റിയാദ് - സൗദി അധ്യാപകർക്ക് വേതനം നൽകുന്നതിന് അധിക ഭാരം വഹിക്കേണ്ടിവരുന്നതിനാൽ സ്വകാര്യ, ഇന്റർനാഷണൽ സ്‌കൂളുകൾ ട്യൂഷൻ ഫീസ് വലിയ തോതിൽ വർധിപ്പിക്കുമെന്ന് സൂചന. സ്വകാര്യ സ്‌കൂളുകളിലെ 30,000 സൗദി അധ്യാപകരുടെ വേതന വിഹിതം വിതരണം ചെയ്യുന്നത് തൊഴിൽ, സാമൂഹിക വികസന മന്ത്രാലയത്തിനു കീഴിലെ മാനവ ശേഷി വികസന നിധി (ഹദഫ്) നിർത്തിവെച്ചിട്ടുണ്ട്. സൗദി അധ്യാപകരുടെ വേതന വിഹിതം അഞ്ചു വർഷത്തേക്കാണ് ഹദഫ് വഹിക്കുന്നത്. പദ്ധതിയുടെ ഗുണം അഞ്ചു വർഷം പൂർത്തിയായവർക്കുള്ള ധനസഹായ വിതരണം മൂന്നു ദിവസം മുമ്പ് ഹദഫ് നിർത്തിവെച്ചു. സ്വകാര്യ സ്‌കൂളുകളിൽ ആകെ അര ലക്ഷം സൗദി അധ്യാപകരാണുള്ളത്. ഇതിൽ 30,000 സൗദി അധ്യാപകരും അവരുടെ സ്‌കൂളുകളും അഞ്ചു വർഷം പദ്ധതി പ്രയോജനപ്പെടുത്തി.
സ്വകാര്യ സ്‌കൂളുകളിലെ സൗദി അധ്യാപകരുടെ മിനിമം വേതനം 5600 റിയാലായി ഉയർത്തിയതോടെയാണ് അധ്യാപകരുടെ വേതന വിഹിതമായി 2500 റിയാൽ വീതം അഞ്ചു വർഷത്തേക്ക് ഹദഫിൽ നിന്ന് വിതരണം ചെയ്യുന്ന പദ്ധതി ആരംഭിച്ചത്. അഞ്ചു വർഷ കാലാവധി മൂന്നു ദിവസം മുമ്പ് പൂർത്തിയായി. പദ്ധതി നിലവിൽ വന്ന ശേഷം സർവീസിൽ അഞ്ചു വർഷം തികക്കാത്തവർക്കുള്ള ധനസഹായ വിതരണം തുടരും. അഞ്ചു വർഷം പൂർത്തിയായ ശേഷം സൗദി അധ്യാപകരുടെ പൂർണ വേതനം സ്‌കൂളുകൾ വഹിക്കണമെന്നാണ് വ്യവസ്ഥ. ധനസഹായ വിതരണ പദ്ധതി കാലാവധി പൂർത്തിയായത് കണക്കിലെടുത്ത് സൗദി അധ്യാപകരുടെ വേതനം കുറക്കുകയോ അവരെ പിരിച്ചുവിടുകയോ ചെയ്യരുതെന്നും ഇങ്ങനെ ചെയ്യുന്ന സ്‌കൂളുകൾക്ക് ഇതുവരെ വിതരണം ചെയ്ത മുഴുവൻ ധനസഹായവും തിരികെ ഈടാക്കുമെന്നും മറ്റു ശിക്ഷാ നടപടികൾ സ്വീകരിക്കുമെന്നും തൊഴിൽ, വിദ്യാഭ്യാസ മന്ത്രാലയങ്ങൾ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
സൗദി അധ്യാപകർക്ക് ഇതുവരെ 3100 റിയാൽ വേതനം നൽകിയിരുന്ന സ്‌കൂളുകൾ ഇനി മുതൽ 5,600 റിയാൽ വീതം വേതനം നൽകാൻ നിർബന്ധിതമാകും. ഇതുമൂലമുള്ള അധികച്ചെലവ് നികത്തുന്നതിന് ട്യൂഷൻ ഫീസ് വർധിപ്പിക്കുകയല്ലാതെ സ്വകാര്യ സ്‌കൂളുകൾക്കു മുന്നിൽ വഴിയില്ല. പുതിയ സാഹചര്യത്തിൽ സ്വകാര്യ സ്‌കൂളുകളുടെ ഒരു അധ്യയന വർഷത്തെ പ്രവർത്തന ചെലവിൽ 90 കോടി റിയാലിന്റെ വർധനവുണ്ടാകുമെന്ന് അശ്ശർഖിയ ചേംബർ ഓഫ് കൊമേഴ്‌സിലെ സ്വകാര്യ വിദ്യാഭ്യാസ കമ്മിറ്റി അംഗം ഡോ. ഖാലിദ് അൽശമ്മരി പറഞ്ഞു.
