ഇസ്സാം, നിങ്ങളെവിടെയാണ്... ചേര്‍ത്തുപിടിക്കാന്‍ വെമ്പല്‍ കൊള്ളുന്ന മനസ്സുമായി ഒരാള്‍ ഇവിടെ കാത്തിരിക്കുന്നുണ്ട്

ഇസ്സാമിന്റെ സഹോദരന്‍ ഇമാദിനൊപ്പം നിഷയുടെ പപ്പ.
നിഷ പൊന്തത്തില്‍

ദുബായ്- അഗാധമായ മനുഷ്യബന്ധങ്ങളുടെ നൂറുനൂറു കഥകള്‍ ചരടില്‍ കോര്‍ത്ത മുത്തുകള്‍പോലെ ഇഴയടുപ്പത്തോടെ നില്‍ക്കുന്നതാണ് പ്രവാസത്തിന്റെ ചരിത്രം. ദേശവും ഭാഷയും മറന്ന്, തൊഴിലിനായി പരദേശത്തെ പ്രാതികൂല്യങ്ങളോട് പടവെട്ടുന്ന പച്ച മനുഷ്യരുടെ കഥയാണത്. ചൂഷണങ്ങളുടേയും പീഡനങ്ങളുടേയും പുതുകാല കഥകളല്ല പ്രവാസത്തിന്റെ ആദ്യകാല ചരിത്രത്തിനുള്ളത്. അത് മനുഷ്യനും മനുഷ്യനും തമ്മിലുള്ള സ്‌നേഹബന്ധത്തിന്റെ, ഒരിക്കലും വേരറ്റുപോകാത്ത കാരുണ്യത്തിന്റെ ഗാഥകളാണ്.
38 വര്‍ഷം മുമ്പ് യു.എ.ഇയിലേക്ക് ജോലി തേടിപ്പോയ അച്ഛന് അവിടെ നല്ല ജോലിയും അതിലേറെ സ്‌നേഹവും പരിഗണനയും നല്‍കിയ ലബനോന്‍കാരനാണെന്ന് കരുതുന്ന ഒരു തൊഴിലുടമയെത്തേടി ദുബായില്‍ ജോലി ചെയ്യുന്ന മകള്‍ നിഷ പൊന്തത്തില്‍ എഴുതിയ ഫെയ്‌സ്ബുക്ക് കുറിപ്പ് ഇത്തരമൊരു കഥ അനാവരണം ചെയ്യുന്നു. ഇസ്സാം അല്‍ ഹുസൈന്‍ എന്ന ഈ മനുഷ്യനെ കണ്ടെത്താന്‍ സഹായിക്കണമെന്നാണ് നിഷ പ്രവാസികളോട് ആവശ്യപ്പെടുന്നത്. അദ്ദേഹവുമായി കണ്ടുമുട്ടാന്‍ സാധിക്കുന്ന നിമിഷം തന്റെ അച്ഛന്‍ അനുഭവിക്കാന്‍ പോകുന്ന അനല്‍പമായ ആഹ്ലാദമാണ് മാധ്യമപ്രവര്‍ത്തകയായിരുന്ന നിഷയെ ഈ സാഹസത്തിന് പ്രേരിപ്പിക്കുന്നത്.  നിഷയിലൂടെത്തന്നെ ഈ കഥ നമുക്ക് കേള്‍ക്കാം:

'ഞാനൊരിക്കലും നേരിട്ട് കണ്ടിട്ടില്ലാത്ത, എന്നാല്‍ ഒരുപാട് കേട്ടിട്ടുള്ള അബുദാബിയില്‍ ജീവിച്ചിരുന്ന ഇസ്സാം അല്‍ ഹുസ്സൈന്‍ എന്ന് പേരുള്ള ഒരു അറബിയെ കണ്ടെത്താന്‍ വേണ്ടിയാണ് ഇതെഴുതുന്നത്.

1981. ഗള്‍ഫ് എന്നത് ഏതൊരു ചെറുപ്പക്കാരനെയും പോലെ ആ ഇരുപത്തഞ്ചുകാരന്റെയും സ്വപ്‌നം. കുടുംബത്തിന്റെ ഉത്തരവാദിത്തവും കല്യാണപ്രായമായി വരുന്ന മൂന്നു സഹോദരിമാരും ഭാര്യയും പിഞ്ചുകുഞ്ഞും അയാളെ ഗള്‍ഫ് എന്ന സ്വപ്‌നത്തിലേക്ക് കൂടുതലടുപ്പിച്ചു. അങ്ങനെ, കടം വാങ്ങിയ 30,000 രൂപ ഏജന്റിന് കൊടുത്ത് ബോംബെയിലെത്തി. മാസങ്ങള്‍ നീണ്ട നരകതുല്യമായ ജീവിതത്തിനൊടുവില്‍ അയാള്‍ക്ക് തയ്യല്‍ ജോലിക്കുള്ള യു.എ.ഇ വിസ ലഭിച്ചു.

