സത്താറിന്റെ രണ്ടാം ഭാര്യയെ അകറ്റാന്‍  ജയഭാരതി ശ്രമിച്ചുവെന്ന് ആരോപണം 

ആലുവ-അന്തരിച്ച സത്താറിന്റെ രണ്ടാം ഭാര്യയുടെ സഹോദരന്‍ മുന്‍ ഭാര്യയും നടിയുമായ ജയഭാരതിക്കെതിരെ ആരോപണവുമായി രംഗത്ത്. സത്താറിന്റെ അവസാന നാളുകളില്‍ ശുശ്രൂഷിച്ചിരുന്നത് തന്റെ സഹോദരി നസീം ബീനയാണെന്ന് ഷമീര്‍ ഒറ്റത്തൈക്കല്‍ പറഞ്ഞു. എന്നാല്‍ ജയഭാരതി സത്താര്‍ ചികിത്സയിലായിരുന്ന ആശുപത്രിയിലെത്തുകയും നസീം ബീനയെ സത്താറില്‍ നിന്ന് അകറ്റാന്‍ ശ്രമിക്കുകയും ചെയ്തതായി ഷമീര്‍ പറഞ്ഞു.
2011 സെപ്റ്റംബറിലായിരുന്നു സത്താര്‍ നസീം ബീനയെ വിവാഹം കഴിച്ചത്. ഇരുവരും കുറെക്കാലം നസീമിന്റെ വീട്ടിലായിരുന്നു താമസിച്ചിരുന്നത്. സത്താറിന്റെ ചികിത്സയ്ക്ക് സാമ്പത്തിക സഹായം നല്‍കിയിരുന്നതും നസീം ബീനയായിരുന്നുവെന്ന് ഷമീര്‍ പറഞ്ഞു. അടുത്തിടെ ആലുവയില്‍ ഫ്‌ളാറ്റും കാറും വാങ്ങിക്കാനും നസീം ബീന സഹായിച്ചു.
കരള്‍മാറ്റ ശസ്ത്രക്രിയുമായി ബന്ധപ്പെട്ട വിഷയത്തില്‍ ജയഭാരതിയെ അടുത്തിടെ സത്താര്‍ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ രണ്ട് പേരും പലതും പറഞ്ഞ് തര്‍ക്കിച്ച് ഫോണ്‍ വെച്ചതായും സത്താര്‍ പറഞ്ഞുവെന്ന് നസീം ബീന ഷമീറിനെ അറിയിച്ചിരുന്നു.
ഏകദേശം ഒരാഴ്ച മുന്‍പ് ജയഭാരതിയും മകനും സത്താറിനെ ആശുപത്രിയില്‍ സന്ദര്‍ശിക്കുകയും നസീം ബീനയെ അവിടെ പ്രവേശിക്കാന്‍ അനുവദിക്കരുതെന്ന് ആശുപത്രി അധികൃതര്‍ക്ക് നിര്‍ദേശം നല്‍കുകയും ചെയ്തുവെന്നും ഷമീര്‍ ആരോപിക്കുന്നു.
തുടര്‍ന്ന് നസീം ബീന സത്താറിനെ ആശുപത്രിയില്‍ ചെന്ന് പരിചരിക്കുന്നത് നിര്‍ത്തുകയായിരുന്നു. സത്താര്‍ പുനര്‍വിവാഹം ചെയ്ത കാര്യം സിനിമക്കാരുടെയും മാധ്യമങ്ങളുടയും ഇടയില്‍ നിന്ന് ഒളിപ്പിക്കാനാണ് എല്ലാവരും ശ്രമിച്ചതെന്ന് ഷമീര്‍ ആരോപിച്ചു.
നിയമപരമായി നിലവിലുള്ള ഭാര്യ എന്ന നിലയ്ക്കുള്ള എല്ലാ ആദരവുകളും തന്റെ സഹോദരിക്ക് ലഭിക്കണമെന്നും ഷമീര്‍ ആവശ്യപ്പെട്ടു.

Latest News