പ്രതിവർഷം ബില്യൺ കണക്കിന് റിയാൽ വരുമാനം ലഭിക്കുന്ന ഹദഫിന് സൗദി അധ്യാപകരുടെ വേതന വിഹിതം തുടർന്നും വഹിക്കുന്നതിന് യാതൊരു പ്രയാസവുമില്ല. ധനസഹായ പദ്ധതി നിർത്തിവെക്കുന്നതിന്റെ പ്രത്യാഘാതം വഹിക്കേണ്ടിവരുന്ന രക്ഷാകർത്താക്കളുടെയും സ്‌കൂൾ ഉടമകളുടെയും അഭിപ്രായം തേടാതെയാണ് ധനസഹായ പദ്ധതി നിർത്തിവെക്കുന്നതിനുള്ള തീരുമാനം ബന്ധപ്പെട്ടവർ കൈക്കൊണ്ടത്. പുതിയ സാഹചര്യത്തിൽ സ്‌കൂളുകൾ പ്രവർത്തിപ്പിക്കുന്നതു മൂലം സാമ്പത്തിക നേട്ടമില്ലാത്തതിനാൽ പലരും വിദ്യാഭ്യാസ മേഖലയിൽ നിന്ന് പിൻവാങ്ങുന്നതിന് സാധ്യതയുണ്ട്.
ട്യൂഷൻ ഫീസ് വർധിപ്പിക്കുന്നത് സ്വകാര്യ സ്‌കൂളുകളിൽ നിന്ന് വിദ്യാർഥികളുടെ കൊഴിഞ്ഞുപോക്കിന് ഇടയാക്കും. പകരം ഈ വിദ്യാർഥികൾ സർക്കാർ സ്‌കൂളുകളെ സമീപിക്കും. ഇരുപതു സൗദി അധ്യാപകർക്കുള്ള ധനസഹായ പദ്ധതി നിർത്തിവെക്കുക വഴി ഒരു സ്‌കൂൾ വർഷത്തിൽ ആറു ലക്ഷം റിയാൽ അധികം വഹിക്കേണ്ടിവരുമെന്ന് അദ്ദേഹം പറഞ്ഞു.
അതേസമയം, സ്വകാര്യ സ്‌കൂളുകളിലെ സൗദി അധ്യാപകരുടെ മിനിമം വേതനം 5600 റിയാലായി ഉയർത്തിയ സർക്കാർ തീരുമാനം സ്വകാര്യ വിദ്യാഭ്യാസ മേഖലയിൽ സൗദിവൽക്കരണം ഉയർത്തുന്നതിന് സഹായിച്ചതായി സൗദി കൗൺസിൽ ഓഫ് ചേംബേഴ്‌സിലെ സ്വകാര്യ വിദ്യാഭ്യാസ കമ്മിറ്റി വൈസ് പ്രസിഡന്റ് ഡോ. ഥുനയ്യാൻ അൽനുവൈഇം പറഞ്ഞു. ഗേൾസ് സ്‌കൂളുകളിൽ സൗദിവൽക്കരണം 100 ശതമാനമായി ഉയർന്നു. ധനസഹായ വിതരണ പദ്ധതി കാലാവധി അഞ്ചു വർഷത്തിൽ കൂടുതലായി ദീർഘിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ദേശീയ സ്വകാര്യ വിദ്യാഭ്യാസ കമ്മിറ്റി വിദ്യാഭ്യാസ മന്ത്രാലയത്തിന് നിവേദനം നൽകിയിരുന്നു. ഇക്കാര്യത്തിൽ വിവിധ വകുപ്പുകളുമായി മന്ത്രാലയം ആശയ വിനിമയം നടത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സ്വകാര്യ സ്‌കൂളുകളിൽ ട്യൂഷൻ ഫീസ് വർധിപ്പിക്കുന്നത് വിദ്യാഭ്യാസ മന്ത്രാലയം കർശനമായി നിയന്ത്രിച്ചിട്ടുണ്ട്. ട്യൂഷൻ ഫീസ് വർധിപ്പിക്കുന്നതിന് മന്ത്രാലയത്തിന്റെ മുൻകൂട്ടിയുള്ള അനുമതി ആവശ്യമാണ്. ഫീസ് വർധനക്കുള്ള അപേക്ഷ ഭാഗികമായോ പൂർണമായോ അംഗീകരിക്കപ്പെടുന്ന സ്‌കൂളുകളെ തുടർന്നുള്ള രണ്ടു വർഷത്തേക്ക് ഫീസ് ഉയർത്താൻ അനുവദിക്കില്ല. ഭൂരിഭാഗം സ്‌കൂളുകളിലും പുതിയ അധ്യയന വർഷത്തേക്കുള്ള പ്രവേശനം ഇതിനകം പൂർത്തിയായിട്ടുണ്ട്. പഴയ ട്യൂഷൻ ഫീസുകളിലാണ് ഈ സ്‌കൂളുകൾ വിദ്യാർഥികൾക്ക് പ്രവേശനം നൽകിയത്. ഈ പശ്ചാത്തലത്തിൽ അധ്യാപകർക്ക് വേതനം നൽകുന്നതിന് ഇരട്ടി തുക വഹിക്കേണ്ടിവരുന്നത് സ്വകാര്യ സ്‌കൂളുകളുടെ നടുവൊടിക്കുമെന്ന ആശങ്ക ശക്തമാക്കിയിട്ടുണ്ട്.