ഷാര്‍ജ പുസ്തക മേള 30 മുതല്‍; പാമുക് മുതല്‍ ടൊവിനോ വരെ

ഷാര്‍ജ- ഒക്‌ടോബര്‍ 30 മുതല്‍ അല്‍ താവൂനിലെ എക്‌സ്‌പോ സെന്ററില്‍ ആരംഭിക്കുന്ന മുപ്പത്തെട്ടാമത് ഷാര്‍ജ രാജ്യാന്തര പുസ്തകമേളയില്‍ നൊബേല്‍ ജേതാവ് അടക്കമുള്ള സാഹിത്യ, സാംസ്‌കാരിക പ്രതിഭകള്‍ സംഗമിക്കും. ഷാര്‍ജ ബുക്ക് അതോറിറ്റി സംഘടിപ്പിക്കുന്ന മേള നവംബര്‍ ഒമ്പതിനാണ് സമാപിക്കുക.
സാഹിത്യ നൊബേല്‍ ജേതാവായ തുര്‍ക്കി എഴുത്തുകാരന്‍ ഒര്‍ഹാന്‍ പാമുക്, ഇന്ത്യന്‍ ഇംഗ്ലീഷ് എഴുത്തുകാരായ വിക്രം സേത്ത്, ഹിന്ദി കവിയും ഗാനരചയിതാവും തിരക്കഥാകൃത്തുമായ ഗുല്‍സാര്‍,  അനിതാ നായര്‍, ജീത് തയില്‍, ഗാനരചയിതാവ് വയലാര്‍ ശരത് ചന്ദ്ര വര്‍മ, നടന്‍ ടൊവിനോ തോമസ് തുടങ്ങിയവര്‍  സംബന്ധിക്കുമെന്ന് ബുക്ക് അതോറിറ്റി ചെയര്‍മാന്‍ അഹമദ് ബിന്‍ റക്കാദ് അല്‍ അംറി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഇംഗ്ലീഷ് എഴുത്തുകാരനും ബ്ലോഗറും സംരംഭകനുമായ മാര്‍ക് മാന്‍സണ്‍, എഴുത്തുകാരന്‍ സ്റ്റീവന്‍ ജെയിംസ്, അമേരിക്കന്‍ ഹാസ്യതാരവും ടെലിവിഷന്‍ അവതാരകനുമായ സ്റ്റീവ് ഹാര്‍വേ, ഇംഗ്ലണ്ടില്‍ താമസിക്കുന്ന ഘാന എഴുത്തുകാരി മാര്‍ഗരറ്റ് ബര്‍ബി, ആഫ്രിക്കന്‍ എഴുത്തുകാരി ഉപിലെ ചിസാല തുടങ്ങിയവരും മലയാളത്തില്‍നിന്ന് നിരവധി എഴുത്തുകാരും എത്തുന്നുണ്ട്.
തുറന്ന പുസ്തകങ്ങള്‍; തുറന്ന മനസുകള്‍' എന്ന പ്രമേയത്തിലാണ് ഇത്തവണ മേള നടക്കുക. കേരളത്തിലെയും യു.എ.ഇയിലെയും മലയാളികളുടേതുള്‍പ്പെടെ നൂറ്റമ്പതോളം പുസ്തകങ്ങള്‍ മേളയില്‍ പ്രകാശിതമാകും. മെക്‌സിക്കോയാണ് ഇത്തവണ അതിഥി രാജ്യം.

 

Latest News