നൗകാമ്പിന്റെ പ്രകാശം

ഗിനി ബിസാവു എന്ന ആഫ്രിക്കൻ രാജ്യത്തു നിന്ന് നൗകാമ്പിന്റെ കളിത്തട്ടിലെത്താൻ അൻസു ഫാതി സഞ്ചരിച്ച ദൂരം ഒരുപാടാണ്
അൻസു ഫാതി..പ്രതിഭയുടെ പ്രകാശം 

ഗിനി ബിസാവു എന്ന ആഫ്രിക്കൻ രാജ്യത്തുനിന്ന് നൗകാമ്പിന്റെ കളിത്തട്ടിലെത്താൻ അൻസു ഫാതി സഞ്ചരിച്ച ദൂരം ഒരുപാടാണ്. ആഫ്രിക്കയിലെ കുട്ടിക്കാലത്തുനിന്ന് ബാഴ്‌സലോണയുടെ തട്ടകത്തിലെത്താൻ ഈ പതിനാറുകാരൻ ചെലവിട്ട ഊർജം ചില്ലറയാവില്ല. ഇന്ന് ലോകത്തെ ഏറ്റവും പ്രശസ്തമായ ക്ലബ്ബുകളിലൊന്നിൽ ഏറ്റവും വലിയ താരങ്ങൾക്കൊപ്പം തോളോടുതോൾ ചേർന്ന് കളിക്കുകയാണ് അൻസു. 
പ്രൊഫഷനൽ കരിയറിലെ ആദ്യ സീസണിന് തകർപ്പൻ തുടക്കമിട്ടിരിക്കുകയാണ് ഈ ബാലൻ. നൗകാമ്പിലെ മാന്ത്രിക രാവിൽ സ്പാനിഷ് ലീഗിലെ ഫുൾ അരങ്ങേറ്റത്തിൽ രണ്ടാം മിനിറ്റിൽ തന്നെ അൻസു സ്‌കോർ ചെയ്തു. അന്ന് അൻസു തൊട്ടതൊന്നും പിഴച്ചില്ല. എൺപതിനായിരത്തിലേറെ കാണികളുടെ മനം കവർന്നാണ് ഈ കൗമാരപ്രതിഭ കളം വിട്ടത്. അവസാന മിനിറ്റുകളിൽ അൻസു സബ്സ്റ്റിറ്റിയൂറ്റ് ചെയ്യപ്പെട്ടപ്പോൾ നൗകാമ്പ് ഈ യുവതാരത്തെ സല്യൂട്ട് ചെയ്തു. 
മനം നിറയെ ഫുട്‌ബോൾ കനവുകളുമായി സ്‌പെയിനിലേക്ക് വണ്ടി കയറുമ്പോൾ അൻസുവിന് പ്രായം വെറും ഏഴ്. അൻസുവിന്റെ അത്യസാധാരണ പ്രതിഭ ബാഴ്‌സലോണ സ്‌കൗടുകളുടെ ശ്രദ്ധയിൽ പെടാൻ അധികം സമയം വേണ്ടിവന്നില്ല. ബാഴ്‌സലോണയുടെ ലോകപ്രശസ്തമായ ലാ മാസിയ അക്കാദമിയിൽ ചേരുമ്പോൾ പത്ത് വയസ്സേ ആയിട്ടുണ്ടായിരുന്നുള്ളൂ അൻസുവിന്. ഫുട്‌ബോളിന് പേരെടുത്തിട്ടില്ലാത്ത പശ്ചിമ ആഫ്രിക്കയിലെ ദരിദ്ര രാജ്യത്തു നിന്നുള്ള ബാലന് സ്വപ്‌നം കാണുന്നതിനപ്പുറമായിരുന്നു അത്. തലസ്ഥാന നഗരിയായ ബിസാവുവിലെ സാവൊപൗളോയിലായിരുന്നു അൻസുവിന്റെ കുട്ടിക്കാലം. മലാം റോമിസിയോയാണ് അൻസുവിന്റെ ആദ്യ പരിശീലകൻ. മരങ്ങൾക്കു കീഴെ പൊടിമണ്ണിൽ അൻസു ഉൾപ്പെടെ കൊച്ചുകുട്ടികൾ കളിച്ചിരുന്നത് പ്ലാസ്റ്റിക് ചെരുപ്പോ സോക്‌സോ ധരിച്ചായിരുന്നു. ഉയരമുള്ള, കരുത്തരായ കുട്ടികളെ ഈ കൊച്ചുമക്കൾ അനായാസം ഡ്രിബ്ൾ ചെയ്തു മുന്നേറി. 


