Monday , October   14, 2019
Monday , October   14, 2019

ജീവിതം; പ്രതീക്ഷകളുടെ ആകെത്തുക...

ലാസ്റ്റ് സെമസ്റ്ററിന്റെ ഭാഗമായാണ് മീഡിയേഷന് വേണ്ടി ഞങ്ങൾ ജില്ലാ കോടതിയിലെത്തിയത്. പല കേസുകളും കോടതിയുടെ പടിവാതിലിലെത്താതെ രമ്യമായി പരിഹരിക്കുന്നതിന്റെ ഭാഗമായാണ് മീഡിയേഷൻ. അത്തരം ഒരു മീഡിയേഷന്റെ അവസാന ഘട്ടത്തിലേക്കാണ് സുഹാനയും ഉമറുൽ ഫാറൂഖും കയറി വരുന്നത്. മുറിയിലേക്ക് കയറിയ അവരോട് ജഡ്ജി മുന്നിൽ നിരത്തിയിട്ടിരുന്ന കസേരയിൽ ഇരിക്കാൻ പറഞ്ഞു. എന്താ വിശേഷം?ചിരിച്ചു കൊണ്ട് അദ്ദേഹം ചോദിച്ചു.
'സാറെ സുഖം.!'തല താഴ്ത്തികൊണ്ടായിരുന്നു ഇരുവരുടെയും മറുപടി.
എന്താ സുഹാന...പ്രശ്‌നം തീർന്നില്ലേ.
'ഇല്ല സാറെ' ...പറഞ്ഞു തുടങ്ങുമ്പോൾ തന്നെ അവർ വിതുമ്പുന്നുണ്ടായിരുന്നു.'കഴിഞ്ഞ ദിവസവും ഇവര് കുടിച്ചിട്ടാ വന്നത് . എത്ര തവണയെന്ന് വെച്ചാ ഞാൻ ക്ഷമിക്കാ.. ഇനി എന്നെക്കൊണ്ട് വയ്യ സാറേ ...!
'എന്താ ഉമറുൽ ഫാറൂഖേ ഇങ്ങിനെ?'ചിരിച്ചു കൊണ്ട് അദ്ദേഹം ചോദിച്ചു .
'ഇല്ല സാറെ, വെറുതെ പറയാണ്..ഞാൻ ഇപ്പോ കുടിക്കലില്ല. കുടിച്ചില്ലേലും അവള് പറയും കുടിച്ചൂന്ന്..
'എന്തിനാ സാറെ ഞാൻ കള്ളം പറയുന്നത്. നേരിട്ട് കാണണമെന്നോ സംസാരിക്കണമെന്നോ ഇല്ല. ഫോണിലൂടെ വിളിക്കുമ്പോൾ ഹലോ എന്ന ശബ്ദം കേട്ടാൽ മാത്രം മതി, കുടിച്ചിട്ടുണ്ടോ ഇല്ലയോ എന്ന് എനിക്കറിയാൻ. ഇന്നേവരെ ഒരു കാര്യവും ഞാനായിട്ട് ആവശ്യപ്പെട്ടിട്ടില്ല. എനിക്ക് അത് വാങ്ങിത്തരണം, ഇത് വാങ്ങി തരണം എന്നൊന്നും ഞാൻ പറഞ്ഞിട്ടില്ല. ഒറ്റകാര്യം മാത്രേ ഞാൻ ആവശ്യപ്പെട്ടിട്ടുള്ളൂ. എനിക്ക് വേണ്ടി, മക്കൾക്ക് വേണ്ടി കള്ള്കുടി നിർത്തണമെന്ന്. എന്നോടും മക്കളോടും സ്‌നേഹമുള്ള ആളാണേൽ അത് അനുസരിക്കില്ലേ. മൂപ്പര് വിചാരിച്ചാ നടക്കും. മനസ്സുകൊണ്ട് ഞാൻ ഇനി കള്ള് കുടിക്കൂലാന്ന് തീരുമാനിച്ച തീരാവുന്നതല്ലേ ഞങ്ങൾക്കിടയിലെ പ്രശ്‌നം. കണ്ണ് നിറച്ചു കൊണ്ട് ആ സ്ത്രീ അവർക്കു പറയാനുള്ളത് പറഞ്ഞുതീർത്തു. 
എന്താ ഫാറൂഖേ ഇത്?. ഇത്രയധികം നിങ്ങളെ സ്‌നേഹിക്കുന്ന, മനസ്സിലാക്കുന്ന ഭാര്യയെ ആണോ നിങ്ങൾ വിഷമിപ്പിക്കുന്നത്? നിങ്ങൾ സ്വയം നശിക്കുന്നത് കാണാൻ കഴിയാത്തതു കൊണ്ടല്ലേ അവർ വിവാഹ മോചനം വേണമെന്നു പറയുന്നത്.
ആരുടേയും മുഖത്തു നോക്കാതെ തല കുനിച്ചിരുന്ന് ഫാറൂഖ് മൂളുക മാത്രം ചെയ്തു .'സാറെ നിർത്തണമെന്നുണ്ട്. കഴിയുന്നില്ല. 
'ഇനിയും കുടിച്ചിട്ടു വന്നാ ഡിവോഴ്‌സ് മാത്രമേ എന്റെ മുന്നിലൊരു മാർഗമുള്ളൂ. എനിക്ക് വയ്യ സാറെ. ഞാനും മക്കളും എങ്ങനേലും ജീവിച്ചോളാം. ഞാൻ ഒന്നിനും ഒരു തടസ്സമാവില്ല. എന്റെ കൺമുന്നിൽ നശിക്കുന്നത് കാണാൻ ഇനി എനിക്കു വയ്യ. കുടി നിർത്തിയാ മാത്രം മതി. മരണം വരെ, എന്റെ അവസാന ശ്വാസം വരെ ഞാൻ നോക്കിക്കോളാ. ഒരു പരാതിയും പറയൂല. പറഞ്ഞു തീർത്തപ്പോഴേക്കും ആ സ്ത്രീ ഏങ്ങിയേങ്ങി കരയുന്നുണ്ടായിരുന്നു.
ഫാറൂഖേ, ഇനി നിങ്ങളാണ് തീരുമാനം എടുക്കേണ്ടത്. എന്താണ് നിങ്ങളുടെ തീരുമാനം. 'ഭാര്യ വേണോ? മദ്യം വേണോ?. ഒന്നും മറുപടി പറയാനാവാതെ അയാൾ ചോദ്യത്തിന് മുന്നിൽ പകച്ചുനിന്നു. നന്നാവാൻ ഒരവസരം കൂടി നൽകി അവരെ രണ്ടു പേരെയും മറ്റൊരു ദിവസത്തേക്ക് വരാൻ തീയതി നൽകി പറഞ്ഞയച്ചു. തിരിച്ചെത്തുന്നത് പുതിയ ജീവിതത്തിലേക്കുള്ള ചുവടുവെപ്പുമായിട്ടായിരിക്കും എന്ന പ്രതീക്ഷ മാത്രമാണുണ്ടായിരുന്നത്. ജീവിതം എന്നത് കുറെ പ്രതീക്ഷകളുടേതും കൂടിയാണല്ലോ...