Sorry, you need to enable JavaScript to visit this website.

എല്ലാവരും ഹാപ്പിയാണ്

മലയാളത്തിനു വേണ്ടി ഉപവാസം കിടക്കുമെങ്കിലും ക്ലാസിക് പദവി നമ്മൾ തന്നെ പതിച്ചുകൊടുത്ത മലയാളത്തെ വകഞ്ഞു മാറ്റിനിർത്തുന്ന ചില മേഖലകൾ ഇപ്പോഴും നിലനിൽക്കുന്നതാണ് അത്ഭുതം. ഉദാഹരണമായി ആശംസയും ആനന്ദവും ഒക്കെയായി ബന്ധപ്പെട്ടിരിക്കുന്ന ഒരു പ്രയോഗം, ഹലോ.  മറ്റൊന്ന് ഹാപ്പി. ഇനിയുമൊന്ന് ഓകെ.  

കാണം വിറ്റും വിൽക്കാതെയും ഓണം ഉണ്ണേണ്ട കാലത്ത് ചിലർ പട്ടിണി കിടക്കുകയായിരുന്നു. പട്ടിണി എന്നു പറയാൻ വയ്യ, കുറച്ചിലാകും. ഉപവാസം എന്നു പറയുകയാവും ഒരു ഗമ.  അല്ലെങ്കിൽ ഗാന്ധിയുടെ ചാർച്ച അവകാശപ്പെട്ട്, നിരാഹാരം എന്നു പറയാം. ഉപവാസമോ നിരാഹാരമോ അനുഷ്ഠിച്ചാൽ കൈവരുന്ന ഗരിമ പട്ടിണി കിടന്നാൽ ഉണ്ടാവില്ല. ഇടക്ക് ഓർത്തുപോകുന്നു, ഗാന്ധിയുടെ സമര രൂപം വിരൂപമാകുന്നതിനു മുമ്പു തന്നെ 'നിരാഹാര സമരം' എന്ന പേരിൽ ഒരു നാടകമെഴുതി തിക്കോടിയൻ ഉണ്ണാവ്രതത്തെ കളിയാക്കുകയുണ്ടായി. എന്തിന്റെയോ പേരിൽ വേലക്കാരനൊഴികെ ഒരു വീട്ടിലെല്ലാവരും ഒരു നാൾ ഊണൊഴിവാക്കുന്നു. നിരാഹാര സമരം തുടങ്ങി, ആളിക്കത്തി, കെട്ടടങ്ങുമ്പോൾ, നാടകം അവസാനിപ്പിക്കാൻ വേലക്കാരൻ നിർത്താതെ പൊട്ടിച്ചിരിക്കുന്നു. സമരിച്ചിരുന്നവരെല്ലാം ഒളിവിൽ ശാപ്പിട്ടിരുന്നുവെന്ന് അയാൾക്കറിയാമായിരുന്നു.
അങ്ങനെ കാപട്യമോ ആക്ഷേപ ഹാസ്യമോ ഉള്ളതായിരുന്നില്ല ഓണക്കാലത്തെ നിരാഹാരം. നൂറ്റൊന്നു കൂട്ടം വിഭവങ്ങളുമായി വീട്ടമ്മമാരുടെയും ഹോട്ടൽകാരുടെയും അടുക്കളകളിൽ സദ്യ ഒരുങ്ങുമ്പോൾ ബലിക്കു പറ്റിയ അമളിയെയും വാമനന്റെ അധിനിവേശത്തെയും ഇഴ പിരിച്ചു കാണുന്ന നമ്മുടെ ചിന്തകർ ഉപവാസം അനുഷ്ഠിക്കുകയായിരുന്നു. കളികളുടെയും പായസങ്ങളുടെയും എണ്ണവും മഹിമയും വാഴ്ത്തി, അഞ്ചാൾക്ക് കഴിക്കാൻ രണ്ടായിരം രൂപയുടെ പാക്കേജ് ജനപ്രിയമായിരുന്നുവത്രേ. കാണം വിൽക്കേണ്ട കാലമൊക്കെ പോയി. ഓണം മികച്ച വ്യാപാരമായി. 'ഇത്തിരി വട്ടം മാത്രം കാണ്മവരും ഇത്തിരി വട്ടം ചിന്തിക്കുന്നവ'രും ജീവിതത്തിനു പുതിയ മാനങ്ങൾ കണ്ടെത്തുന്ന ഓണപ്പാട്ടുകാരായി.
