കുവൈത്ത് സിറ്റി- കണ്ണൂരില്‍ നിന്നെത്തിയ ഗോ എയര്‍ വിമാനത്തിന് കുവൈത്ത് രാജ്യാന്തര വിമാനത്താവളത്തില്‍ വാട്ടര്‍ ഗണ്‍ സല്യൂട്ട്. രാവിലെ 7 ന് കണ്ണൂരില്‍ നിന്ന് പുറപ്പെട്ട് 9.30ന് കുവൈത്തില്‍ എത്തി 10.30ന് കുവൈത്തില്‍ നിന്ന് തിരിച്ച് വൈകിട്ട് 6ന് കണ്ണൂരില്‍ എത്തുന്നവിധം പ്രതിദിന സര്‍വീസ് ആണു ഗോ എയര്‍ ആരംഭിച്ചിട്ടുള്ളത്.
കുവൈത്ത് സിവില്‍ ഏവിയേഷന്‍ ഡയറക്ടറേറ്റിലെ ഓപറേഷന്‍ ഡയറക്ടര്‍ മന്‍സൂര്‍ അല്‍ ഹാഷിമി, വിമാനത്താവളത്തിലെ ഗ്രൗണ്ട് ഹാന്‍ഡ്‌ലിങ് അസി.ഡയറക്ടര്‍ മസ്‌യാദ് സാറന്‍ അല്‍ മുതൈരി, കുവൈത്ത് എയര്‍വേയ്‌സ് ക്വാളിറ്റി കണ്‍ട്രോള്‍ ആന്‍ഡ് കണ്‍സ്യുമര്‍ റിസര്‍ച് ഓഫിസ് മേധാവി ജാസിം മുഹമ്മദ് അല്‍ ഖബന്ദി, ഗോ എയര്‍ സീനിയര്‍ ജനറല്‍ മാനേജര്‍ ജലീല്‍ ഖാലിദ്, ജിഎസ്എ ആയ് ആര്‍എംഐയുടെ മാനേജിങ് ഡയറക്ടര്‍ സലീം മുറാദ്, ഡയറക്ടര്‍ രാജേന്ദ്ര ബാബു തുടങ്ങിയവര്‍ സ്വീകരണ ചടങ്ങില്‍ പങ്കെടുത്തു.






