മക്ക- ഈ വർഷം (ഹിജ്‌റ 1441) വിദേശ രാജ്യങ്ങളിൽ നിന്ന് എത്തുന്ന ഉംറ തീർഥാടകരുടെ എണ്ണം ഒരു കോടിയായി ഉയരുമെന്ന് പ്രതീക്ഷിക്കുന്നതായി ഹജ്, ഉംറ മന്ത്രി ഡോ.മുഹമ്മദ് ബിൻതൻ പറഞ്ഞു.
കഴിഞ്ഞ അമ്പതു വർഷത്തിനിടെ പത്തു കോടിയിലേറെ പേർ ഹജ് കർമം നിർവഹിച്ചിട്ടുണ്ട്. മുപ്പതു വർഷത്തിനിടെ വിദേശങ്ങളിൽ നിന്ന് പത്തു കോടിയിലേറെ ഉംറ തീർഥാടകരും പുണ്യഭൂമിയിലെത്തി.
2030 ഓടെ പ്രതിവർഷം പുണ്യഭൂമിയിലെത്തുന്ന ഉംറ തീർഥാടകരുടെ എണ്ണം മൂന്നു കോടിയിലേറെയായി ഉയർത്തുകയാണ് ലക്ഷ്യം. ഇതിനാവശ്യമായ പശ്ചാത്തല സൗകര്യങ്ങളും സേവനങ്ങളും ഒരുക്കിവരികയാണ്. ഹജ്, ഉംറ സേവന മേഖലയിൽ പ്രവർത്തിക്കുന്ന ഒരാളെങ്കിലുമില്ലാത്ത ഒരു സ്വദേശി കുടുംബം സൗദിയിലില്ല. മക്കയിലും മദീനയിലും പുണ്യസ്ഥലങ്ങളിലും വൻകിട വികസന പദ്ധതികൾ നടപ്പാക്കി വരികയാണ്. വിശുദ്ധ ഹറമിലും മസ്ജിദുന്നബവിയിലും വികസന പദ്ധതികൾ നടപ്പാക്കുന്നുണ്ട്. ആധുനിക സൗദി അറേബ്യ സ്ഥാപിതമായതു മുതൽ ഇരു ഹറമുകളുടെയും പരിചരണത്തിന് ഏറ്റവും വലിയ ശ്രദ്ധയും പരിഗണനയുമാണ് സൗദി ഭരണാധികാരികൾ നൽകിവരുന്നത്.
ഉംറ തീർഥാടകരുടെ എണ്ണം ഉയർത്തൽ-തീർഥാടകരുടെ സൗദിയിലേക്കുള്ള യാത്രാ നടപടികൾ എളുപ്പമാക്കൽ, ഉയർന്ന ഗുണമേന്മയുള്ള സേവനങ്ങൾ ഹജ്-ഉംറ തീർഥാടകർക്ക് നൽകൽ, തീർഥാടകരുടെ സാംസ്‌കാരിക-മത അനുഭവം സമ്പന്നമാക്കൽ എന്നീ മൂന്നു പ്രധാന ലക്ഷ്യങ്ങൾ സാക്ഷാൽക്കരിക്കാൻ ഉന്നമിടുന്ന തീർഥാടന സേവന പ്രോഗ്രാം കഴിഞ്ഞ റമദാനിൽ തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവ് ഉദ്ഘാടനം ചെയ്തിരുന്നു. വിഷൻ-2030 പദ്ധതിയുടെ ഭാഗമാണിത്. പ്രോഗ്രാമിന്റെ ഭാഗമായി 130 പദ്ധതികൾ നടപ്പാക്കും. ഇതിൽ 32 സർക്കാർ വകുപ്പുകൾ പങ്കാളിത്തം വഹിക്കുന്നതായും ഹജ്, ഉംറ മന്ത്രി പറഞ്ഞു.






