Sorry, you need to enable JavaScript to visit this website.

ബ്രിട്ടീഷ് ടൂര്‍ കമ്പനി തോമസ് കുക്ക് തകര്‍ന്നു; വിദേശത്ത് കുടുങ്ങിയത് ഒന്നര ലക്ഷം ടൂറിസ്റ്റുകള്‍

ലണ്ടന്‍- ലോക പ്രശസ്ത ടൂര്‍, ട്രാവല്‍ കമ്പനി തോമസ് കുക്ക് സാമ്പത്തിക പ്രതിസന്ധി മൂലം തകര്‍ന്നു. പ്രവര്‍ത്തനം അവസാനിപ്പിച്ചതോടെ കമ്പനി മുഖേന വിദേശങ്ങളില്‍ അവധിയാഘോഷത്തിനു പോയ ഒന്നര ലക്ഷത്തോളം ബ്രിട്ടീഷുകാര്‍ വിവിധ രാജ്യങ്ങള്‍ കുടുങ്ങി. ഇവരെ തിരിച്ചെത്തിക്കാനുള്ള ശ്രമങ്ങള്‍ സര്‍ക്കാര്‍ തുടങ്ങി. ലോകത്തൊട്ടാകെ ആറു ലക്ഷത്തിലേറെ ബുക്കിങുകളും കമ്പനി റദ്ദാക്കി. കമ്പനി പൂട്ടിയതോടെ തോമസ് കുക്കിന്റെ നാലു വിമാനങ്ങളുടെ സര്‍വീസ് അവസാനിപ്പിച്ചതായി സിവില്‍ ഏവിയേഷന്‍ അതോറിറ്റി അറിയിച്ചു. 16 രാജ്യങ്ങളിലായുള്ള കമ്പനിയുടെ 21,000 ജീവനക്കാര്‍ക്ക് ജോലിയും നഷ്ടപ്പെടും. 9000 പേരും ബ്രിട്ടനിലാണ്. കടക്കെണിയില്‍ മുങ്ങിയ കമ്പനിയെ കൂടുതല്‍ പ്രതിസന്ധിയിലാക്കിയത് ബ്രെക്‌സിറ്റുമായി ബന്ധപ്പെട്ട അനിശ്ചിതത്വങ്ങളാണെന്ന് കമ്പനി പ്രതികരിച്ചു. അടച്ചുപൂട്ടല്‍ ഒഴിവാക്കാന്‍ അടിയന്തിരമായി 25 കോടി ഡോളര്‍ ആവശ്യമാണെന്ന് വെള്ളിയാഴ്ച കമ്പനി വ്യക്തമാക്കിയിരുന്നു. ഓഹരി ഉടമകളുമായും ബാങ്കുകളുമായി ചര്‍ച്ചയിലാണെന്നും 178 വര്‍ഷം പഴക്കമുള്ള കമ്പനി അറിയിച്ചിരുന്നു. ഈ ശ്രമം വിജയിച്ചില്ല.

പാക്കേഡ് ഹോളിഡെ സേവനങ്ങള്‍ക്ക് പേരുകേട്ട കമ്പനി പ്രവര്‍ത്തനം അവസാനിപ്പിച്ചതില്‍ അതിയായ ദുഃഖമുണ്ടെന്ന് സിഇഒ പീറ്റര്‍ ഫാന്‍കോസര്‍ പറഞ്ഞു. ഈ സാഹചര്യം ഒഴിവാക്കാന്‍ വഴിയൊരുങ്ങിയതായിരുന്നുവെന്നും എന്നാല്‍ അവസാന ദിവസങ്ങളില്‍ വെല്ലുവിളിയായെന്നും അദ്ദേഹം പറഞ്ഞു. ഇതു സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ അദ്ദേഹം വെളിപ്പെടുത്തിയില്ല.

വിവിധ രാജ്യങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന തോമസ് കുക്ക് ഉപഭോക്താക്കളായ ടൂറിസ്റ്റുകളെ തിരിച്ചെത്തിക്കാന്‍ ബ്രിട്ടീഷ് ട്രാന്‍സ്‌പോര്‍ട്ട് വകുപ്പ് തിരക്കിട്ട നീക്കങ്ങള്‍ നടത്തിവരികയാണ്. ബ്രിട്ടീഷ് ചരിത്രത്തിലെ ഏറ്റവും വലിയ തിരിച്ചെത്തിക്കല്‍ യജ്ഞമായിരിക്കും ഇതെന്ന് ട്രാന്‍സ്‌പോര്‍ട്ട് സെക്രട്ടറി ഗ്രാന്‍ഡ് ഷാപ്‌സ് പറഞ്ഞു.

Latest News