റോമിസിയൊ റയൽ മഡ്രീഡിന്റെ ആരാധകനായിരുന്നു. കഴിഞ്ഞ ഓഗസ്റ്റിൽ അൻസു ബാഴ്‌സലോണ സീനിയർ ടീമിൽ അരങ്ങേറിയപ്പോൾ അദ്ദേഹം കൂറുമാറി. ഇന്ന് ബാഴ്‌സലോണയാണ് പ്രിയപ്പെട്ട ടീം. ഈ ഫോം തുടർന്നാൽ അൻസു ലോകോത്തര കളിക്കാരനാവുമെന്ന് റോമിസിയൊ പറയുന്നു. 
ഏറ്റവും ദരിദ്രമായ, അസ്ഥിരമായ രാജ്യങ്ങളിലൊന്നിന്റെ അഭിമാനസ്തംഭമായിരിക്കുകയാണ് ഇന്ന് അൻസു. അൻസു ജനിച്ചു വളർന്ന വീട്ടിൽ ഇന്ന് അമ്മാവൻ ജിബി ഫാതിയാണ് താമസിക്കുന്നത്. പരമ്പരാഗത വസ്ത്രം ധരിച്ച് കളിക്കുന്ന അൻസുവിന്റെ നിരവധി ചിത്രങ്ങൾ വീട്ടിലുണ്ട്. റോട്ടിയോടും വെണ്ണയോടുമുള്ള അൻസുവിന്റെ ഇഷ്ടം അമ്മാവൻ ഓർമിച്ചു. കളി കഴിഞ്ഞു വന്നാലുടൻ അവന് റൊട്ടിയും വെണ്ണയും വേണം. 
അൻസുവിന്റെ ചെറുപ്രായത്തിലാണ് പിതാവ് ബോറി ഫാതി ജോലി തേടി പോർചുഗലിലെത്തുന്നത്. പിന്നീട് തെക്കുപടിഞ്ഞാറൻ സ്‌പെയിനിലെ സെവിയക്കടുത്ത് താമസമാക്കി അദ്ദേഹം. ഒലിവ് പഴങ്ങൾ ശേഖരിക്കുകയായിരുന്നു ബോറി ഫാതിയുടെ പ്രധാന ജോലി. നിശാ ക്ലബ്ബുകളിൽ നിന്ന് ഒഴിഞ്ഞ കുപ്പി ശേഖരിച്ചും ഹൈസ്പീഡ് റെയിൽ ട്രാക്ക് നിർമാണ ജോലിയിലേർപ്പെട്ടും ബോറി ഫാതി ജീവിതം മുന്നോട്ടു നീക്കിയതായി ഒപ്പമുണ്ടായിരുന്ന സുഹൃത്ത് ആമദോർ സാവേദ്‌റ പറയുന്നു. സ്‌പെയിനിലെ മാലഗ പട്ടണത്തിൽ നിന്ന് 100 കി.മീ അകലെയുള്ള ഹെരേരയിലായിരുന്നു ബോറി ഫാതിയുടെ താമസം. 
വൈകാതെ സമീപപട്ടണമായ മാരിനലേഡയിലെ കമ്യൂണിസ്റ്റ് മേയർ ബോറിയെ സ്വന്തം ഡ്രൈവറായി നിയമിച്ചു. അദ്ദേഹം സാമ്പത്തികമായും ബോറിയെ സഹായിച്ചു. അതോടെയാണ് 2009 ൽ കുടുംബത്തെ കൂടെ കൊണ്ടുവരാൻ ബോറിക്കു സാധിച്ചത്. ഹെരേരയിലെയും സമീപപ്രദേശങ്ങളിലെയും നൂറു കണക്കിന് കുട്ടികൾ സൗജന്യമായി ഫുട്‌ബോൾ അഭ്യസിച്ചിരുന്നത് പെലോടെറോസ് ഫുട്‌ബോൾ സ്‌കൂളിലായിരുന്നു. അൻസുവും അവർക്കൊപ്പം ചേർന്നു. 
മറ്റു കുട്ടികളെ തന്റെ കഴിവുകൾ കൊണ്ട് അമ്പരപ്പിക്കാൻ അൻസുവിന് അധികം സമയം വേണ്ടിവന്നില്ലെന്ന് സ്‌കൂളിലെ ഫുട്‌ബോൾ കോച്ച് ഫിഗറോവ മോറിനൊ ഓർമിക്കുന്നു. മറ്റു കുട്ടികളെ അപേക്ഷിച്ച് ടെക്‌നിക്കലായും ടാക്റ്റിക്കലായും അൻസുവിന്റെ പ്രതിഭ വേറിട്ടുനിന്നു. എല്ലാം ഒത്തിണങ്ങിയ കളിക്കാരനായിരുന്നു അൻസുവെന്ന് മോറിനൊ പറഞ്ഞു. ഊർജസ്വലനും ആഹ്ലാദവാനുമായ ബാലനായിരുന്നു അൻസുവെന്ന് പേലറ്ററോസ് സ്‌കൂളിന്റെ നടത്തിപ്പുകാരനായിരുന്ന ജോസെ ലൂയിസ് മേന അഭിപ്രായപ്പെട്ടു. 
