Sorry, you need to enable JavaScript to visit this website.

സേവിംഗ്‌സ് ക്ലാസ്  

മൽബു ഒരു ഇന്റർവ്യൂവിനു പോയി തിരിച്ചു വരികയായിരുന്നു. എല്ലാ ദിവസവും ഇന്റർവ്യൂ നടക്കുന്നുണ്ട്. ചടങ്ങുപോലെ എല്ലാവരും അവസാനം ഒരു മറുപടി നൽകും... 
വിളിക്കാം. 
ഒന്നുരണ്ടു തവണ ഈ മറുപടി വലിയ ഊർജമാണ് നൽകിയതെങ്കിലും അഭിമുഖം നടത്തുന്ന എല്ലാവരും അതു തന്നെ ആവർത്തിച്ചതോടെ ആ പറച്ചിലിൽ മൽബുവിന് വിശ്വാസം നഷ്ടപ്പെട്ടു. 
ഓരോന്ന് ആലോചിച്ച് നടക്കുകയായിരുന്ന മൽബുവിന് മുന്നിൽ പെട്ടെന്നൊരാൾ പ്രത്യക്ഷപ്പെട്ടു. റെമിറ്റൻസ് സെന്ററിൽനിന്ന് ഇറങ്ങിവന്ന യുവകോമളനെ എവിടെയോ വെച്ച് കണ്ടിട്ടുണ്ട്. ആലോചിക്കാൻ കൂടുതൽ സമയം നൽകാതെ അയാൾ ചോദിച്ചു. 
ഇക്കാക്ക് എന്നെ മനസ്സിലായില്ലേ.. നിങ്ങളുടെ പഴയ റൂംമേറ്റ് അച്ചായന്റെ മകനാണ് ഞാൻ, പേര് ലാൽ.
മൽബുവിന് ഓർമ വന്നു. നാട്ടിൽ അച്ചായനെ സന്ദർശിക്കാൻ പോയപ്പോൾ ഇവനെ കണ്ടിട്ടുണ്ട്. 
കാശ് കുറേ അയച്ചോ?
എല്ലാ മാസവും അയക്കുന്നതു പോലെ തന്നെ. പഴയ ചങ്ങാതിയുടെ മകൻ ബൂഫിയയിൽ കയറ്റി മൽബുവിനെ സൽക്കരിച്ചു. അതിനിടയിൽ കണ്ണു തുറപ്പിക്കുന്ന കുറേ കാര്യങ്ങൾ അവൻ പറഞ്ഞു. 
സേവിംഗ്‌സായിരിക്കണം ഓരോ പ്രവാസിയുടേയും പ്രഥമ ചെലവെന്ന പക്ഷക്കാരനാണ് ലാൽ. മാസം ഒരു ലക്ഷം രൂപയെങ്കിലും നാട്ടിലെ ബാങ്കിലെത്തിക്കാൻ കഴിഞ്ഞില്ലെങ്കിൽ പ്രവാസം പരാജയമായിരിക്കുമെന്ന തിയറിയും ജൂനിയർ അച്ചായൻ  മുന്നോട്ടുവെക്കുന്നു.
ഡാഡിയും മമ്മിയും പഠിപ്പിച്ച ശീലമാണ്. അവരും പ്രവാസികളായിരുന്നു. രണ്ടു പേരും ജോലിക്കാർ. ഇരുവരും അരലക്ഷം രൂപ വീതം ഓരോ മാസവും നാട്ടിലെ ബാങ്കിലെത്തിക്കുന്നതിൽ വീഴ്ച വരുത്തിയിട്ടില്ല. അതിന്റെ ഫലമായാണ് അവർക്ക് ദൽഹിയിലും കൊച്ചിയിലും ഓരോ ഫഌറ്റുണ്ടായതും അവ വരുമാനം നൽകിക്കൊണ്ടിരിക്കുന്നതും.
പഠിപ്പിച്ച് എൻജിനീയറാക്കി പ്രവാസ ഭൂമിയിലെത്തിച്ച ശേഷം അവർ നൽകിയ പാഠങ്ങളിൽ ഒന്നാമത്തേതാണ് ആദ്യം പറഞ്ഞ സേവിംഗ്‌സ് തിയറി. നിക്ഷേപമായിരിക്കണം പ്രഥമ ചെലവ്.
