സര്‍ക്കാരിന്റെ പണം മുഴുവന്‍ പെന്‍ഷന്‍ കൊടുത്തു തീര്‍ക്കുന്നു- മന്ത്രി ഇ.പി ജയരാജന്‍

അബുദാബി- സര്‍ക്കാരിന്റെ കൈയില്‍ പണമോ സാങ്കേതിക വിദ്യയോ ഇല്ലെന്നും വരുമാനത്തിന്റെ 93 ശതമാനവും 54 ലക്ഷം പേര്‍ക്ക് പെന്‍ഷന്‍ കൊടുക്കാനാണ് ഉപയോഗിക്കുന്നതെന്നും കുറ്റപ്പെടുത്തി മന്ത്രി ഇ.പി. ജയരാജന്‍. ശേഷിച്ച ഏഴു ശതമാനം കൊണ്ട് ഒന്നും ചെയ്യാന്‍ സാധ്യമല്ലാത്തതിനാലാണ്  നിക്ഷേപകരുടെ അടുത്തുനിന്നു ഫണ്ട് ശേഖരിക്കാന്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സാധാരണ പ്രവാസികള്‍ക്കുകൂടി നിക്ഷേപിക്കാവുന്ന വിധമുള്ള നിക്ഷേപ പദ്ധതി മുഖ്യമന്ത്രി ഉടന്‍ പ്രഖ്യാപിക്കുമെന്നും അബുദാബി കേരള സോഷ്യല്‍ സെന്റര്‍ നല്‍കിയ സ്വീകരണത്തില്‍ മന്ത്രി പറഞ്ഞു.
മാനദണ്ഡങ്ങള്‍ പാലിക്കുന്ന വ്യവസായങ്ങള്‍ക്ക് മൂന്ന് വര്‍ഷത്തിനകം ലൈസന്‍സ് നടപടികള്‍ പൂര്‍ത്തീകരിച്ചാല്‍ മതിയെന്നു വ്യവസായ മന്ത്രി പറഞ്ഞു. ചുവപ്പുനാടയില്ലാത്ത നിക്ഷേപ വ്യവസായ അന്തരീക്ഷം ഒരുക്കും. കേരളത്തെ വ്യവസായ സൗഹൃദ സംസ്ഥാനമാക്കി മാറ്റുകയാണ് ലക്ഷ്യം. 50,000 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍ കിഫ്ബി വഴി നടക്കുന്നു. സ്‌കൂള്‍, ആശുപത്രി തുടങ്ങിയവ ഹൈടെക് ആക്കുന്നു. ദേശീയ പാതകളും റെയില്‍വേയും നവീകരിക്കുന്നു- അദ്ദേഹം ചൂണ്ടിക്കാട്ടി.
പ്രസിഡന്റ് എ.കെ ബീരാന്‍കുട്ടി, കേരള സോഷ്യല്‍ സെന്റര്‍ ആക്ടിംഗ് ജനറല്‍ സെക്രട്ടറി നിര്‍മല്‍ തോമസ്, കലാവിഭാഗം സെക്രട്ടറി ഹാരിസ്, ശക്തി പ്രസിഡന്റ് അന്‍സാരി, പത്മനാഭന്‍, നോര്‍ക്ക ഡയറക്ടര്‍ എ.വി മുസ്തഫ, ശ്രീവത്സന്‍ എന്നിവര്‍ പ്രസംഗിച്ചു.

 

Latest News