Sorry, you need to enable JavaScript to visit this website.
Thursday , May   28, 2020
Thursday , May   28, 2020

പ്രണയമില്ലെങ്കിൽ ഉടലിനെപ്പോലൊരു  കടുപ്പമാം മരമില്ല വേറെ... 

നരകതുല്യമായ ദാമ്പത്യജീവിതം അനുഭവിക്കുന്നവർ ചുറ്റിലും ധാരാളം ഉണ്ട്. കൗൺസിലിംഗ് സെഷനുകളിൽനിന്ന് കിട്ടുന്ന പാഠങ്ങളും അനുഭവങ്ങളും അപഗ്രഥനം നടത്തിയപ്പോഴൊക്കെ ഇക്കാര്യം ബോധ്യപ്പെട്ടിട്ടുണ്ട്. 
ഭാര്യാഭർതൃ ബന്ധത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഘടകമാണ് ദാമ്പത്യസുഖം പൂർണ തൃപ്തിയോടെ ആസ്വദിക്കുന്ന ഇണകൾ. സമ്പൂർണ തൃപ്തിയോടെ എല്ലാ കാലത്തും രതിസുഖം ആസ്വദിക്കാൻ കഴിയില്ല എന്നത് സ്വാഭാവികമാണ്. എന്നാൽ വല്ലപ്പോഴുമെങ്കിലും ഹൃദ്യമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നവരുടെ എണ്ണം വളരെ കുറഞ്ഞു വരുന്നതായി അടുത്ത കാലങ്ങളിൽ ഇടപെട്ട ദാമ്പത്യ ജീവിത പ്രശ്‌നങ്ങളുമായി എത്തിയ ചിലരെങ്കിലും തുറന്നു പറയുന്നു.
ലൈംഗികതയുമായി ബന്ധപ്പെട്ട് പലർക്കും പല തെറ്റായ ധാരണകളും ഉള്ളതായി കാണാം. ലൈംഗിക വിദ്യാഭ്യാസ കുറവുകൊണ്ടോ അറിവില്ലായ്മ കൊണ്ടോ എല്ലാമാണ് പലപ്പോഴും പല കുടുംബങ്ങളിലും സംഘർഷങ്ങൾ ഉടലെടുക്കുന്നതും ലൈംഗിക വിരക്തിയിലേക്കും വിവാഹ മോചനത്തിലേക്കും കാര്യങ്ങൾ ചെന്ന് കലാശിക്കുന്നതും. 
വായിച്ചും പഠിച്ചും കണ്ടും കേട്ടും മനസ്സിൽ രൂപപ്പെടുത്തിയ ലൈംഗിക പരാക്രമങ്ങളുടെയും ഭീകരവും വികൃതവുമായ ലൈംഗിക കേളികളുടെയും രംഗങ്ങൾ ചിലരിലെങ്കിലും ലൈംഗികതയോട് അനാസക്തിയും മടുപ്പും ഉണ്ടാക്കുന്നതിന് കാരണമാവുന്നുണ്ട്. ഫെമിനിസത്തെ കുറിച്ചുള്ള വഴി തെറ്റിക്കുന്ന ലേഖനങ്ങളും കുറിപ്പുകളും വായിച്ചതിന്റെ പശ്ചാത്തലത്തിൽ പുരുഷാധിപത്യത്തിന് വഴങ്ങലാണെന്ന വികലമായ ധാരണ കാരണം മാസങ്ങളോളം ഭർത്താവിനെ ലൈംഗികമായി അകറ്റി നിർത്തിയവരെ കുറിച്ച് കേട്ടിട്ടുണ്ട്. ചെറിയ പ്രായത്തിൽ നേരിട്ട ലൈംഗിക ചൂഷണങ്ങളിൽ മനംമടുത്ത് ലൈംഗികതയെ വെറുക്കുന്നവരുമുണ്ട്.
ഹോർമോണുകളുടെ അസന്തുലിതത്വത്തിൽ നിന്നും ഉടലെടുക്കുന്ന ശേഷിക്കുറവും താൽപര്യക്കുറവും ഇല്ലാതില്ല. ചിലരിൽ ചില അസുഖങ്ങളുടെ ഫലമായും മരുന്നുകളുടെ പാർശ്വഫലമായും മറ്റും ലൈംഗികശേഷി കുറവ് റിപ്പോർട്ട് ചെയ്യപ്പെട്ടതായി പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. 


