ദുബായ് ഫ്‌ളാറ്റില്‍ പാചക വാതകം പൊട്ടിത്തെറിച്ച് ഒരു മരണം

ദുബായ്- അല്‍ അന്‍ഖൂല്‍ പ്രദേശത്ത് പാചകവാതകം പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ മരിക്കുകയും മൂന്നു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പരിക്കേറ്റവരെ റാഷിദ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ബര്‍ദുബായിലെ ഏഴു നില കെട്ടിടത്തിലെ ആറാമത്തെ നിലയിലെ സ്റ്റുഡിയോ ഫ്‌ളാറ്റിലാണ് സ്‌ഫോടനമുണ്ടായത്.
പാചകവാതകം പൊട്ടിത്തെറിച്ചാണ് സ്‌ഫോടനമെന്ന് കരുതുന്നു. ഇതുസംബന്ധിച്ച് സിവില്‍ ഡിഫന്‍സ് ഔദ്യോഗിക സ്ഥിരീകരണം നല്‍കിയിട്ടില്ല. സ്‌ഫോടനത്തിന്റെ ആഘാതത്തില്‍ കെട്ടിടത്തില്‍ വലിയ ദ്വാരം വീഴുകയും ജനല്‍ച്ചില്ലകള്‍ ചിതറുകയും ചെയ്തിട്ടുണ്ട്.
നൂറോളം അപാര്‍ട്‌മെന്റുകളുള്ള കെട്ടിടം പോലീസ് സുരക്ഷാ വലയത്തിലാക്കി. താമസക്കാരെ മറ്റൊരു കെട്ടിടത്തിലേക്ക് മാറ്റിയിട്ടുണ്ട്.
കെട്ടിടത്തിന് പൈപ്പ് ലൈനില്‍കൂടിയുള്ള പാചക വാതകകണക്ഷനാണുള്ളത്. മറ്റ് എവിടെയെങ്കിലും വാതക ചോര്‍ച്ചയുണ്ടോ എന്ന കാര്യം പരിശോധിച്ചുവരുന്നു.
 

 

Latest News