എണ്ണ വിപണി പൂര്‍വ സ്ഥിതിയില്‍; സ്വദേശികള്‍ക്കും വിദേശികള്‍ക്കും നന്ദി

ജിദ്ദ- സൗദി അറാംകോ കേന്ദ്രങ്ങള്‍ക്ക് നേരെയുണ്ടായ ആക്രമണം ഉല്‍പാദനത്തെ ബാധിച്ചുവെങ്കിലും അന്താരഷ്ട്ര വിപണിയില്‍ എണ്ണ വിതരണം പൂര്‍വ സ്ഥിതിയിലാക്കിയതായി സൗദി ഊര്‍ജ മന്ത്രി അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ അറിയിച്ചു. വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബ്രെന്റ് ക്രൂഡ് ഓയിലിന് എട്ട് ശതമാനം വില കുറഞ്ഞത് എണ്ണ വിതരണം പഴയ പടിയാക്കുന്നതിന് സൗദി അറേബ്യക്ക് ശേഷിയുണ്ട് എന്നതിന് തെളിവാണ്. കരുതല്‍ ശേഖരവും പുനഃസ്ഥാപിക്കുന്നതിന് സൗദി അറാംകോ പ്രതിജ്ഞാബദ്ധമാണെന്ന് അദ്ദേഹം പറഞ്ഞു.

ഭീകരാക്രമണം പ്രാദേശിക വിപണിയെ ഒരു നിലക്കും ബാധിച്ചിട്ടില്ല. ഈ മാസം അവസാനത്തോടെ എണ്ണ ഉത്പാദനം ആക്രമണത്തിന് മുമ്പുള്ള സ്ഥിതിയിലേക്ക് എത്തിക്കുന്നതിനും സൗദി അറാംകോ കമ്പനിക്ക് സാധിക്കും.

ആഗോള വിപണിയെ നിയന്ത്രിക്കുന്നത് സൗദി അറേബ്യയാണ് എന്നതിനാല്‍ ഭീകരാക്രമണം വികസ്വര രാജ്യമെന്നോ വികസിത രാജ്യമെന്നോ വ്യത്യാസമില്ലാതെ ലോകത്തെ ആകമാനം ബാധിച്ചതായി സൗദി ഊര്‍ജമന്ത്രി പറഞ്ഞു.
 
ആക്രമണത്തിന് ഉത്തരവാദികളായവരെ വിചാരണ ചെയ്യാന്‍ അന്താരാഷ്ട്ര സമൂഹം തയാറാകണം. രാജ്യത്തിന് പിന്നില്‍ അണി നിരന്നതിന് സ്വദേശികള്‍ക്കും വിദേശികള്‍ക്കും നന്ദി പറയുന്നതായും അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ അറിയിച്ചു.

 

Latest News