ഭാര്യയെ തൃപ്തിപ്പെടുത്താൻ കഴിയാത്ത ഭർത്താവും ഭർത്താവിനെ തൃപ്തിപ്പെടുത്താൻ കഴിയാത്ത ഭാര്യയും ദാമ്പത്യ ജീവിതത്തിൽ വലിയ വിലങ്ങുതടി തന്നെയാണ്. സാമ്പത്തികമായി ഉള്ളതു കൊണ്ടോ വിദ്യാഭ്യാസമായി ഉയർന്ന നിലയിലായത് കൊണ്ടോ സ്വകാര്യ ജീവിതത്തിൽ സംതൃപ്തി ഉണ്ടായിക്കൊള്ളണമെന്നില്ല. കൗൺസലിംഗിനെത്തുന്ന ദമ്പതികൾക്കിടയിൽ ഉയരുന്ന പ്രധാന പരാതികളിലൊന്ന് വേണ്ട രീതിയിൽ ലൈംഗിക ജീവിതം ഉണ്ടാകാറില്ല എന്നതാണ്.
ഏതാനും ചോദ്യങ്ങൾ തുടർന്ന് ചോദിക്കുമ്പോൾ ചികിത്സ ആവശ്യമുള്ളതാണോ അതല്ല മനോഭാവ സംസ്‌കരണത്തിലൂടെ പരിഹരിക്കാവുന്ന പ്രശ്‌നമാണോ എന്ന് എളുപ്പത്തിൽ മനസ്സിലാവും. ഇതിന്റെ അടിസ്ഥാനത്തിൽ മരുന്ന് കഴിച്ച് ഭേദപ്പെടുത്തേണ്ട അസുഖങ്ങളുള്ളവർ വളരെ കുറവാണ് എന്ന് കാണാം. മിക്ക ആളുകൾക്കും പ്രശ്‌നങ്ങൾ ഉടലെടുക്കുന്നതിന്റെ കാരണം മാനസികമായ പൊരുത്തക്കുറവും പ്രണയ ദാരിദ്ര്യവും തുടർന്നുള്ള പെരുമാറ്റ വൈകല്യവും കൂടാതെ സ്ത്രീ-പുരുഷ ലൈംഗികതയിലുള്ള വ്യത്യാസത്തെ കുറിച്ചുള്ള അറിവില്ലായ്മയുമാണ്.
ഇതിന് പല കാരണങ്ങളുമുണ്ട്. ഭാര്യയുടെ വ്യക്തിത്വത്തിന് സമാനമായിരിക്കണമെന്നില്ല ഭർത്താവിന്റെ വ്യക്തിത്വം.
ഭാര്യ പ്രധാനമായും കാഴ്ചയിലൂടെയാണ് കൂടുതൽ പഠിക്കുകയും സുഖം ആസ്വദിക്കുകയും ചെയ്യുന്നതെങ്കിൽ തിരിച്ചറിവുള്ള ഭർത്താവ് അവളെ നയനാനന്ദകരമായ രീതിയിൽ സമീപിക്കണം. ഭർത്താവ് കേൾവിക്ക് കൂടുതൽ പ്രാധാന്യം നൽകി പഠിക്കുകയും ആനന്ദം കണ്ടെത്തുകയും ചെയ്യുന്ന ആളാണെങ്കിൽ കർണാനന്ദകരമായ പ്രണയ ഭാഷണങ്ങളിലൂടെയും വിവരണങ്ങളിലൂടെയും അയാളെ സമീപിക്കുന്നവളായിരിക്കണം ഭാര്യ. ചിലർക്ക് വൈകാരികമായി വേഗത്തിൽ ഉത്തേജനം സാധ്യമാവുന്നത് സ്പർശേന്ദ്രിയത്തിലൂടെ ആയിരിക്കും. അവർക്ക് സ്പർശസുഖത്തിന് പ്രാമുഖ്യം നൽകിയുള്ള സ്വകാര്യ ജീവിതമായിരിക്കും കൂടുതൽ സംതൃപ്തി നൽകുകയെന്ന് വിവിധ കാലങ്ങളിൽ നടന്ന പഠനങ്ങൾ അടിവരയിടുന്നു.
പരസ്പരം മാനസികവും ശാരീരികവുമായ ആനന്ദം ഉറപ്പ് വരുത്തിയാലേ രതിസുഖാസ്വാദനം സമ്പൂർണമാകൂ. ഭാര്യാ ഭർത്താക്കന്മാർ പരസ്പരം ഇംഗിതങ്ങളും ഇഷ്ടാനിഷ്ടങ്ങളും തുറന്നു പറയുന്നതും പ്രണയാർദ്രരാവുന്നതും ഇതിനേറെ സഹായിക്കുമെന്നതാണ് പ്രാഥമികമായ പാഠം. 
ഇണയെ കണ്ടിരിക്കുക, കേട്ടിരിക്കുക എന്നത് കല പോലെ തന്നെ ശാസ്ത്രവും കൂടിയാണ്. 

'പ്രണയമില്ലെങ്കിൽ ഉടലിനെപ്പോലൊരു കടുപ്പമാം മരമില്ല വേറെ, 
ചുണ്ടുകൾ കൊണ്ടെത്ര കൊത്തിയെന്നാകിലും ശിൽപമാവില്ല തീരെ...' 
എന്ന കവി വാക്യത്തിന്റെ പൊരുളറിയുന്നവർ ആദ്യം ശീലിക്കേണ്ടത് സ്വന്തം ഇണയെ നാളുകൾ കഴിയുന്തോറും അനുരാഗവിവശമായി സമീപിക്കാനുള്ള പാഠങ്ങളല്ലാതെ മറ്റെന്താണ്! മനസ്സറിഞ്ഞ് സ്വന്തം ഇണയെ തൃപ്തിപ്പെടുത്താൻ കഴിയാത്തവരും ശ്രദ്ധിക്കാത്തവരുമാണ് പൊതുവേ കുടുംബജീവിതത്തിലും സമൂഹത്തിലും വലിയ മനുഷ്യവിരുദ്ധ കലാപങ്ങൾക്ക് തിരി കൊളുത്തുന്നത് എന്ന യാഥാർഥ്യം നാം വിസ്മരിച്ചുകൂടാ.

Latest News