ലാലേട്ടന്‍ പെട്ടു, ഇനി  ഒരു പാര്‍ട്ടിയിലേക്കുമില്ല 

കൊച്ചി- രാഷ്ട്രീയ മോഹങ്ങള്‍ക്ക് വിരാമമിട്ട് ഒടുവില്‍ നടന്‍ മോഹന്‍ലാല്‍. താന്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയിലും അംഗമാകില്ലന്നും ആര്‍ക്കും വേണ്ടി രംഗത്തിറങ്ങില്ലന്നതുമാണ് താരത്തിന്റെ പുതിയ നിലപാട്. ആന കൊമ്പ് കേസില്‍ ലാലിനെ പ്രതിയാക്കി വനം വകുപ്പ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ച സാഹചര്യത്തിലാണ് രാഷ്ട്രിയ മോഹങ്ങളോട് താര രാജാവ് ഗുഡ് ബൈ പറഞ്ഞിരിക്കുന്നത്. സംഘപരിവാര്‍ സംഘടനയായ സേവാഭാരതിയുമായി ചേര്‍ന്ന് സേവന പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ലാലിനെ സ്ഥാനാര്‍ത്ഥിയാക്കാന്‍ കഴിഞ്ഞ ലോകസഭ തിരഞ്ഞെടുപ്പില്‍ തന്നെ ബി.ജെ.പി ശ്രമിച്ചിരുന്നു. എന്നാല്‍ തല്‍ക്കാലം രാഷ്ട്രീയത്തിലിറങ്ങുന്നില്ലന്ന മറുപടിയാണ് അന്ന് അദ്ദേഹം നല്‍കിയിരുന്നത്. അപ്പോഴും രാഷ്ട്രീയത്തോട് പൂര്‍ണമായും വിമുഖത മോഹന്‍ലാല്‍ കാണിച്ചിരുന്നില്ല.
2021 ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ മോഹന്‍ലാലിനെ ഉപയോഗപ്പെടുത്തണമെന്ന നിര്‍ദ്ദേശമാണ് ബി.ജെ.പി കേന്ദ്ര നേതൃത്വവും സംസ്ഥാന ഘടകത്തിന് നല്‍കിയിരുന്നത്. ഇതിനു വേണ്ടിയുള്ള ചര്‍ച്ചകളും അണിയറയില്‍ സജീവമായിരുന്നു. എന്നാല്‍ അപ്രതീക്ഷിതമായി ആനക്കൊമ്പ് കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചതോടെ ലാല്‍ പ്രതിരോധത്തിലാവുകയാണുണ്ടായത്.
ആനക്കൊമ്പു കൈവശം സൂക്ഷിച്ച കേസില്‍ നടന്‍ മോഹന്‍ലാല്‍ ഉള്‍പ്പെടെ 4 പേര്‍ക്കെതിരെയാണ് വനംവകുപ്പ് പെരുമ്പാവൂര്‍ മജിസ്‌ട്രേട്ട് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. വന്യജീവി സംരക്ഷണ നിയമ പ്രകാരം മതിയായ രേഖകളില്ലാതെ ആനക്കൊമ്പു കൈമാറിയതിനും സൂക്ഷിച്ചതിനുമാണു കേസ്.

Latest News