ഉറ്റവര്‍ വിട്ടുപോയി, കുഞ്ഞുഹാനിയ തനിച്ചായി

ദുബായ്- മൂന്നു വയസ്സുകാരി ഹാനിയ ലോകത്ത് തനിച്ചായി. ഉപ്പയും ഉമ്മയും സഹോദരനും നിനച്ചിരിക്കാത്ത അപകടത്തില്‍ ഈ ലോകത്തോട് വിടപറഞ്ഞതോടെ ഹാനിയ അനാഥത്വത്തിന്റെ പിടിയിലേക്ക് വലിച്ചെറിയപ്പെട്ടു.
ഒമാനില്‍നിന്ന് മടങ്ങുന്നതിനിടെയാണ് ഹൈദരാബാദി കുടുംബം അപകടത്തില്‍ മരിച്ചത്. മറ്റൊരു വാഹനവുമായി ഇവരുടെ കാര്‍ കൂട്ടിയിടിക്കുകയായിരുന്നു. 30 കാരനായ ഗൗസുല്ല ഖാനും ഭാര്യ ആയിശയും എട്ട് മാസം മാത്രം പ്രായമുള്ള മകന്‍ ഹംസയുമാണ് മരിച്ചത്. ഹാനിയ മാത്രം ബാക്കിയായി.
ദുബായിലാണ് ഗൗസുല്ല ജോലി ചെയ്യുന്നത്. വാരാന്ത്യത്തില്‍ സലാല സന്ദര്‍ശിക്കാന്‍ പോയതായിരുന്നു. തലക്ക് ഗുരുതരമായി പരിക്കേറ്റ ഹാനിയ ഇപ്പോഴും ജീവനുവേണ്ടി പോരാടുകയാണ്.
അപകടത്തില്‍ മൊത്തം ആറു പേര്‍ മരിച്ചതായി റോയല്‍ ഒമാന്‍ പോലീസ് പറഞ്ഞു. ഗൗസുല്ലയുടേയും കുടുംബത്തിന്റെയും മൃതദേഹങ്ങള്‍ ഹൈദരാബാദിലേക്ക് കൊണ്ടുപോയി.

 

Latest News