ഭാര്യയെ കുത്തിക്കൊന്ന് രക്ഷപ്പെടുന്നതിനിടെ ഭർത്താവ് വാഹനാപകടത്തിൽ മരിച്ചു

ജിസാൻ - അബൂഅരീശിലെ ആശുപത്രിയിൽ നഴ്‌സായി ജോലി ചെയ്യുന്ന ഭാര്യയെ കുത്തിക്കൊന്ന് രക്ഷപ്പെടുന്നതിനിടെ വാഹനാപകടത്തിൽ സൗദി യുവാവിന് അന്ത്യം. 
ഏതാനും തവണ കുത്തേറ്റ യുവതി സംഭവസ്ഥലത്തു തന്നെ മരിച്ചു. സ്വന്തം വീട്ടിൽ വെച്ചാണ് പ്രതി ഭാര്യയെ നിഷ്‌കരുണം കുത്തിക്കൊന്നത്. തുടർന്ന് ഇക്കാര്യം ഭാര്യയുടെ സഹോദരനെ പ്രതി ഫോണിൽ അറിയിക്കുകയും ചെയ്തു. മക്കൾ തന്റെ പക്കലുള്ളതായും പ്രതി ഭാര്യാ സഹോദരനെ അറിയിച്ചു. 
ഇതിനു ശേഷം വീട്ടിൽ നിന്ന് കാറെടുത്ത് അതിവേഗം ഓടിച്ചുപോയ യുവാവ് അപകടത്തിൽ മരിക്കുകയായിരുന്നു. കാർ നിയന്ത്രണം വിട്ട് ഉപയോഗശൂന്യമായ കെട്ടിടത്തിൽ ഇടിച്ചാണ് അപകടം. ദമ്പതികൾക്ക് രണ്ടു മക്കളുണ്ട്. മൃതദേഹങ്ങൾ അബൂഅരീശ് ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സംശയ രോഗിയായ പ്രതി നേരത്തെ സഹപ്രവർത്തകനെ കൊലപ്പെടുത്തിയിരുന്നു. ഈ കേസിൽ മാപ്പ് ലഭിച്ച് ജയിൽ മോചിതനായ ശേഷമാണ് പ്രതി നഴ്‌സിനെ വിവാഹം ചെയ്തതെന്ന് ബന്ധപ്പെട്ടവർ പറഞ്ഞു. 

Latest News