ദുബായ്- പാചക വാതകം പൊട്ടിത്തെറിച്ച് ഒരാള്‍ മരിക്കുകയും മൂന്നുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത ബര്‍ദുബായ് കെട്ടിടത്തിലെ താമസക്കാരെ 36 മണിക്കൂറിന് ശേഷം അവരുടെ അപാര്‍ട്‌മെന്റുകളിലേക്ക് മടങ്ങാന്‍ അനുവദിച്ചു. സുരക്ഷാപരിശോധനകള്‍ പൂര്‍ത്തിയാക്കിയാണ് ഇവര്‍ക്ക് ഫ്‌ളാറ്റുകള്‍ വിട്ടുകൊടുത്തത്. താല്‍ക്കാലിക താമസം സര്‍ക്കാര്‍ ഒരുക്കിയിരുന്നു.
അല്‍ മന്‍ഖൂലിലെ അല്‍ ഗുറൈര്‍ ബില്‍ഡിംഗിലുണ്ടായ സ്‌ഫോടനത്തില്‍ പരിക്കേറ്റ താമസക്കാരിയേയും രണ്ട് ഗ്യാസ് ടെക്‌നീഷ്യന്‍മാരേയും റാഷിദ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സ്‌ഫോടനമുണ്ടായ ആറാം നിലയിലെ 15 അപാര്‍ട്‌മെന്റുകളിലെ താമസക്കാരേയും സംഭവത്തെ തുടര്‍ന്ന് ഒഴിപ്പിച്ചിരുന്നു.
ലഖ്‌നൗവില്‍നിന്നുള്ള ഇന്ത്യക്കാരനായ 47 കാരനാണ് മരിച്ചത്. ദുബായിലെ ഒരു കമ്പനിയില്‍ അസി. ജനറല്‍ മാനേജരാണ് ഇദ്ദേഹം. മരിച്ചയാളുടെ പത്‌നിയെ അപാര്‍ട്‌മെന്റിലേക്ക് അല്‍പസമയം പോകാന്‍ പോലീസ് അനുവദിച്ചിരുന്നു.

മകളെ കോച്ചിംഗ് ക്ലാസ്സില്‍നിന്ന് കൊണ്ടുവരുന്ന വഴി കോറിഡോറില്‍വെച്ചാണ് ഇദ്ദേഹം അപകടത്തില്‍പെട്ടത്. അതിശക്തമായ സ്‌ഫോടനത്തില്‍ ഇളകിത്തെറിച്ച വാതില്‍ തലയില്‍ ഇടിച്ചാണ് ഇദ്ദേഹം മരിച്ചത്. ഗുരുതരമായ പരിക്കേറ്റിരുന്നതായി അയല്‍വാസികള്‍ പറഞ്ഞു. ഭാര്യയും രണ്ട് പെണ്‍കുട്ടികളുമുണ്ട്. കുടുംബത്തിന് ആവശ്യമായ സഹായത്തിന് ഇന്ത്യന്‍ കോണ്‍സുലേറ്റ് രംഗത്തെത്തിയിരുന്നു.
അപകടത്തില്‍ പരിക്കേറ്റ 32 കാരിയായ കനീസ ശൈഖ് ഗുരുതര നിലയിലാണ്. ഇവര്‍ വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവന്‍ നിലനിര്‍ത്തുന്നത്. ശരീരത്തില്‍ 70 ശതമാനം പൊള്ളലേറ്റിട്ടുണ്ടെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞതായി ഇവരുടെ സഹോദരന്‍ പറഞ്ഞു.