അച്ചായൻ എന്റെ കൂടെ രണ്ട് വർഷം മാത്രമാണ് താമസിച്ചത്. ഫാമിലി വന്നപ്പോൾ വേറെ ഫഌറ്റെടുത്തു പോയി. അപ്പനും അമ്മച്ചിയും എത്ര വർഷം ഉണ്ടായിരുന്നു ഇവിടെ? സേവിംഗ്‌സ് തിയറിയിൽ താൽപര്യം തോന്നിയ മൽബു ചോദിച്ചു. 
നാൽപത് വർഷം.
ഇത്രയും വർഷങ്ങൾ അവർ ഓരോ മാസവും അരലക്ഷം വീതം അയച്ചുവെന്നാണോ?
ശരാശരി നോക്കിയാൽ കൂടിയിട്ടേ ഉണ്ടാകൂ. കുറയില്ല. ഇവിടത്തെ കേന്ദ്ര ബാങ്ക് മൂന്ന് മാസം കൂടുമ്പോൾ കണക്ക് പുറത്തുവിടാറില്ലേ? പ്രവാസികളുടെ റെമിറ്റൻസിന്റെ കണക്ക്. അതിൽ പറയുന്ന കോടികളിൽ അപ്പന്റേം അമ്മച്ചീടേം ലക്ഷങ്ങൾ ഉൾപ്പെടുമെന്നാണ് അവർ പറയാറുള്ളത്. 
നാട്ടിലെ മന്ത്രിമാരും പറയാറില്ലേ പ്രവാസികളുടെ താങ്ങിനെ കുറിച്ച്. ഇവർ നൽകുന്നതാണ് ആ താങ്ങ്. 
എന്റെ രണ്ടാം പ്രവാസം തുടങ്ങീട്ടേ ഉള്ളൂ. 15 വർഷം നീണ്ട ആദ്യ പ്രവാസത്തിൽ ഒരിക്കൽ പോലും ഒരുമിച്ച് അരലക്ഷം രൂപ ബാങ്കിലേക്ക് അയച്ചിട്ടില്ല- മൽബു പറഞ്ഞു. 
പിന്നെ കിട്ടിയ കാശൊക്കെ എന്തു ചെയ്തു?
ബാങ്കിൽ എൻ.ആർ.ഇ അക്കൗണ്ടൊക്കെ തുടങ്ങിയിരുന്നു. അതിലേക്ക് കുറച്ച് അയക്കണമെന്ന് വിചാരിക്കുകയും ചെയ്യും. പക്ഷേ നടക്കാറില്ലായിരുന്നു. ശമ്പളം കിട്ടുമ്പോഴേക്കും എന്തേലും ഒരാവശ്യം പറഞ്ഞ് നാട്ടീന്ന് വിളിവരും. പിന്നെ ഒന്നും ആലോചിക്കാൻ നേരമുണ്ടാവില്ല. ഹുണ്ടി വിടും.
അതാണ് കുഴപ്പം. എന്റെ അപ്പച്ചനും അമ്മച്ചീം ഒരിക്കലും ഹവാല വഴി പണം അയച്ചിട്ടില്ല. ഞാനും അയക്കാറില്ല. ഞാൻ നാട്ടിൽ പഠിക്കുമ്പോൾ അവർ ഫോട്ടോകൾ അയക്കാറുണ്ട്. പണം അയക്കാൻ ബാങ്കിൽ ചെന്നാൽ കാണുന്ന ക്യൂ. ഇപ്പോൾ പണമയക്കാൻ എത്രയാ ആപ്പുകൾ. വീട്ടിലിരുന്ന് സെക്കൻഡുകൾ കൊണ്ട് പണം നാട്ടിലെ അക്കൗണ്ടിൽ എത്തിക്കാം. 
അനിയനിപ്പോൾ എത്ര അയക്കാറുണ്ട്?
മിനിമം ഒരു ലക്ഷം.
ചെലവുകളൊക്കെ കൂടീട്ടും ഇത്രയും അയക്കാൻ പറ്റുന്നുണ്ടോ?
ഞാൻ പറഞ്ഞില്ലേ. സേവിംഗ്‌സാണ് നമ്മുടെ ആദ്യത്തെ ചെലവ്. എന്തൊക്കെ ചെലവുകൾക്ക് നാം കടം വാങ്ങുന്നു. അപ്പോൾ സേവിംഗ്‌സിനും കടം വാങ്ങാം. നിങ്ങൾ ഇവിടെ ഉണ്ടായിരുന്നപ്പോൾ ഏറ്റവും ഒടുവിൽ കടം വാങ്ങിയതെന്തിനാ?
അമ്മായീടെ വാർപ്പിന്-മൽബു പറഞ്ഞു.
