ന്യൂദല്‍ഹി- രാജ്യത്ത് നിലവിലുള്ള ബഹുകക്ഷി ജനാധിപത്യ സമ്പ്രദായം പരാജയമാണെന്നും ഏകകക്ഷി രീതിയാണ് ആവശ്യമെന്നും സൂചിപ്പിച്ച് കേന്ദ്ര ആഭ്യന്തര വകുപ്പ് മന്ത്രിയും ബി.ജെ.പി അധ്യക്ഷനുമായ അമിത്ഷാ. സ്വാതന്ത്ര്യത്തിന്റെ എഴുപത് വര്‍ഷങ്ങള്‍ക്കിപ്പുറം ബഹുകക്ഷി സമ്പ്രദായം പരാജയമാണെന്ന് ജനങ്ങള്‍ ചിന്തിച്ച് തുടങ്ങിയെന്ന് അദ്ദേഹം പറഞ്ഞു.
അത്തരമൊരു സമ്പ്രദായം എന്തെങ്കിലും നേട്ടങ്ങള്‍ ലഭ്യമാക്കിയിട്ടുണ്ടോ എന്ന് ജനങ്ങള്‍ ചിന്തിക്കുന്നുവെന്നും ജനങ്ങള്‍ നിരാശരാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഓള്‍ ഇന്ത്യ മാനേജ്‌മെന്റ് അസോസിയേഷന്റെ (എ.ഐ.എം.എ) പരിപാടിയില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അമിത് ഷാ.
മൂന്ന് ദശകത്തിന് ശേഷം കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി ബി.ജെ.പിയെ ജനങ്ങള്‍ തെരഞ്ഞെടുത്തത് നല്ല സൂചനയാണെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്ത് സഖ്യകക്ഷി സര്‍ക്കാരുകള്‍ പരാജയമാണെന്ന് വിശദീകരിച്ചാണ് അമിത് ഷായുടെ വാക്കുകള്‍.
രാജ്യ സുരക്ഷയ്ക്കായി സര്‍ജിക്കല്‍ സ്‌ട്രൈക്കുകളും വ്യോമാക്രമണങ്ങളും നടത്തുന്നത് ജനങ്ങള്‍ക്ക് വലിയ സന്തോഷവും ആഹ്ലാദവും പകരുന്നുവെന്നും
അദ്ദേഹം പറഞ്ഞു. എന്നാല്‍ ഇത്തരം കാര്യങ്ങള്‍ നടപ്പിലാക്കണമെങ്കില്‍ ധൈര്യം ആവശ്യമാണെന്നും അമിത് ഷാ പറഞ്ഞു.
കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരുകള്‍ വലിയ പരാജയങ്ങളായിരുന്നു എന്നതിന് കാരണങ്ങള്‍ അദ്ദേഹം നിരത്തി. നിരന്തരമായ അഴിമതികളാണ് അവരുടെ കാലത്ത് നടന്നത്. അതിര്‍ത്തികളില്‍ അസ്ഥിരത നിലനിന്നു. പട്ടാളക്കാരുടെ തലയറുത്തു മാറ്റപ്പെട്ടു. ജനങ്ങള്‍ അരക്ഷിതരാകുകയും നിരത്തുകളിലേക്ക് ഇറങ്ങുകയും ചെയ്തുവെന്നും അമിത് ഷാ പറഞ്ഞു. മുന്‍ സര്‍ക്കാരുകളില്‍നിന്ന് വ്യത്യസ്തമായാണ് മോഡി സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്. വോട്ട് ബാങ്ക് രാഷ്ട്രീയത്തെ മുന്‍നിര്‍ത്തി ഒരു തീരുമാനവും മോഡി എടുത്തിട്ടില്ലെന്നും അമിത് ഷാ അവകാശപ്പെട്ടു.