ഒരു ദിവസത്തേക്കാൾ നീണ്ടില്ല ഓരോരുത്തരുടെയും ഉപവാസം. അതുകൊണ്ട് ആരോഗ്യത്തിനൊരു ഹാനിയുമുണ്ടായില്ല. വല്ലപ്പോഴുമൊരിക്കൽ ഉപവസിക്കുന്നത് നല്ലതാണെന്നു ശഠിക്കുന്നവരുമുണ്ട്. അത് ഓണത്തിനു തന്നെ വേണമെന്നില്ലല്ലോ.
സന്നദ്ധ ഭടന്മാർ മാറിമാറി ഉപവസിക്കുന്ന റിലേ സത്യഗ്രഹം രസകരമായ അഭ്യാസം തന്നെ. പ്രതിഷേധത്തിനു പ്രതിഷേധമായി, മരണം വരെ നീണ്ടുപോകാവുന്ന നിരാഹാരത്തിന്റെ വെപ്രാളം ഇല്ലതാനും. പക്ഷേ അങ്ങനെ ഒരു സമരം ആർക്കെതിരെ അനുഷ്ഠിക്കുന്നുവോ അയാളിൽ ഗാന്ധി പ്രതീക്ഷിച്ച മാനസാന്തരം ഉണ്ടാകുമോ എന്നറിയില്ല. 
ഈ ഓണത്തിന് ചിന്തകരും കലാകാരന്മാരും സംവിധായകരും മറ്റും മറ്റും അരങ്ങേറ്റിയ നിരാഹാര സമരം എല്ലാവർക്കും ഒരേ അഭിപ്രായമുള്ള കാര്യത്തെച്ചൊല്ലിയായിരുന്നു: മലയാളത്തിന് കൂടുതൽ പ്രാധാന്യം നൽകണം. ഈ പ്രകരണത്തിൽ 'അമ്മയെന്നുള്ള രണ്ടക്ഷരം' ഉച്ചരിച്ചുകൊണ്ടാകാം തുടക്കം. ജനനിയെയും ജന്മഭൂമിയെയും ഉദ്ധരിക്കാം. 'മലയാളത്തിന്റെ തല'യും 'അവൻ മലയാളി'യും നാവിൽ വിളങ്ങട്ടെ. അങ്ങനെ മലയാളം എല്ലാ അർഥത്തിലും ഔദ്യോഗിക ഭാഷയാകട്ടെ. മലയാളം പേശുകയും എഴുതുകയും ചെയ്യുന്നവർ മേൽക്കുമേൽ വളരട്ടെ.
