Sorry, you need to enable JavaScript to visit this website.

സൗദിയില്‍നിന്ന് വിദേശികളുടെ കൊഴിഞ്ഞുപോക്ക് കുറയുന്നു

റിയാദ്- തൊഴിൽ നഷ്ടപ്പെട്ടും ജോലി ഉപേക്ഷിച്ചും സൗദി അറേബ്യയിൽ നിന്ന് കൊഴിഞ്ഞുപോകുന്ന വിദേശികളുടെ എണ്ണം കുറഞ്ഞതായി ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്‌സ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ഈ വർഷം രണ്ടാം പാദത്തെ കണക്കുകൾ പ്രകാരം സൗദിയിൽ നിന്നുള്ള വിദേശികളുടെ കൊഴിഞ്ഞുപോക്കിന് വേഗം കുറഞ്ഞിട്ടുണ്ട്. ഈ വർഷം രണ്ടാം പാദത്തിൽ 1,32,000 വിദേശ തൊഴിലാളികളാണ് സൗദി അറേബ്യ വിട്ടത്. 2017 മൂന്നാം പാദം മുതൽ ഇതുവരെയുള്ള കാലത്ത് വിദേശികളുടെ കൊഴിഞ്ഞുപോക്ക് ഏറ്റവും കുറഞ്ഞത് ഈ വർഷം രണ്ടാം പാദത്തിലാണ്. 2017 ആദ്യം മുതൽ ഈ വർഷം രണ്ടാം പാദാവസാനം വരെയുള്ള 30 മാസക്കാലത്ത് സൗദി അറേബ്യ വിട്ട വിദേശ തൊഴിലാളികളുടെ എണ്ണം 19 ലക്ഷമായി ഉയർന്നിട്ടുണ്ട്. രണ്ടര വർഷത്തിനിടെ കഴിഞ്ഞ കൊല്ലം രണ്ടാം പാദത്തിലാണ് ഏറ്റവും കൂടുതൽ വിദേശ തൊഴിലാളികൾ സൗദി അറേബ്യയിൽ നിന്ന് കൊഴിഞ്ഞുപോയത്. 
ഈ വർഷം രണ്ടാം പാദത്തിലെ കണക്കുകൾ പ്രകാരം സ്വദേശികൾക്കിടയിലെ തൊഴിലില്ലായ്മാ നിരക്ക് 12.3 ശതമാനമായി കുറഞ്ഞിട്ടുണ്ട്. ആദ്യ പാദത്തിൽ തൊഴിലില്ലായ്മാ നിരക്ക് 12.5 ശതമാനമായിരുന്നു. പുരുഷന്മാർക്കിടയിലെ തൊഴിലില്ലായ്മാ നിരക്ക് മൂന്നു മാസത്തിനിടെ 6.6 ശതമാനത്തിൽ നിന്ന് ആറു ശതമാനമായി കുറഞ്ഞു. വനിതകൾക്കിടയിലെ തൊഴിലില്ലായ്മാ നിരക്ക് 31.1 ശതമാനമാണ്. ആദ്യ പാദത്തിൽ വനിതകൾക്കിടയിലെ തൊഴിലില്ലായ്മാ നിരക്ക് 31.7 ശതമാനമായിരുന്നു. 20 മുതൽ 24 വരെ പ്രായമുള്ള യുവാക്കൾക്കിടയിലെ തൊഴിലില്ലായ്മാ നിരക്ക് 36.3 ശതമാനത്തിൽ നിന്ന് 30.8 ശതമാനമായി കുറഞ്ഞു. ഈ പ്രായ വിഭാഗത്തിൽ പെട്ട യുവതീ യുവാക്കൾക്കിടയിൽ ഒരുപോലെ തൊഴിലില്ലായ്മാ നിരക്ക് വലിയ തോതിൽ കുറഞ്ഞതാണ് രണ്ടാം പാദത്തിൽ സ്വദേശികൾക്കിടയിലെ തൊഴിലില്ലായ്മാ നിരക്ക് മൊത്തത്തിൽ കുറയാൻ ഇടയാക്കിയത്. 20 മുതൽ 24 വരെ പ്രായമുള്ള യുവാക്കൾക്കിടയിൽ തൊഴിലില്ലായ്മാ നിരക്ക് 21.4 ശതമാനമായും വനിതകൾക്കിടയിലെ തൊഴിലില്ലായ്മാ നിരക്ക് (58.5) ശതമാനമായുമാണ് രണ്ടാം പാദത്തിൽ കുറഞ്ഞത്. രണ്ടു വർഷത്തിനിടയിലെ ഈ പ്രായവിഭാഗത്തിൽ പെട്ടവർക്കിടയിലെ ഏറ്റവും കുറഞ്ഞ തൊഴിലില്ലായ്മാ നിരക്കാണിത്. 
സ്വകാര്യ മേഖലയിലെ വനിതാ തൊഴിലാളികളുടെ പങ്കാളിത്തം 23.2 ശതമാനമായി രണ്ടാം പാദത്തിൽ ഉയർന്നു. ഒന്നാം പാദത്തിൽ വനിതാ പങ്കാളിത്തം 20.5 ശതമാനമായിരുന്നു. സ്വകാര്യ മേഖലയിൽ വനിതകൾക്ക് തൊഴിലവസരങ്ങൾ ലഭ്യമാക്കുന്നതിന് തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം വിവിധ പദ്ധതികൾ നടപ്പാക്കുന്നതാണ് ഈ നേട്ടം കൈവരിക്കാൻ സഹായിച്ചത്. ഒരു വർഷത്തിനിടെ ഗാർഹിക തൊഴിലാളികളുടെ എണ്ണം 28 ശതമാനം തോതിൽ വർധിച്ചു. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം രാജ്യത്ത് 31 ലക്ഷത്തിലേറെ ഗാർഹിക തൊഴിലാളികളാണുള്ളത്. ഇക്കൂട്ടത്തിൽ 21 ലക്ഷം പേർ പുരുഷന്മാരും 9,87,500 ഓളം പേർ വേലക്കാരികളുമാണ്. 

Latest News