Sorry, you need to enable JavaScript to visit this website.

ജനങ്ങൾ ബുദ്ധിമുട്ടുന്നത് അനുവദിക്കാനാകില്ല, കശ്മീർ സന്ദർശിക്കുമെന്ന് ചീഫ് ജസ്റ്റിസ്

ന്യൂദൽഹി- ആവശ്യമെങ്കിൽ കശ്മീർ സന്ദർശിക്കുമെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിന് രജ്ഞൻ ഗൊഗോയ്.  കശ്മീരിൽ ജനങ്ങൾ ബുദ്ധിമുട്ടുന്ന അവസ്ഥ രൂക്ഷമാണെന്നും സ്വമേധയാ ശ്രീനഗർ സന്ദർശിക്കുമെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. കശ്മീർ ഹൈക്കോടതിയിൽ പോകാൻ പോലും അവിടെയുള്ളവർക്ക് കഴിയുന്നില്ലെന്ന് കുട്ടികളുടെ അവകാശത്തിന് വേണ്ടി പ്രവർത്തിക്കുന്ന സാമൂഹ്യപ്രവർത്തക ഇനാക്ഷി ഗാംഗുലി സുപ്രീം കോടതിയെ അറിയിച്ചപ്പോഴായിരുന്നു ചീഫ് ജസ്റ്റിസിന്റെ പ്രതികരണം.  കശ്മീർ താഴ്‌വരയിലെ സ്ഥിതി അതേപടി തുടരുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങൾ ജമ്മു കശ്മീർ ഹൈക്കോടതി വഴി കൈകാര്യം ചെയ്യണമെന്നും സുപ്രീം കോടതി പറഞ്ഞിരുന്നു. ഇതിന് മറുപടിയായി കശ്മീരിൽ ഇന്റർനെറ്റോ പൊതു ഗതാഗത സംവിധാനങ്ങളോ പുനസ്ഥാപിച്ചിട്ടില്ലെന്നും ഇനാക്ഷി ഗാംഗുലിയുടെ അഭിഭാഷകൻ ഹുസേഫി അഹ്്മദി  കോടതിയെ അറിയിച്ചു. അതുകൊണ്ടുതന്നെ ജനങ്ങൾക്ക് ജമ്മു കശ്മീർ ഹൈക്കോടതിയുമായി ബന്ധപ്പെടുക എന്നത് ബുദ്ധിമുട്ടുള്ള കാര്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.അറസ്റ്റ് ചെയ്യപ്പെട്ട പതിനെട്ട് വയസിന് താഴെയുള്ള എല്ലാവരെയും വെറുതെവിടണമെന്നും പരാതിക്കാർ ആവശ്യപ്പെട്ടു. പരാതിക്കാർക്ക് ജമ്മു കശ്മീർ ഹൈക്കോടതിയെ നേരിട്ട് സമീപിക്കാമെന്ന് ചീഫ് ജസ്റ്റിസും നിർദ്ദേശിച്ചു. ഈ സന്ദർഭത്തിലാണ് ബാലാവകാശ പ്രവർത്തകർക്ക് ജമ്മു കശ്മീർ ഹൈക്കോടതിയെ സമീപിക്കുന്നതിൽ ബുദ്ധിമുട്ടെന്ന് പരാതിക്കാർ ബെഞ്ചിനെ അറിയിച്ചത്. 'ഹൈക്കോടതിയെ സമീപിക്കാൻ കഴിയുന്നില്ലെന്ന പരാമർശം വളരെ ഗൗരവമേറിയതാണ്. അത് എന്തുകൊണ്ടാണ് സാധിക്കാത്തതെന്ന് പറയാമോ?', പരാതിക്കാരോട് ഗൊഗോയ് ചോദിച്ചു.
കശ്മീരിലെ അടിയന്തരാവസ്ഥമൂലം ആർക്കും ഹൈക്കോടതിയെ സമീപിക്കാനാവുന്നില്ലെന്ന് അഭിഭാഷക കോടതിയെ അറിയിച്ചു.
ജനങ്ങൾക്ക് ഹൈക്കോടതിയെ സമീപിക്കാനാവുന്നില്ല എന്നത് വളരെ വളരെ രൂക്ഷമായ പ്രശ്‌നമാണ്. ഞാൻ സ്വമേധയാ ശ്രീനഗർ സന്ദർശിക്കും', ഗൊഗോയ് പറഞ്ഞു. കശ്മീരിൽ സാധാരണ നില പുനഃസ്ഥാപിക്കാൻ എല്ലാ ശ്രമങ്ങളും നടത്തണമെന്ന് സുപ്രീംകോടതി കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടു. എല്ലാ നീക്കവും പൊതുജനങ്ങളുടെ താൽപര്യംകൂടി മാനിച്ചാവണമെന്നും കോടതി പറഞ്ഞു. ചീഫ് ജസ്റ്റിസിന് പുറമെ ജസ്റ്റിസ് എസ്.എ ബോബ്‌ഡെ, എസ്.എ നസീർ എന്നിവരടങ്ങുന്ന ബഞ്ചാണ് കേസ് പരിഗണിച്ചത്.

Latest News