Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

കശ്മീരില്‍ ഹിതപരിശോധന നടത്തണം; യു.എന്നിന് പാക്കിസ്ഥാന്റെ കത്ത്

ഇസ്‌ലാമാബാദ്- ജമ്മു കശ്മീരില്‍ ഹിതപരിശോധന നടത്തണമെന്ന് പാക്കിസ്ഥാന്‍ വിദേശകാര്യ മന്ത്രി ഷാ മഹ്്മൂദ് ഖുറേശി ആവശ്യപ്പെട്ടു. യു.എന്‍ സെക്രട്ടറി ജനറലിനും  രക്ഷാ സമിതി പ്രസിഡന്റിനും അയച്ച കത്തുകളിലാണ് ഈ ആവശ്യം ഉന്നയിച്ചത്. ഇന്ത്യ നിയമവിരുദ്ധ അധിനിവേശം നടത്തിയ പ്രദേശമെന്നാണ് കത്തില്‍ കശ്മീരിനെ വിശേഷിപ്പിക്കുന്നത്. ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 370 പ്രകാരം സംസ്ഥാനത്തിന് ഉറപ്പുനല്‍കിയിരുന്ന പ്രത്യേക പദവി കഴിഞ്ഞ ഓഗസ്റ്റ് അഞ്ചിന് ഇന്ത്യ റദ്ദാക്കിയതായി കത്തില്‍ പറയുന്നു.
ജമ്മു കശ്മീരിന്റെ പ്രത്യേക പദവി ഇല്ലാതാക്കിയതിലൂടെ ഇന്ത്യ ലക്ഷ്യമിടുന്നത് അവിടത്തെ മുസ്‌ലിം ഭൂരിപക്ഷത്തെ ന്യൂനപക്ഷമാക്കി മാറ്റുകയാണെന്നും അതുകൊണ്ടുതന്നെ    പൊതുജനാഭിപ്രായം അറിയാന്‍ യു.എന്‍ മുന്‍കൈയെടുക്കണമെന്നും കത്തില്‍  ഖുറേഷി ആവശ്യപ്പെട്ടു.  മേഖലയില്‍ ഹിതപരിശോധന നടത്തുമെന്ന് നേരത്തെ യു.എന്‍ നല്‍കിയ വാഗ്ദാനമാണെന്ന്  അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇന്ത്യയുടെ നടപടികള്‍ക്ക് മുന്നോടിയായി കശ്മീരില്‍ വന്‍ സുരക്ഷാ സന്നാഹങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. 2,00,000 സൈനികരെ കൂടി വിന്യസിച്ചതിലൂടെ ജമ്മു കശ്മീരിലെ മൊത്തം ഇന്ത്യന്‍ സൈനികരുടെ എണ്ണം 8,80,000 ആയി ഉയര്‍ന്നുവെന്നും അദ്ദേഹം പറഞ്ഞു.  
കശ്മീരില്‍ തുടരുന്ന കൊടിയ മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ച് യു.എന്‍ സെക്രട്ടറി ജനറല്‍, മനുഷ്യാവകാശങ്ങള്‍ക്കായുള്ള ഹൈക്കമ്മീഷണര്‍, മനുഷ്യാവകാശ സംഘടനകള്‍ എന്നിവരുടെ റിപ്പോര്‍ട്ടുകള്‍ക്കു പുറമെ അന്താരാഷ്ട്ര മാധ്യമങ്ങളുടെ റിപ്പോര്‍ട്ടുകളുമുണ്ടെന്ന് പാക് വിദേശകാര്യ മന്ത്രി പറഞ്ഞു. കശ്മീരി നേതാക്കളുടെ അറസ്റ്റും തടങ്കലും, പമ്പ് ആക്ഷന്‍ തോക്കുകളുടെ ഉപയോഗം, ആശയവിനിമയ ഉപരോധം, അഭിപ്രായ സ്വാതന്ത്ര്യം അടിച്ചമര്‍ത്തല്‍, ആണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോകല്‍ തുടങ്ങിയ കാര്യങ്ങളും കത്തില്‍ ചൂണ്ടിക്കാട്ടുന്നു.