അബുദാബിയില്‍നിന്നു ഏറെ ദൂരെ അല്‍ റുവൈസ എന്ന സ്ഥലത്തെ കണ്‍സ്ട്രക്ഷന്‍ സൈറ്റില്‍ എത്തിപ്പെട്ടപ്പോള്‍ മാത്രമാണ് താന്‍ വിസ തട്ടിപ്പിന് ഇരയായ കാര്യം അയാള്‍ മനസിലാക്കുന്നത്. കടം മേടിച്ച കാശ് തിരിച്ച് കൊടുക്കാനില്ലാത്തതിനാല്‍ കത്തിയെരിയുന്ന വെയിലില്‍ തുച്ഛമായ ശമ്പളത്തിന് സിമന്റ് കൂട്ടുകയല്ലാതെ നിവൃത്തിയില്ലായിരുന്നു. കുബൂസും തൈരും, ഏസിയില്ലാത്ത ലേബര്‍ ക്യാമ്പിലെ ജീവിതവും, കത്തിയെരിയുന്ന വെയിലിലെ ജോലിയും. കൂടെ വന്ന പലരും മടുത്ത് തിരികെപ്പോയെങ്കിലും കടം വീട്ടാതെ നാട്ടിലേക്കില്ല എന്ന തീരുമാനത്തില്‍ അയാള്‍ ഉറച്ചു നിന്നു. ഒരു വര്‍ഷം കത്തുന്ന വെയിലില്‍ പണിയെടുത്തും ഓവര്‍ടൈം ചെയ്തും കടം വീട്ടിയതിനു പിന്നാലെയാണ് കണ്‍സ്ട്രക്ഷന്‍ സൈറ്റില്‍ ഒരപകടം.

http://www.malayalamnewsdaily.com/sites/default/files/2019/09/24/nisha.jpg

നിഷ പൊന്തത്തില്‍

അപകടത്തില്‍ കഷ്ടിച്ച് രക്ഷപ്പെട്ടെങ്കിലും ആ സംഭവം അയാളുടെ മനോവീര്യം തകര്‍ത്തു. തുടര്‍ന്ന്, കുറച്ച് ദിവസം ലീവെടുത്ത് മറ്റൊരു സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന സുഹൃത്തിനെ കാണാന്‍ പോയി. എല്ലാം കേട്ട് കഴിഞ്ഞ് ആ സുഹൃത്ത് അയാളെ കണ്‍സ്ട്രക്ഷന്‍ സൈറ്റിലേക്ക് തിരിച്ചയക്കാതെ ചേര്‍ത്തുനിര്‍ത്തി നടത്തിയ ജോലി അന്വേഷണത്തിനൊടുവില്‍ അല്‍ റുവൈസിലെ അഡ്‌നോക്കിന്റെ ഹൗസിംഗ് കോംപ്ലക്‌സിലുള്ള ഒരു ലെബനോന്‍കാരന്റെ പഴങ്ങളും പച്ചക്കറികളും വില്‍ക്കുന്ന കടയില്‍ സെയില്‍സ്മാനായി ജോലി കിട്ടി.

ശമ്പളം കുറവായിരുന്നെങ്കിലും താമസവും ഭക്ഷണവും ലഭിച്ചതിനാല്‍ ആ ജോലിയില്‍ ചേര്‍ന്നു. ഇസ്സാം അല്‍ ഹുസൈന്‍ എന്ന് പേരുള്ള ഇരുപത്തഞ്ചിനടുത്തു പ്രായമുള്ള മുതലാളിക്ക് തുടക്കം മുതലേ പുതിയ ജോലിക്കാരനെ ഇഷ്ടമായി. കട നോക്കി നടത്താനൊക്കെ അല്‍പം മടിയുണ്ടായിരുന്ന മുതലാളി വലിയ താമസമില്ലാതെ കടയുടെ ഉത്തരവാദിത്തം മുഴുവനും അയാളെ ഏല്‍പ്പിച്ചു. കച്ചവടം കൂടിയപ്പോള്‍ മുതലാളിക്ക് അയാളില്‍ വിശ്വാസം കൂടുകയും അത് ശമ്പളത്തില്‍ പ്രതിഫലിക്കുകയും ചെയ്തു. കച്ചവടം അഭിവൃദ്ധിപ്പെടുന്നതിനനുസരിച്ച് അയാള്‍ക്ക് കൂടുതല്‍ മെച്ചപ്പെട്ട താമസ സൗകര്യവും മെസ്സിലെ ഭക്ഷണം കട്ട് ചെയ്ത് അടുത്തുള്ള നല്ലൊരു റെസ്‌റ്റോറന്റില്‍ മുതലാളിയുടെ പേരില്‍ പറ്റും ഏര്‍പ്പെടുത്തി.

