തൊടുപുഴ- വീട്ടില്‍ അതിക്രമിച്ച് കയറി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്ത കേസില്‍ പാസ്റ്റര്‍ക്ക് ജീവപര്യന്തം കഠിനതടവും 1,10,000 രൂപ പിഴയും ശിക്ഷ. വണ്ടിപ്പെരിയാര്‍ ഇഞ്ചിക്കാട് എസ്റ്റേറ്റ് ലയത്തില്‍ പെരുംതഴയില്‍ ജോമോന്‍ ജെയിംസ് (33) നെയാണ് തൊടുപുഴ പോക്സോ സ്പെഷ്യല്‍ കോടതി ജഡ്ജി കെ.അനില്‍കുമാര്‍ ശിക്ഷിച്ചത്. പെണ്‍കുട്ടിയെ പീഡനത്തിന് ഇരയാക്കിയതിന് പോക്സോ നിയമത്തിലെ 4-ാം വകുപ്പ് പ്രകാരം പരമാവധി ശിക്ഷയായ ജീവപര്യന്തവും ഒരു ലക്ഷം രൂപ പിഴയും, വീട്ടില്‍ അതിക്രമിച്ച് കയറിയതിന് ഐ.പി.സി 450-ാം വകുപ്പ് പ്രകാരം 10 വര്‍ഷം കഠിന തടവും 10,000 രൂപ പിഴയുമാണ് ശിക്ഷ. ശിക്ഷ ഒരുമിച്ച് അനുഭവിച്ചാല്‍ മതിയാകും. പിഴ അടക്കാത്ത പക്ഷം മൂന്ന് വര്‍ഷം കൂടി തടവ് അനുഭവിക്കണം.
2014 ജൂലൈ ഏഴിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. പാസ്റ്ററായ പ്രതി പെണ്‍കുട്ടിയുടെയും അമ്മയുടെയും മതവിശ്വാസത്തെ മുതലെടുത്തുവെന്നും ദൈവ പ്രഘോഷണത്തിന്റെ മറവില്‍ ഇരയെ പീഡിപ്പിച്ചെന്നും ആയതിനാല്‍ പ്രതി യാതൊരു ദാക്ഷ്യണ്യവും അര്‍ഹിക്കുന്നില്ലെന്നും വിധിന്യായത്തില്‍ ചൂണ്ടിക്കാട്ടി. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. പി.ബി.വാഹിദ ഹാജരായി.