Sorry, you need to enable JavaScript to visit this website.

അസം മാതൃകയില്‍ ഹരിയാനയിലും പൗരത്വ പട്ടിക തയാറാക്കുമെന്ന് മുഖ്യമന്ത്രി; കോണ്‍ഗ്രസിന്റെ പിന്തുണ

ചണ്ഡീഗഢ്- അസം ദേശീയ പൗരത്വ രജിസ്റ്റര്‍ മാതൃകയില്‍ ഹരിയാനയിലും അനധികൃത കുടിയേറ്റം തടയാന്‍ പൗരത്വ പട്ടിക തയാറാക്കുമെന്ന് മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍. 19 ലക്ഷം പേര്‍ക്ക് പൗരത്വം നഷ്ടമായ അസം പൗരത്വ പട്ടികയെ ചൊല്ലിയുള്ള രാഷ്ട്രീയ വിവാദം കെട്ടടങ്ങും മുമ്പ് ഹരിയാനയില്‍ വരാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ ഇതുപയോഗിച്ച് നേട്ടം കൊയ്യാനാണ് ബിജെപിയുടെ ശ്രമം. കുടിയേറ്റക്കാര്‍ മൂലമാണ് സംസ്ഥാനത്ത് തൊഴിലില്ലായ്മ കൂടിയതെന്ന് ഹരിയാനയില്‍ ഒരു വിഭാഗം ആരോപിക്കുന്നുണ്ട്. മുന്‍ നാവിക സേനാ ചീഫ് അഡ്മിറല്‍ സുനില്‍ ലംബ, മുന്‍ ഹൈക്കോടതി ജഡ്ജി എച്ച്.എസ് ഭല്ല എന്നിവരുമായി പഞ്ച്കുലയില്‍ ഈ വിഷയം ചര്‍ച്ച ചെയ്ത ശേഷമാണ് ഹരിയാനയിലും അസം മാതൃകയില്‍ പൗരത്വ പട്ടിക തയാറാക്കുമെന്ന് ഖട്ടര്‍ പ്രഖ്യാപിച്ചത്.

മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ഭുപീന്ദര്‍ സിങ് ഹൂഡ ഖട്ടറിന്റെ പ്രഖ്യാപനത്തെ പിന്തുണച്ചു. മുഖ്യമന്ത്രി പറഞ്ഞത് നിയമമാണ്. വിദേശികള്‍ നാടു വിടണം. ഇവരെ കണ്ടെത്തല്‍ സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണ്- ഹൂഡ പറഞ്ഞു.

അതേസമയം പൗരത്വ പട്ടിക എന്നാണ് തയാറാക്കുക എന്നതു സംബന്ധിച്ച് മുഖ്യമന്ത്രി ഖട്ടര്‍ പരാമര്‍ശിച്ചിട്ടില്ല. ജസ്റ്റിസ് ഭല്ലയാണ് പൗരത്വ രജിസറ്ററിന്റെ ജോലിയിലാണെന്നും അദ്ദേഹം പറഞ്ഞു. 'അദ്ദേഹം ഉടന്‍ അസം സന്ദര്‍ശിക്കും. ഹരിയാനയിലും ഇതു നടപ്പാക്കുമെന്നാണ് ഞാന്‍ പറഞ്ഞത്. അതിന് ഭല്ലാജിയുടെ പിന്തുണയും നിര്‍ദേശവും തേടും,' ഖട്ടര്‍ വ്യക്തമാക്കി.
 

Latest News