ജമ്മു കശ്മീര്‍ ലോകത്തെ ഏറ്റവും വലിയ ജയിലായി മാറിയിരിക്കയാണെന്നും അവശ്യസാധനങ്ങളുടേയും മരുന്നുകളുടേയും ക്ഷാമമുണ്ടെന്നും ബേബി ഫുഡ് കിട്ടാതെ കുട്ടികള്‍ ദുരതത്തിലാണെന്നും പാക് മന്ത്രി പറഞ്ഞു. കശ്മീരിലെ ഇന്ത്യന്‍ നടപടികളെ കുറിച്ച് കഴിഞ്ഞ മാസം മാത്രം യു.എന്നിന് അഞ്ച് കത്തുകള്‍ അയച്ചിട്ടുണ്ടെന്ന് ഖുറേഷി ഓര്‍മിപ്പിക്കുന്നു. 1948 മുതല്‍ 1971 വരെ ജമ്മു കശ്മീരുമായി ബന്ധപ്പെട്ട് യു.എന്‍ 18 പ്രമേയങ്ങള്‍ പാസാക്കിയിട്ടുണ്ട്. സംസ്ഥാനത്ത് ഹിതപരിശോധന നടത്തുന്ന കാര്യമാണ് ഈ പ്രമേയങ്ങളില്‍ പറയുന്നതെന്നും കത്തില്‍ പറയുന്നു.
ജമ്മു കശ്മീരിലെ ഇന്ത്യയുടെ നടപടികള്‍ അന്താരാഷ്ട്ര പ്രതിബദ്ധതയുടെ പൂര്‍ണ ലംഘനമാണ്. 1972 ലെ സിംല കരാര്‍, 1999 ലെ ലാഹോര്‍ പ്രഖ്യാപനം, 2004 ലെ ഇസ്‌ലാമാബാദ് പ്രഖ്യാപനം എന്നിവയുള്‍പ്പെടെ നിരവധി ഉഭയകക്ഷി കരാറുകള്‍ ജമ്മു കശ്മീര്‍ തര്‍ക്കത്തിന്റെ സമാധാനപരമായ പരിഹാരത്തിനുള്ള പ്രതിബദ്ധത ഊട്ടിയുറപ്പിക്കുന്നതായിരുന്നു.
ഇന്ത്യയുടെ നടപടി മേഖലയിലെ സമാധാനത്തിനും സ്ഥിരതക്കും ഗുരുതരമായ വെല്ലുവിളികളാണ് സൃഷ്ടിക്കുന്നത്.  ജമ്മു കശ്മീരില്‍ നിന്ന് ശ്രദ്ധ തിരിക്കാനായി ഇന്ത്യന്‍ സൈന്യം അതിര്‍ത്തിയില്‍ മനപ്പൂര്‍വം സംഘര്‍ഷം സൃഷ്ടിക്കുകയാണ്.
ഇന്ത്യയും പാക്കിസ്ഥാനും സമ്മതിക്കുകയും 70 വര്‍ഷം മുമ്പ് യു.എന്‍ രക്ഷാ സമിതി തീരുമാനിക്കുകയും ചെയ്ത സ്വതന്ത്രവും നിഷ്പക്ഷവുമായ ഹിത പരിശോധനക്കായി ജമ്മു കശ്മീരിലെ ജനങ്ങള്‍ കാത്തിരിക്കുകയാണ്. ഇത് പൂര്‍ത്തീകരിക്കാന്‍ യു.എന്‍ മുന്‍കൈയെടുക്കണം-കത്തില്‍ പറഞ്ഞു.
ജമ്മു കശ്മീര്‍ വിഷയത്തില്‍ ഇന്ത്യയില്‍ സമ്മര്‍ദം ചെലുത്തുന്നതില്‍ അന്താരാഷ്ട്ര സമൂഹം പരാജയപ്പെട്ടുവെന്നും 100 കോടി ജനങ്ങളുടെ വിപണി മാത്രമാണ് അന്താരാഷ്ട്ര സമൂഹം ലക്ഷ്യമാക്കുന്നതെന്നും പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇംറാന്‍ ഖാന്‍ കഴിഞ്ഞ ദിവസം കുറ്റപ്പെടുത്തിയിരുന്നു.

 

Latest News