ഉടൻ ഒരു ലക്ഷം അയച്ചില്ലെങ്കിൽ വാർപ്പ് മുടങ്ങുമെന്ന് നാട്ടീന്ന് വിളി വന്നു. പലരോടും ചോദിച്ചു ആരും തന്നില്ല. കടം കിട്ടാൻ അപ്പോഴും വലിയ പാടായിരുന്നു. ഒടുവിൽ ഹുണ്ടിക്കാരൻ സുലൈമാൻ ശരണം. അവൻ അയച്ചു. അവന് രണ്ട് മാസം കൊണ്ട് കൊടുത്തുതീർത്തു. 
ഹവാലക്കാരൻ അങ്ങനെ കടം തരുമോ. അവരൊക്കെ വലിയ കണിശക്കാരല്ലേ? 
ചുമ്മാതല്ല ഹുണ്ടിക്കാർ പണം നാട്ടിലെത്തിക്കുന്നത്. സുലൈമാന് പലിശ കൊടുക്കണം. ഒരു മാസത്തേക്ക് 500. രണ്ടു മാസമാണെങ്കിൽ ആയിരം. കൊടുത്തില്ലെങ്കിൽ അവർ കണിശക്കാരാകും. അവർ പാസ്‌പോർട്ട് തിരികെ തരില്ല. 
സ്വർണപ്പണയം പോലെ പാസ്‌പോർട്ട് പണയം അല്ലേ? 
അതെ.
കഫീലുമാരും കമ്പനിയും പാസ്‌പോർട്ട് പിടിച്ചുവെക്കാത്തതുകൊണ്ട് ഇപ്പോൾ അങ്ങനെയൊരു ഗുണമുണ്ടായി. ഹവാലക്കാരന് പണയം വെക്കാം. സെയിഫ് ആണല്ലോ- ലാലിന്റെ മറുപടി.
ഉം അതല്ല. അനിയൻ ബാങ്കിൽ അയക്കാൻ എവിടുന്നാ കടം ഒപ്പിക്കുക?
അതൊക്കെ ഓരോ റോളിംഗല്ലേ.. അടുത്തയാഴ്ച തരാമെന്ന് പറഞ്ഞ് ഒരാളോട് വാങ്ങും. വാക്ക് പാലിക്കാൻ വേറെ ഒരാളിൽനിന്നു വാങ്ങും. ഒരാളോട് ഒരു സമയം ഒരു വായ്പ മാത്രം.
ലാലിന്റെ സേവിംഗ്‌സ് തിയറി കേട്ട് അത്ഭുതപരതന്ത്രനായ മൽബു പറഞ്ഞു:
നിങ്ങൾ നമ്മുടെ റൂമിൽ വന്നൊരു ക്ലാസെടുക്കണം. എല്ലാവരും പുതിയ പിള്ളേരാണ്. അടിച്ചുപൊളിക്കുന്നു. ഒന്നും സേവ് ചെയ്യുന്നില്ല. അവർക്ക് ഒരു ബോധവൽക്കരണം ആവശ്യമാണ്. ഞാൻ കുറേ പറഞ്ഞുനോക്കി. അന്നേരം അവർ ഇങ്ങോട്ട് കണക്ക് പറയും. 
എന്തു കണക്ക്?
ഞാൻ പറയാറുള്ള ഉദാഹരണം സിഗരറ്റാണ്. സിഗരറ്റ് വലി നിർത്തിയാൽ ദിവസം അതിനുവേണ്ടി ചെലവാകുന്ന 30 റിയാൽ ലാഭിക്കാം. മാസം 900 റിയാൽ. കൊല്ലത്തേക്ക് 10,800 റിയാൽ. 
അതെ, ഇങ്ങനെ പലരും കണക്ക് കൂട്ടാറുണ്ട്. 
അപ്പച്ചന്റെ ഒരു ചങ്ങാതി ഉണ്ടായിരുന്നു, രമേശൻ. അങ്ങേര് ഈ കണക്ക് പറയും. പുകവലി നിർത്തിയതോണ്ട് സേവിംഗ് അഞ്ച് ലക്ഷായീന്ന്.
അതു മാത്രമല്ല,  കണക്ക് കേട്ടു കഴിഞ്ഞാൽ പിള്ളേര് എന്റെ മുഖത്തു നോക്കി ചോദിക്കും.  
എന്നിട്ട് നിങ്ങളെന്തുണ്ടാക്കി?  വർഷം 15 പോയിട്ട് സമ്പാദ്യശീലക്കാരൻ  വീണ്ടും തിരിച്ചു വന്നിരിക്കുന്നു. 
 

Latest News