Sorry, you need to enable JavaScript to visit this website.

തുര്‍ക്കി സന്ദര്‍ശിക്കുന്ന സൗദി, യു.എ.ഇ ടൂറിസ്റ്റുകള്‍ കുറഞ്ഞു

റിയാദ് - തുർക്കിയിൽ സൗദി വിനോദ സഞ്ചാരികളുടെ എണ്ണം വലിയ തോതിൽ കുറയുന്നതായി തുർക്കി സാംസ്‌കാരിക, ടൂറിസം മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. കഴിഞ്ഞ ഓഗസ്റ്റിൽ തുർക്കിയിലെ സൗദി ടൂറിസ്റ്റുകളുടെ എണ്ണം 28.49 ശതമാനം തോതിലും യു.എ.ഇ വിനോദ സഞ്ചാരികളുടെ എണ്ണം 15.99 ശതമാനം തോതിലും കുറഞ്ഞു.

ഇതേസമയം, ഈജിപ്ഷ്യൻ ടൂറിസ്റ്റുകളുടെ എണ്ണം 23.6 ശതമാനം തോതിലും ഇസ്രായിലികളുടെ എണ്ണം 27.38 ശതമാനം തോതിലും ഇറാനികളുടെ എണ്ണം 45.05 ശതമാനം തോതിലും വർധിച്ചു. ഈ വർഷം ആദ്യത്തെ എട്ടു മാസത്തിനിടെ തുർക്കിയിലെത്തിയ സൗദി ടൂറിസ്റ്റുകളുടെ എണ്ണം 19.71 ശതമാനം തോതിൽ കുറഞ്ഞു. യു.എ.ഇ വിനോദ സഞ്ചാരികളുടെ എണ്ണത്തിൽ 12.54 ശതമാനവും ഇറാനികളുടെ എണ്ണത്തിൽ 8.64 ശതമാനം തോതിലും കുറവ് രേഖപ്പെടുത്തി. ഇക്കാലയളവിൽ ഈജിപ്ഷ്യൻ ടൂറിസ്റ്റുകളുടെ എണ്ണം 24.59 ശതമാനം തോതിലും ഖത്തരികളുടെ എണ്ണം 12.16 ശതമാനം തോതിലും ഇസ്രായിലികളുടെ എണ്ണം 26.24 ശതമാനം തോതിലും വർധിച്ചു. 


തുർക്കി സന്ദർശിക്കുന്ന ടൂറിസ്റ്റുകളുടെ എണ്ണത്തിൽ ഏറ്റവും വലിയ കുറവ് രേഖപ്പെടുത്തിയത് സൗദി വിനോദ സഞ്ചാരികളുടെ എണ്ണത്തിലാണ്. രണ്ടാം സ്ഥാനത്ത് യു.എ.ഇക്കാരാണ്. ഈ വർഷം ഓഗസ്റ്റിൽ 1,00,120 സൗദികളാണ് തുർക്കി സന്ദർശിച്ചത്. 2018 ഓഗസ്റ്റിൽ 1,40,010 സൗദികളും 2017 ഓഗസ്റ്റിൽ 1,50,531 സൗദികളും തുർക്കി സന്ദർശിച്ചിരുന്നു. ഈ വർഷം ഓഗസ്റ്റിൽ 6,419 യു.എ.ഇ പൗരന്മാരും 2018 ഓഗസ്റ്റിൽ 7,641 യു.എ.ഇ ടൂറിസ്റ്റുകളും 2017 ഓഗസ്റ്റിൽ 7,213 യു.എ.ഇ വിനോദ സഞ്ചാരികളും തുർക്കി സന്ദർശിച്ചു. 2017 ഓഗസ്റ്റിൽ 68,109 ഇസ്രായിലികളും 2018 ഓഗസ്റ്റിൽ 72,976 ഇസ്രായിലികളും 2019 ഓഗസ്റ്റിൽ 92,960 ഇസ്രായിലികളും തുർക്കി സന്ദർശിച്ചു. 2017 ഓഗസ്റ്റിൽ 2,98,914 ഇറാനികളും 2018 ഓഗസ്റ്റിൽ 1,90,607 ഇറാനികളും 2019 ഓഗസ്റ്റിൽ 2,76,474 ഇറാനികളും തുർക്കി സന്ദർശിച്ചതായും ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു.
 

Latest News