്‍ 2012ല്‍ 25 ലക്ഷം രൂപ വാങ്ങി. ബാക്കി പണത്തിന് ചെക്ക് നല്‍കി. ചെക്ക് മടങ്ങിയതോടെ കുമരകത്ത് വസ്തു നല്‍കാമെന്ന് പറഞ്ഞു. വസ്തു എനിക്ക് നല്‍കുന്നതിന് മുന്‍പ് അത് കോട്ടയത്ത് കാര്‍ഷിക ഗ്രാമീണ ബാങ്കില്‍ വച്ച് അദ്ദേഹം 75 ലക്ഷം രൂപ വായ്പ എടുത്തിരുന്നു. അങ്ങനെ തന്നെ പല തരത്തില്‍ കാപ്പന്‍ വഞ്ചിച്ചു. കാപ്പനെതിരെ ഉഴവൂര്‍ വിജയനും പീതാംബര മാസ്റ്റര്‍ക്കും പരാതി നല്‍കിയിരുന്നു.
സി.ബി.ഐയ്ക്ക് താനാണ് പരാതി നല്‍കിയത്. മാണി സി. കാപ്പനാണ് തന്നെ കോടിയേരിക്ക് പരിചയപ്പെടുത്തിയത്. അദ്ദേഹം തന്നെ കോടിയേരിയുടെ വീട്ടില്‍ കൊണ്ടുപോയി. അവിടെവച്ച് ചായ കുടിച്ചു പിരിഞ്ഞതല്ലാതെ പിന്നീട് ബന്ധമുണ്ടായിട്ടില്ലെന്നും ദിനേശ് മേനോന്‍ പറഞ്ഞു.