Sorry, you need to enable JavaScript to visit this website.

പ്രധാനമന്ത്രിയെ കാണുന്നതിനു മുമ്പ് മോഡിയുടെ ഭാര്യയുമായി മമതയുടെ സര്‍പ്രൈസ് കൂടിക്കാഴ്ച; സാരി സമ്മാനിച്ചു

കൊല്‍ക്കത്ത- പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായി കൂടിക്കാഴ്ച നടത്തുന്നതിന് ദല്‍ഹിയിലേക്കു പുറപ്പെടും മുമ്പ് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി മോഡിയുടെ ഭാര്യ ജശോദബെന്നുമായി കൂടിക്കാഴ്ച നടത്തി. ദല്‍ഹിയിലേക്കു പുറപ്പെടുന്നതിന് കൊല്‍ക്കത്ത വിമാനത്താവളത്തിലെത്തിയ മമത അപ്രതീക്ഷിതമായാണ് കഴിഞ്ഞ ദിവസം ജശോദയെ കണ്ടത്. ക്ഷേത്ര ദര്‍ശനം കഴിഞ്ഞ് തിരിച്ചുപോകുകയായിരുന്നു മോഡിയുടെ ഭാര്യ. ഈ സര്‍പ്രൈസ് കൂടിക്കാഴ്ച നടന്നത് പ്രധാനമന്ത്രി മോഡിയുടെ ജന്മദിനത്തിലായിരുന്നുവെന്ന യാദൃശ്ചികതയുമുണ്ട്. മമത ജശോദയുടെ അടുത്തെത്തി കുശലാന്വേഷണം നടത്തി. അവര്‍ക്ക് ഒരു സാരിയും സമ്മാനിച്ചു.

ജാര്‍ഖണ്ഡിലെ ധന്‍ബാദില്‍ സന്ദര്‍ശനം കഴിഞ്ഞുള്ള മടക്ക യാത്രയില്‍ ജശോദബെന്‍ ബംഗാളിലെ അസന്‍സോളിലെ കല്യാണേശ്വരി ക്ഷേത്രത്തിലും ദര്‍ശനം നടത്തിയതായി പിടിഐ റിപോര്‍ട്ട് ചെയ്യുന്നു. 

69ാം ജന്മദിനത്തില്‍ മോഡിക്ക് മമത ആശംസകള്‍ നേര്‍ന്ന് ട്വീറ്റ് ചെയ്തിരുന്നു. ഇന്ന് ദല്‍ഹിയില്‍ പ്രധാനമന്ത്രി മോഡിയുമായി മമത കൂടിക്കാഴ്ച നടത്തും. സംസ്ഥാനിനുള്ള ഫണ്ട് ലഭ്യത അടക്കമുള്ള വിഷയങ്ങള്‍ നേരിട്ട് അവതരിപ്പിക്കുന്നതിനാണ് മുഖ്യമന്ത്രി മമത ദല്‍ഹിയിലെത്തിയത്.
 

Latest News