2002 ഒക്ടോബർ 31 ന് ജനിച്ച അൻസു ആറാം വയസ്സു വരെ ബിസാവുവിലാണ് ജീവിച്ചത്. പ്രായത്തിൽ കവിഞ്ഞ പക്വതയാണ് അൻസുവിന്റെ പ്രത്യേകത. വിജയങ്ങളൊന്നും ഈ കുട്ടിയെ അഹങ്കാരിയാക്കിയിട്ടില്ല. സ്‌പെയിനിലെത്തി ഒരു വർഷം പിന്നിടും മുമ്പെ അൻസു സെവിയയിൽ ചേർന്നു. 2012 ൽ പത്താം വയസ്സിൽ ബാഴ്‌സലോണയുടെ യൂത്ത് ടീമിൽ അംഗമായി. ലാ മാസിയയിലെ തന്നെ പ്രായം കുറഞ്ഞ ട്രയ്‌നിമാരിലൊരാളായിരുന്നു അൻസുവെന്ന് അവിടെ ആദ്യ യുവ താരത്തിന്റെ ആദ്യ പരിശീലകനായിരുന്ന മാർക്ക് സേറ പറയുന്നു. ആദ്യ ദിനം മുതൽ അൻസുവിന്റെ പ്രത്യേകത പ്രകടമായിരുന്നു. ഫുട്‌ബോളിനായി സൃഷ്ടിക്കപ്പെട്ട കളിക്കാരനായിരുന്നു അൻസു -അദ്ദേഹം പറഞ്ഞു. 
ഓഗസ്റ്റിൽ അൻസു ബാഴ്‌സലോണക്കു ലാ ലിഗയിൽ സ്‌കോർ ചെയ്യുന്ന പ്രായം കുറഞ്ഞ കളിക്കാരനായി. ചാമ്പ്യൻസ് ലീഗിലും ബാഴ്‌സലോണ കുപ്പായമിടുന്ന പ്രായം കുറഞ്ഞ കളിക്കാരനായി. അൻസുവിന്റെ പ്രകടനം ലാ ലിഗക്കുമപ്പുറം ശ്രദ്ധിക്കപ്പെട്ടു. സ്‌പെയിൻ കോച്ച് റോബർടൊ മോറിനൊ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്. സ്‌പെയിൻ ടീമിൽ യുവ താരത്തെ കളിപ്പിക്കാനുള്ള സാധ്യത തേടുകയാണ് ഫെഡറേഷൻ. പക്വതയുള്ള പയ്യൻ എന്നാണ് ബാഴ്‌സലോണ കോച്ച് ഏണസ്‌റ്റൊ വാൽവെർദെ വിശേഷിപ്പിക്കുന്നത്. തന്റെ തന്നെ കഴിവുകളെ പൂർണമായി പ്രകാശിപ്പിക്കാൻ അൻസുവിനെ സഹായിക്കുകയാണ് ബാഴ്‌സലോണ ചെയ്യുന്നത്. ഫസ്റ്റ് ഡിവിഷനിൽ കളിക്കുന്നതിന്റെ ഗൗരവം അയാൾക്ക് അറിയാം. അതിന് കഠിനാധ്വാനം വേണമെന്നും ഒരുപാട് ദൂരം പോവേണ്ടതുണ്ടെന്നും ബോധ്യമുണ്ട് -ബാഴ്‌സലോണ കോച്ച് പറഞ്ഞു. 
എല്ലാവരെയും ബഹുമാനിക്കണമെന്നും സന്തോഷവാനായിരിക്കണമെന്നുമാണ് താൻ അൻസുവിന് നൽകിയ ആദ്യ പാഠമെന്ന് സ്‌പെയിനിലെ ഓൻഡ സേറൊ റേഡിയോയുമായുള്ള അഭിമുഖത്തിൽ പിതാവ് പറഞ്ഞു. ഓരോ ദിവസവും അവനോട് ഞാൻ പറയാറുണ്ട്. ഇത് നിന്റെ തൊഴിലാണ്. പന്ത് കിട്ടിയാൽ ഗോളിലേക്ക് തിരിയുക, മറ്റെവിടേക്കും നോക്കരുത്. വെടിയുതിർക്കുക -അദ്ദേഹം പറഞ്ഞു.

 

Latest News