Sorry, you need to enable JavaScript to visit this website.

നടന്‍ സത്താര്‍ അന്തരിച്ചു

കൊച്ചി- നാല് പതിറ്റാണ്ട് മലയാള സിനിമയില്‍ സജീവ സാന്നിധ്യമായിരുന്ന പ്രശസ്ത നടന്‍ സത്താര്‍ (67) അന്തരിച്ചു. ചൊവ്വാഴ്ച പുലര്‍ച്ചെ നാലു മണിയോടെ ആലുവ പാലിയേറ്റീവ് കെയര്‍ ആശുപത്രിയിലായിരുന്നു അന്ത്യം. കരള്‍ രോഗത്തിന് ചികിത്സയിലായിരുന്നു.
എഴുപതുകളില്‍ മലയാള ചലച്ചിത്ര രംഗത്ത് നിറഞ്ഞുനിന്ന നടനാണ് സത്താര്‍. എറണാകുളം ജില്ലയിലെ കടുങ്ങല്ലൂരില്‍ ജനിച്ച സത്താര്‍ ആലുവയിലെ യൂണിയന്‍ ക്രിസ്ത്യന്‍ കോളേജില്‍നിന്ന് ചരിത്രത്തില്‍ ബിരുദാനന്തര ബിരുദം നേടി.
1975ല്‍ എം. കൃഷ്ണന്‍ നായര്‍ സംവിധാനം ചെയ്ത ഭാര്യയെ ആവശ്യമുണ്ട് എന്ന സിനിമയിലൂടെ ആയിരുന്നു അരങ്ങേറ്റം.  1976-ല്‍ വിന്‍സെന്റ് മാസ്റ്റര്‍ സംവിധാനം ചെയ്ത അനാവരണം എന്ന സിനിമയില്‍ നായകനായി.  
പിന്നീട് സ്വഭാവ നടനായും വില്ലന്‍ വേഷങ്ങളിലും 148 ഓളം സിനിമകളില്‍ അഭിനയിച്ചു.
2014 വരെ തുടര്‍ച്ചയായി അഭിനയിച്ച സത്താര്‍ 22 ഫീമെയ്ല്‍ കോട്ടയം, ഗോഡ് ഫോര്‍ സെയ്ല്‍, നത്തോലി ഒരു ചെറിയ മീനല്ല, പറയാന്‍ ബാക്കി വച്ചത് എന്നീ സിനിമകളിലാണ് അവസാന വര്‍ഷങ്ങളില്‍ അഭിനയിച്ചത്. ശരപഞ്ജരം, ഈനാട്, തുറന്ന ജയില്‍, 22 ഫീമെയ്ല്‍ കോട്ടയം, കമ്മിഷണര്‍, ലേലം തുടങ്ങിയവയാണ് പ്രശസ്തമായ ചിത്രങ്ങള്‍. 2014 ല്‍ പുറത്തിറങ്ങിയ പറയാന്‍ ബാക്കിവെച്ചതാണ് അവസാന സിനിമ.നടി ജയഭാരതിയെയാണ് സത്താര്‍ ആദ്യം വിവാഹം കഴിച്ചത്. പിന്നീട് ഇരുവരും വേര്‍പിരിഞ്ഞു. നടന്‍ കൃഷ് സത്താര്‍ സത്താറിന്റെയും ജയഭാരതിയുടെയും മകനാണ്. സംസ്‌കാരം ഇന്ന് വൈകിട്ട് നാലു മണിക്ക് പടിഞ്ഞാറെ കടുങ്ങല്ലൂര്‍ ജൂമാ മസ്ജിദ് ഖബര്‍സ്ഥാനില്‍.

 

Latest News