കടയിലെ കണക്ക് നോക്കാന്‍ വന്ന ഒരു ദിവസം തൊഴിലാളിയുടെ ഷര്‍ട്ട് അല്‍പം മുഷിഞ്ഞിരുന്നത് ശ്രദ്ധയില്‍പെട്ടപ്പോള്‍ ഉടനെ അടുത്ത ലോണ്‍ട്രിയില്‍ വിളിച്ച് പറഞ്ഞ് എല്ലാ ദിവസവും ഡ്രസ് കഴുകാനുള്ള സൗകര്യം ഏര്‍പ്പാടാക്കി. ഇമാദ് അല്‍ ഹുസൈന്‍ എന്ന മുതലാളിയുടെ സഹോദരനും വളരെ സ്‌നേഹത്തോടെയും കരുതലോടെയുമാണ് അയാളോട് പെരുമാറിയത്. അദ്ദേഹം കടയില്‍ വരുമ്പോഴൊക്കെ ഏതോ വിലകൂടിയ ബ്രാന്‍ഡ് സിഗരറ്റും തൊഴിലാളിക്കായി കയ്യില്‍ കരുതുമായിരുന്നു.

ഇന്നും അതൊക്കെ ഓര്‍ത്തെടുക്കുമ്പോള്‍ അയാളുടെ വാക്കുകളില്‍ പഴയ മുതലാളിയോട് ഒരു സഹോദരനോടെന്ന പോലെ സ്‌നേഹം നിറയും. അവരുടെ കഥ കേള്‍ക്കുന്ന ആര്‍ക്കും അതൊരു തൊഴിലാളിയും മുതലാളിയും തമ്മിലുള്ള ബന്ധമായി തോന്നാറില്ല. അല്ലെങ്കില്‍, രണ്ടു വര്‍ഷം മാത്രം ജോലി ചെയ്ത് നാട്ടിലേക്ക് ലീവില്‍ പോകുന്ന തൊഴിലാളിയെ അബുദാബിയില്‍ അയാളുടെ അമ്മയും രണ്ട് സഹോദരന്‍മാരും വിവാഹപ്രായമെത്തിയ സഹോദരിയുമുള്ള വലിയ വീട്ടില്‍ മൂന്ന് ദിവസം താമസിപ്പിക്കാന്‍ ഏതു മുതലാളി തയ്യാറാവും? അതും പോരാഞ്ഞ്, പോകുമ്പോള്‍ ഒരു വലിയ പെട്ടി നിറയെ അയാളുടെ കുടുംബാംഗങ്ങള്‍ക്കായി സമ്മാനങ്ങള്‍ വാങ്ങി നല്‍കാന്‍ എത്രപേര്‍ മെനക്കേടും?

ഇന്ദിരാഗാന്ധി കൊല്ലപ്പെട്ട ശേഷം, സിഖ് കൂട്ടക്കൊലയില്‍ നമ്മുടെ രാജ്യം വിറങ്ങലിച്ചു നില്‍ക്കുന്ന സമയത്താണ് ഒരു മാസത്തെ അവധിക്കു അയാള്‍ നാട്ടിലെത്തിയത്. പല കാരണങ്ങള്‍കൊണ്ടും ഗള്‍ഫിലേക്ക് തിരിച്ച് പോകാന്‍ കഴിഞ്ഞില്ല. കൂടുതല്‍ ശമ്പളവും മെച്ചപ്പെട്ട ജോലിയും ഉണ്ടെന്ന് അറിയിച്ചു മുതലാളിയുടെ പേരില്‍ ഒരു പാട് ടെലിഗ്രാമുകളും കത്തുകളും വിസയുമടക്കം അയാളെത്തേടി വന്നെങ്കിലും അയാള്‍ വേദനയോടെ അതെല്ലാം വേണ്ടന്ന് വെച്ചു. കാലം ഒരുപാടു കഴിഞ്ഞു. പലപ്പോഴും, പഴയ മുതലാളിയെക്കുറിച്ചു ഓര്‍ത്തിരുന്നെങ്കിലും അഡ്രസും ഫോണ്‍ നമ്പറും നഷ്ടപ്പെട്ടതുകൊണ്ട് ബന്ധപ്പെടാനായില്ല. കാലം പിന്നെയും ഒരുപാടു മുന്നോട്ടുപോയി. നീണ്ട നാളത്തെ ബഹ്‌റൈന്‍ പ്രവാസത്തിനു ശേഷം അയാള്‍ വീണ്ടും നാട്ടില്‍ സ്ഥിരതാമസമാക്കി. അയാളുടെ മക്കള്‍ വലുതായി, അവരുടെ കല്യാണം കഴിഞ്ഞു. മാറ്റത്തിനു മാത്രം മാറ്റമില്ലാതെ മുന്നോട്ടുപോയി. നരേന്ദ്ര മോഡി രണ്ടാമതും ഇന്ത്യയുടെ പ്രധാനമന്ത്രിയായി സ്ഥാനമേല്‍ക്കുന്നതിന് ഏഴ് മാസം മുന്‍പ് അയാള്‍ വിസിറ്റ് വിസയില്‍ യു.എ.ഇയില്‍ മക്കളെ കാണാനെത്തി. ഷാര്‍ജയിലെ പൊടിക്കാറ്റില്‍ പഴയ ഓര്‍മകളും പറന്നെത്തി.