ആർക്കാണിതിൽ എതിർപ്പ്? മലയാളം നാട്ടുഭാഷയും വീട്ടു ഭാഷയും ആയ പ്രദേശത്തൊക്കെ മലയാളത്തിനു കോയ്മ ഉണ്ടാകണമെന്നു തന്നെയാണ് യുക്തി. കൽപന പുറപ്പെടുവിക്കാനും ക്ഷേത്രത്തിൽ അർച്ചന നടത്താനും മലയാളം മതി. 'കോവിലിൽ ഉറങ്ങുന്ന മാനവരുടെ' ദൈവത്തിന് മൂന്നു കോടി മാനവർ കൈകാര്യം ചെയ്യുന്ന ഭാഷ തിരിയില്ലെന്നോ? ദേവനാമങ്ങൾ ആയിരവും സംസ്‌കൃതത്തിൽ ഉച്ചിരിച്ചാലേ പ്രാർഥന ഫലിക്കുകയുള്ളൂ എന്നുണ്ടോ? ആരാധനയുടെ ഭാഷയെപ്പറ്റി ഒന്നു രണ്ടു വാക്കു പറയട്ടെ. എല്ലാം തമിഴിൽ വേണമെന്ന പക്ഷക്കാരായിരുന്നു തമിഴ് കുടി മകനും കരുണാനിധിയും. ഭാഷ ഭ്രമം മൂത്തപ്പോൾ പ്രാർഥന തനി തമിഴിൽ വേണമെന്നു കൽപന ഉണ്ടായി. ഏതോ ഒരു വിരുതൻ കുടി മകന്റെയും മുത്തുവേൽ കരുണാനിധിയുടെയും പേരുകൾ ആരാധന നാമാവലിയിൽ കുത്തിത്തിരുകി. 'തമിഴ് കുടി മകനേ പോറ്റി! മുത്തുവേൽ കരുണാനിധിയേ പോറ്റി പോറ്റി'... എന്നിങ്ങനെയൊക്കെയായി ജപം. പ്രാർഥന പാളുന്നതു കണ്ട് പല ഭക്തരും പഴയ വചനത്തിലേക്ക് മടങ്ങിയെന്ന് ഉത്തരാപഥത്തിൽനിന്നൊരു റിപ്പോർട്ട്.
മലയാളം ഔദ്യോഗിക ഭാഷയും കോടതി ഭാഷയും ആയാൽ യവന നാമങ്ങളും യവന ശൈലികളും കറുത്ത കോട്ടുകളും വെടിയുമോ? നിയമത്തിലും ചികിത്സയിലും സസ്യനാമത്തിലുമാണ് യവനരീതിക്ക് പ്രാമുഖ്യം. മിയാ കൾപാ, മ്യൂടാറ്റിസ് മ്യൂടാന്റിസ് തുടങ്ങിയ പദഘോരമില്ലാതെ ഒരു പ്രസ്താവത്തിനു മികവുണ്ടാകുമോ? തൊണ്ടയിലെ അസുഖത്തിന് തൊണ്ടയിലെ അസുഖം എന്നു തന്നെ അർഥം വരാവുന്ന ബ്രോങ്കൈറ്റിസ് എന്നും കുടലിലെ അസുഖത്തിന് കോളൈറ്റിസ് എന്നും കുറിക്കാതെ നോക്കാമോ? മുറ്റത്ത് മുഷിഞ്ഞുവളരുന്ന നിത്യകല്യാണിയെ കാഥറാന്റസ് റോസിയ എന്നു വിളിച്ചില്ലെങ്കിൽ വിളി കേൾക്കുമോ? 
മലയാളത്തിനു വേണ്ടി ഓണ നാളുകളിൽ നടന്ന നിരാഹാര സമരത്തിനിടെ ഈ വഴിക്കും ആലോചന നീങ്ങിക്കാണും. ഫയൽ ഭാഷയും വാദ ഭാഷയും സാങ്കേതിക ഭാഷയും ക്രോഡീകരിക്കാൻ മന്ത്രിമാരും വക്കീൽമാരും എൻജിനീയർമാരും വിചാരിച്ചാൽ മതിയാകും. അങ്ങനെ കുറ്റത്തിന്റെയും ശിക്ഷയുടെയും യവനത്വവും ആംഗലതയും ഇല്ലാതാക്കിയാൽ കൊച്ചിയിൽ ഒരു മുഖർജിയും കൊൽക്കത്തയിൽ ഒരു കാരണവരും എങ്ങനെ ന്യായാധിപന്മാരായി പ്രശോഭിക്കും എന്ന ചോദ്യം അവിടെയും അവശേഷിക്കുന്നു. 
