ഭീകരരുടെ സാമ്പത്തിക സ്രോതസ്സ് ഇല്ലാതാക്കണം- കുവൈത്ത്

കുവൈത്ത് സിറ്റി- ഭീകരതയുടെ ദൂഷ്യഫലം അനുഭവിക്കുന്നത് പ്രധാനമായും മധ്യപൗരസ്ത്യ ദേശമാണെന്നും ഭീകരരുടെ സാമ്പത്തിക സ്രോതസ്സ് ഇല്ലാതാക്കുകയാണ് ഭീകരതക്കെതിരായ പ്രധാന പ്രവര്‍ത്തനമെന്നും കുവൈത്ത് പ്രധാനമന്ത്രി ശൈഖ് ജാബര്‍ അല്‍ മുബാറക് അല്‍ ഹമദ് അല്‍ സബാഹ്. ന്യൂയോര്‍ക്കില്‍ യു.എന്‍ പൊതുസഭയില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ ഇല്ലാതാക്കാന്‍ ലോക രാജ്യങ്ങള്‍ കരുത്തുറ്റ നടപടികള്‍ സ്വീകരിക്കേണ്ടതുണ്ട്.
യെമന്‍, ലിബിയ, സിറിയ, സൊമാലിയ, അഫ്ഗാനിസ്ഥാന്‍ തുടങ്ങി പല രാജ്യങ്ങളും തീവ്രവാദത്തിന്റെ  ദൂഷ്യങ്ങള്‍ അനുഭവിക്കുന്നുണ്ട്. ഐ.എസിന്റെ  ദുരന്തം ഏറ്റുവാങ്ങേണ്ടി വന്ന അനുഭവം ഇറാഖിനുമുണ്ട്. യു.എന്‍ ചാര്‍ട്ടര്‍ അനുസരിച്ച് അയല്‍പക്ക ബന്ധം നിലനിര്‍ത്തുന്നതിനും ആത്മവിശ്വാസം ഉറപ്പിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാനും  ഇറാന്‍ ശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു.
യെമനിലെ പ്രശ്‌നങ്ങള്‍ രക്ഷാസമിതി നിര്‍ദേശങ്ങള്‍ക്ക് അനുസൃതമായി പരിഹരിക്കാന്‍ ബന്ധപ്പെട്ട കക്ഷികള്‍ തയാറാകണം. അത്തരത്തിലൊരു മധ്യസ്ഥതക്ക് കുവൈത്ത് സന്നദ്ധമാണെന്നും അദ്ദേഹം അറിയിച്ചു.

 

Latest News