Sorry, you need to enable JavaScript to visit this website.

ദുബായില്‍ കൊല്ലപ്പെട്ട വിദ്യാ ചന്ദ്രന്റെ മൃതദേഹം വ്യാഴാഴ്ച നാട്ടിലെത്തിക്കും

ദുബായ്- ഭര്‍ത്താവ് കുത്തി കൊലപ്പെടുത്തിയ കൊല്ലം തിരുമുല്ലാവാരം പുന്നത്തല അനുഗ്രഹയില്‍ ചന്ദ്രശേഖരന്‍ നായരുടെ മകള്‍ സി.വിദ്യാചന്ദ്രന്റെ (40) മൃതദേഹം വ്യാഴാഴ്ച നാട്ടിലെത്തിക്കും. കഴിഞ്ഞ ഒന്‍പതിനാണ് ഭര്‍ത്താവ് തിരുവനന്തപുരം നേമം സ്വദേശി യുഗേഷ് (43) വിദ്യയെ ആസൂത്രിതമായി കൊലപ്പെടുത്തിയത്. വിദ്യ ഓണം ആഘോഷിക്കാന്‍ നാട്ടിലേക്ക് പുറപ്പെടാനിരിക്കെയായിരുന്നു കൊലപാതകം.
സന്ദര്‍ശക വിസയില്‍ യു.എ.ഇയില്‍ എത്തിയ പ്രതി രാവിലെ അല്‍ഖൂസില്‍ വിദ്യ ജോലി ചെയ്യുന്ന കമ്പനിയിലെത്തി വിളിച്ചു പുറത്തിറക്കി പാര്‍ക്കിംഗ് ഏരിയയിലേക്ക് കൊണ്ടുപോയി കത്തി കൊണ്ട് കുത്തുകയായിരുന്നു. കൊലപാതകത്തിനു ശേഷം കടന്നുകളഞ്ഞ ഇയാളെ മണിക്കൂറുകള്‍ക്കകം ദുബായ് പോലീസ് പിടികൂടി. 15 മാസം മുമ്പാണ് വിദ്യ ജോലി തേടി ദുബായില്‍ എത്തിയത്. വിദ്യയുടെ പേരിലെടുത്ത 10 ലക്ഷം രൂപയുടെ ബാങ്ക് വായ്പ തിരിച്ചടക്കാനുള്ള കാര്യവുമായി  ബാലരാമപുരത്ത് സ്വകാര്യ പണമിടപാട് സ്ഥാപനം നടത്തിവരികയായിരുന്ന യുഗേഷും സന്ദര്‍ശക വിസയില്‍ ദുബായിലെത്തി. വിദ്യ അറിയാതെ അവരുടെ സ്വത്ത് പണയപ്പെടുത്തിയാണ് വായ്പയെടുത്തിരുന്നത്. ദുബായ് അല്‍ഖൂസിലെ സ്വകാര്യ കമ്പനിയില്‍ ഫിനാന്‍സ് വിഭാഗത്തിലാണ് വിദ്യ ജോലി ചെയ്തിരുന്നത്.
10, 11 ക്ലാസ് വിദ്യാര്‍ഥിനികളായ രണ്ട് പെണ്‍മക്കള്‍ നാട്ടില്‍ വിദ്യയുടെ മാതാപിതാക്കളോടൊപ്പം താമസിക്കുന്നു. വിദ്യ ഓണം ആഘോഷിക്കാന്‍ നാട്ടിലേക്കു പുറപ്പെടാനിരിക്കെയായിരുന്നു ഭര്‍ത്താവിന്റെ ക്രൂരതക്ക് ഇരയായത്. വിദ്യാചന്ദ്രന്‍ ദുബായില്‍ കത്തിമുനയില്‍ അവസാനിച്ചപ്പോള്‍ അനാഥമായത് വിദ്യയുടെ രണ്ടു പെണ്‍കുട്ടികളാണ്.

 

 

 

Latest News