തമിഴ് കുടിമകനെ സഹസ്ര നാമാവലിയിൽ ഉൾപ്പെടുത്തിയതു പോലുള്ള ഒരു ഭാഷാഹരം കേരളത്തിലില്ല. മലയാളത്തിനു വേണ്ടി ഉപവാസം കിടക്കുമെങ്കിലും ക്ലാസിക് പദവി നമ്മൾ തന്നെ പതിച്ചുകൊടുത്ത മലയാളത്തെ വകഞ്ഞു മാറ്റിനിർത്തുന്ന ചില മേഖലകൾ ഇപ്പോഴും നിലനിൽക്കുന്നതാണ് അത്ഭുതം. ഉദാഹരണമായി ആശംസയും ആനന്ദവും ഒക്കെയായി ബന്ധപ്പെട്ടിരിക്കുന്ന ഒരു പ്രയോഗം, ഹലോ.  മറ്റൊന്ന് ഹാപ്പി. ഇനിയുമൊന്ന് ഓകെ.  
ഹലോ പറയാൻ നമ്മൾ എത്ര എളുപ്പം പഠിച്ചിരിക്കുന്നു? അതിനു പകരം നിൽക്കാവുന്ന ഒരു മലയാള പദം ഉരുത്തിരിയാതിരുന്നതിനെതിരെ സമരമുണ്ടാകുമോ? ചിലർ തിരിച്ചടിക്കാം: എന്താ 'പൂയ്' എന്നായാൽ? ഹലോ എന്നു പറയേണ്ട ചില സന്ദർഭങ്ങളിൽ ചിലർ ദേവന്മാരുടെയും ദേവിമാരുടെയും ഗുരുക്കന്മാരുടെയും പേരുകൾ സംസ്‌കൃത പ്രത്യയം ചേർത്തു പറയുന്നു. മലയാളത്തിനു വേണ്ടിയുള്ള ഒരു ആഹ്വാനവും അതു തന്നെ, അല്ലേ? അതെ, ആ പ്രസ്താവം കേട്ടാലുടനെ മലയാളം പറയുന്ന ആരും മൊഴിഞ്ഞുപോകും, ഓകെ. എല്ലാറ്റിനെയും ഓൾ കറക്ട് ആക്കുന്ന ആ ഓകെ എന്നു കുറിച്ച കടലാസ് തുണ്ടുകൾ ഓരോ വൈകുന്നേരവും തൂക്കി നോക്കിയാൽ ഒന്നര ടൺ വരുമെന്ന് സ്ഥിരീകരിക്കാത്ത കണക്ക്, ഓകെ...? അഭ്യസ്തവിദ്യനും അനഭ്യസ്തനും ആയ മലയാളി ഉപയോഗിക്കുന്ന മൂന്നു വാക്യങ്ങളിൽ ഒന്നിലെങ്കിലും ഒരു ഓകെ കടന്നിരിക്കും. ഓകെ?
ഓണക്കാലത്ത് മലയാളത്തിനു വേണ്ടി സമരം നടക്കുമ്പോഴും ഓണം ഹാപ്പി ആയിരുന്നു. ഹാപ്പി ഓണം. ഹാപ്പി എന്ന വാക്ക് പറഞ്ഞു ശീലിക്കാത്തവരും ഓണമായാൽ ഹാപ്പിയാവും.  മലയാളത്തിനു വേണ്ടിയുള്ള സമരത്തിന്റെ പ്രസക്തി അതു തന്നെ, ഓരോ ഓണത്തിലും ഹാപ്പി കുത്തിക്കയറുന്ന അവസ്ഥ. ഓണം മാത്രമല്ല, മെറി ആയ ക്രിസ്മസ് ഒഴികെ എല്ലാ പെരിയ നാളുകളും ഹാപ്പി ആകുന്നു. ഹാപ്പി വിഷു, ഹാപ്പി ന്യൂ ഇയർ, ഹാപ്പി ബർത് ഡേ, ഹാപ്പി ജേർണി, ഹാപ്പി, ഹാപ്പി...എവിടെയും ഹാപ്പി, എല്ലാവരും ഹാപ്പി, ഹരിഹരൻ പിള്ള ഹാപ്പിയാണ്. 

Latest News