Sorry, you need to enable JavaScript to visit this website.

കാരുണ്യ ദീപം വാട്‌സ്ആപ് കൂട്ടായ്മ ഭവനം കൈമാറി

കാരുണ്യ ദീപം വാട്‌സ്ആപ് കൂട്ടായ്മ ഭവനത്തിന്റെ താക്കോൽദാന കർമം നിർവഹിച്ചപ്പോൾ

കൊല്ലം- കാരുണ്യ ദീപം വാട്‌സ്ആപ് കൂട്ടായ്മയുടെ ചാരിറ്റി പ്രവർത്തനമായ ഭവന നിർമാണം പൂർത്തിയായി.  കൊല്ലം ജില്ലയിലെ പൂതക്കുളം പഞ്ചായത്തിൽ കലക്കോട്   വാർഡിലെ നിസ്സാർ ഷെരീഫിനും കുടുംബത്തിനുമാണ്  വീട് നിർമിച്ചു നൽകിയത്. ഒന്നര വർഷം മുൻപ് സോഷ്യൽ  മീഡിയയിലൂടെ പരിചയപ്പെട്ട സുഹൃത്തുക്കൾ ചേർന്ന് രൂപം നൽകിയ വാട്‌സ്ആപ് കൂട്ടായ്മയുടെ രണ്ടാമത്തെ  ചാരിറ്റി പ്രവർത്തനമാണിത്. 468 ചതുരശ്ര അടിയിൽ ആറുലക്ഷത്തി ഇരുപതിനായിരം രൂപയ്ക്കു പണി തീർത്ത  വീടിന്റെ താക്കോൽദാനം സെപ്റ്റംബർ പതിനഞ്ച് ഞായറാഴ്ച ചാത്തന്നൂർ എം.എൽ.എ,  ജി.എസ്.ജയലാലിന്റെ  സാന്നിധ്യത്തിൽ ഗ്രൂപ്പ് അഡ്മിൻ ലീന ഷറഫിന്റെ നേതൃത്വത്തിൽ ഗ്രൂപ് അംഗങ്ങൾ നിർവഹിച്ചു. 
പഞ്ചായത്തു പ്രസിഡന്റ് എം.കെ.ശ്രീകുമാർ, കലക്കോട് സഹകരണ ബാങ്ക്  പ്രസിഡന്റ് എസ്.സുഭാഷ്, വാർഡ് മെമ്പർ സുനിൽകുമാർ  എന്നിവരും കാരുണ്യ ദീപത്തിന്റെ ഗ്രൂപ്പ് അംഗങ്ങളും താക്കോൽദാനച്ചടങ്ങിൽ സന്നിഹിതരായിരുന്നു. കാരുണ്യ ദീപത്തിന്റെ ആദ്യത്തെ ചാരിറ്റി പ്രവർത്തനം കഴിഞ്ഞ വർഷം  ഇതേ സമയം തിരുവനന്തപുരം കാരുണ്യ വിശ്രാന്തി ഭവനിലെ അന്തേവാസികൾക്കുവേണ്ടിയുള്ളതായിരുന്നു.
 

Latest News