ജിസാന്‍- പ്രവാസ ജീവിതത്തില്‍ സേവനം സപര്യയാക്കിയ ജിസാന്‍കാരുടെ കോട്ടയം മൊയ്തീന്‍ പലതുകൊണ്ടും വ്യത്യസ്തനാണ്. സൗദി അറേബ്യയുടെ ദേശീയ 89 ാം ദേശീയ ദിനത്തില്‍ എല്ലാ പ്രവാസികള്‍ക്കും അഭിമാനാര്‍ഹമാണ് അദ്ദേഹത്തിന്റെ പ്രവാസ ജീവിതം.
ജീവിച്ചിരിക്കുന്നവര്‍ക്ക് നല്‍കുന്ന സേവനങ്ങള്‍ക്കു പുറമെ, പ്രവാസത്തില്‍ പൊലിഞ്ഞ 48 പേരുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാനും മുന്നിട്ടിറങ്ങിയ മൊയ്തീന്‍ സ്വന്തം ശരീരം പോറ്റു നാടിന് ദാനം ചെയ്തും വ്യത്യസത്‌നായി.
മലപ്പുറം ചെമ്മങ്കടവ് സ്വദേശി കല്ലേങ്ങല്‍ മുഹമ്മദ് എന്ന കപ്പോടത്ത് മുഹമ്മദിന്റെ മകന്‍ കോട്ടയം മൊയ്തിനായത് ഈരാറ്റുപേട്ടയിലെ ജീവിതത്തിലൂടെയാണ്. അവിടെ വാപ്പ ജോലി ചെയ്തിരുന്ന തീക്കോയ് എസ്‌റ്റേറ്റിലും പരിസരത്തും നടത്തിയ സാമൂഹ്യ സേവന താല്‍പര്യവും മൊയ്തീന്‍ പ്രവാസ ലോകത്തേക്ക് കൊണ്ടുവന്നു. 1985 ലാണ് മൊയ്തീന്‍ പ്രവാസിയായത്.
ജിസാനിലെ ബെയ്ഷില്‍ ബിന്‍നാസയിലേക്കായിരുന്നു ആദ്യ കാല്‍വെപ്പ്. മസ്‌റ മുതല്‍ റൊട്ടിപ്പണി വരെ ചെയ്യാത്ത ജോലകളില്ല. മൊയ്തീന്റെ പെരുമാറ്റ ശൈലിയുടെ മേന്മയാവണം സ്‌പോണ്‍സര്‍ ബിസിനസ് നോക്കി നടത്താനുള്ള സൗകര്യം ഒരുക്കിക്കൊടുത്തു. ബെയ്ഷില്‍ ആദ്യമായി സാറ്റലൈറ്റ്, ഇലക്ട്രോണിക് കട നടത്തി മലയാളി എന്ന പേര് മൊയ്തീന് സ്വന്തം. ദര്‍ബില്‍ ബിന്‍ നാസ ഇലക്ട്രോണിക്‌സ്, ഹറമൈന്‍ ഇലക്ട്രോണിക്ക് തുടങ്ങിയ സ്ഥാപനങ്ങള്‍ നടത്തി. ബിസിനസിനേക്കാള്‍ സാമൂഹ്യ സേവനങ്ങള്‍ക്ക് ഊന്നല്‍ നല്‍കിയതോടെ മൊയ്തീന്‍ കടക്കാരനായി. ചിട്ടികളിലും മറ്റും മൊയ്തീനെ ജാമ്യം നിര്‍ത്തി മുങ്ങിയവരേറെയാണ്.
ജിസാന്‍ ബെയ്ഷിലെ പ്രവാസി സംഘടനയായ ജല യുടെ സാമൂഹ്യ ജീവകാരുണ്യ പ്രവര്‍ത്തന തലവനാണ് കോട്ടയം മൊയ്തീന്‍. ജിസാനില്‍ പൊലിഞ്ഞ് പോയ 48 മൃതദേഹങ്ങള്‍ നാട്ടിലേക്കയച്ചത് മൊയ്തീന്റെ കരങ്ങളാലാണ്. ഒരു കൈ സഹായമായി അസീര്‍ പ്രവാസി സംഘം സിക്രട്ടറി ഷാജി പരപ്പനങ്ങനങ്ങാടി ഒപ്പമുണ്ട്.
ഹൃദയ സംബന്ധമായ ശസ്ത്രക്രിയക്ക് വിധേയനായ മൊയ്തീന്‍ സഹായം നല്‍കിയ സ്വദേശി സുഹുത്തുക്കളെ നന്ദിയോടെ ഓര്‍ക്കുന്നു. വലിയ വ്യാപാര സ്ഥാപനങ്ങളും സൗകര്യങ്ങളും ഉണ്ടായിരുന്ന മൊയ്തീന് എല്ലാം കൈവിട്ട് പോയതില്‍ സങ്കടമില്ല. ഇപ്പോള്‍ സുഹൃത്തുക്കളുടെ തുണയാല്‍ വാങ്ങിയ വാഹനത്തില്‍ ജിസാന്‍ യൂനിവേഴ്‌സിറ്റിയിലേക്ക് കുട്ടികളെ കൊണ്ടു പോകുന്നു.
ആശുപത്രി മോര്‍ച്ചറികളില്‍ വര്‍ഷങ്ങളായി വിറങ്ങലിച്ച മൃതദേഹങ്ങള്‍ നൂലാമാലകള്‍ തീര്‍ത്ത് നാട്ടിലയക്കാന്‍ മൊയ്തീന്റെ സഹായം തേടുന്ന ജിസാന്‍ നിയമപാലകര്‍. എവിടെയോ കിടക്കുന്ന ഒരു പരിചയവുമില്ലാത്തവന്റെ ചേതനയറ്റ ശരീരം വിമാനത്തില്‍ കയറ്റുമ്പോള്‍ അതാണ് മൊയ്തീന് ചാരിതാര്‍ഥ്യം.
സ്വദേശം കണ്ടിട്ട് പത്ത് വര്‍ഷത്തോളമായി. ഇതിനിടയില്‍ ഭാര്യയും മക്കളും തന്റെ വാസസ്ഥലം കണ്ട് പോയതില്‍ സന്തോഷമുണ്ട്. ശരീരം സൗദി അറേബ്യക്ക് ദാനം ചെയ്യാന്‍ നൊന്തുപെറ്റ ഉമ്മ ആദ്യം സമ്മതിച്ചിരുന്നില്ല. മുപ്പതോളം തവണ വിളിച്ച് സംസാരിച്ച ശേഷം ഉമ്മയുടെ സമ്മതം ലഭിച്ച കാര്യം പറയുമ്പോള്‍ മൊയ്തീന്റെ കണ്ഠമിടറും. റാഹിലയാണ് സഹധര്‍മിണി. അന്‍സാരി, ഷാഹിന എന്നിവര്‍ മക്കളും അന്‍സി, നജീബ് എന്നിവര്‍ മരുമക്കളുമാണ്.
കണ്ണുകള്‍ക്കും കിഡ്‌നിക്കും പുറമെ, മറ്റു ശരീര ഭാഗങ്ങള്‍ മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ഥികളുടെ പഠനത്തിനായി വിട്ട് നല്‍കിയ സമ്മതപത്രവുമായി പുഞ്ചിരിച്ച് നില്‍ക്കുന്ന മൊയ്തീന്‍ സൗദി ദേശീയ ദിനത്തില്‍ മലയാളികള്‍ക്ക് അഭിമാനമാണ്.!