Sorry, you need to enable JavaScript to visit this website.

അനുഭവങ്ങളുടെ ആകാശത്തുനിന്ന് മടക്കയാത്രക്കൊരുങ്ങി ഹസ്സ

ദുബായ്- എട്ട് ദിവസത്തെ ബഹിരാകാശ അനുഭവങ്ങളുമായി ഹസ്സ അല്‍മന്‍സൂരി രാജ്യാന്തര സ്‌പേസ് സ്റ്റേഷനില്‍നിന്ന് ഭൂമിയിലേക്കുള്ള മടക്കയാത്രക്ക് തയാറെടുപ്പ് തുടങ്ങി. വ്യാഴാഴ്ച യു.എ.ഇ സമയം ഉച്ചക്ക് മൂന്നിന് അദ്ദേഹം മടങ്ങിയെത്തും.
റഷ്യന്‍ കമാണ്ടര്‍ അലക്‌സി ഒവ്ചിനിന്‍, അമേരിക്കന്‍ സഞ്ചാരി നിക് ഹേഗ് എന്നിവരുമൊത്ത് സോയൂസ് എം.എസ്12 എന്ന ബഹിരാകാശ പേടകത്തിലാണ് ഇവര്‍ യാത്ര തിരിക്കുക. സംഭവബഹുലമായ എട്ട് ദിവസങ്ങള്‍ യു.എ.ഇക്ക് പുതിയ അനുഭവമാണ് സമ്മാനിച്ചത്.
കസാഖിസ്ഥാനിലെ വിദൂര പട്ടണമായ സെസ്ഖാസ്ഖാനിലാണ് പേടകം ലാന്‍ഡ് ചെയ്യുക. ഹസ്സ പുറപ്പെട്ട ബൈകനൂറില്‍നിന്ന് 700 കിലോമീറ്റര്‍ അകലെയാണ് ഈ സ്ഥലം.
ലാന്‍ഡിംഗ് സമയത്തിന് മൂന്നു മണിക്കൂര്‍ മുമ്പ് ഇതിനുള്ള അന്തിമ ഒരുക്കങ്ങളും നടപടിക്രമങ്ങളും ആരംഭിക്കുമെന്ന് അബുദാബി മുഹമ്മദ് ബിന്‍ റാഷിദ് സ്‌പേസ് സെന്ററിന്റെ ഡയറക്ടര്‍ ജനറല്‍ സാലിം അല്‍ മെര്‍റി പറഞ്ഞു. പുറപ്പെടും മുമ്പ് സഞ്ചാരികള്‍ക്ക് ഐഎസ്എസില്‍ യാത്രയയപ്പ് നല്‍കും. ഉച്ചക്ക് പതിനൊന്നരക്കാണ് പേടകം അടക്കുക. മൂന്നര മണിക്കൂറാണ് ഭൂമിയിലേക്കുള്ള യാത്രാസമയം.

 

Latest News