http://www.malayalamnewsdaily.com/sites/default/files/2019/09/24/imad.jpg

അക്കാലത്തെ ദുരിതങ്ങളും ഒപ്പം സ്‌നേഹവാനായ ആ മുതലാളിയെക്കുറിച്ചും ഒരിക്കല്‍ക്കൂടി അയാള്‍ അതായത്, ഞങ്ങളുടെ പപ്പ, ഞങ്ങളോട് പറഞ്ഞു. ഒരു പക്ഷെ, പഴയ മുതലാളിയെ ഒരിക്കല്‍ക്കൂടി കാണണമെന്ന് പപ്പക്ക് ആഗ്രഹമുണ്ടായിരിക്കാം, പക്ഷെ ഇതുവരെ പറഞ്ഞിട്ടില്ല. ആരെയും ബുദ്ധിമുട്ടിക്കാതിരിക്കാന്‍ ഇഷ്ടപ്പെടുന്നതുകൊണ്ടു പറയാത്തതാവും. അദ്ദേഹത്തെ കണ്ടുപിടിക്കാനുള്ള അഡ്രസ് ഒന്നും ഇല്ല. ആ കട ഇപ്പോഴവിടെ ഉണ്ടോയെന്നും അറിയില്ല. കടയില്‍നിന്നു അര കിലോമീറ്റര്‍ ദൂരത്തില്‍ ഒരു പോസ്റ്റ് ഓഫീസും, ഒരു ബാങ്കും (അല്‍ അഹ്‌ലി ആണെന്ന് തോന്നുന്നു) ഉണ്ടായിരുന്നു. 10 കിലോമീറ്റര്‍ ദൂരത്തില്‍ ഹോട്ടല്‍ റമദ ഉണ്ടായിരുന്നു. കഴിഞ്ഞ ദിവസം പഴയ ആല്‍ബത്തില്‍നിന്നു കിട്ടിയ പടങ്ങളില്‍ പപ്പയും ഇസ്സാമിന്റെ സഹോദരന്‍ ഇമാദ് അല്‍ ഹുസൈനും ഒരുമിച്ചു നില്‍ക്കുന്ന ഫോട്ടോകള്‍ കിട്ടിയതാണ് ഈ എഴുത്തിന് പ്രചോദനം.

ആ നല്ല മനുഷ്യന്‍ ജീവനോടെയുണ്ടെങ്കില്‍ അദ്ദേഹത്തെ കണ്ടുപിടിക്കണം. പുതുവര്‍ഷത്തില്‍ പപ്പ വരുമ്പോള്‍ അദേഹത്തിനെ കാണാന്‍ കൊണ്ടുപോകണം. യു.എ.ഇ 2019 നെ സഹിഷ്ണുതാ വര്‍ഷമായി ആചരിക്കുന്ന ഈ അവസരത്തില്‍ ജാതി, മത, ഭാഷ ഭേദങ്ങളില്ലാതെ സ്‌നേഹവും മനുഷ്യത്വവും കൊണ്ട് പപ്പയുടെ മനസ്സ് കീഴടക്കിയ ആ വലിയ മനുഷ്യനെ കണ്ടെത്താന്‍ ഞാന്‍ സോഷ്യല്‍ മീഡിയയുടെ സഹായം അഭ്യര്‍ഥിക്കുന്നു. അദ്ദേഹത്തിന്റെ കുടുംബക്കാരോ വേണ്ടപ്പെട്ടവര്‍ ആരെങ്കിലുമോ ഈ ഫോട്ടോ കാണുന്നതുവരെ ദയവായി നിങ്ങള്‍ ഈ പോസ്റ്റ് ഷെയര്‍ ചെയ്യുക. പപ്പ അദ്ദേഹത്തെ കണ്ടുമുട്ടുന്ന ദിവസം വരുമെന്ന പ്രതീക്ഷയില്‍ നിര്‍ത്തുന്നു.'

 

Latest News