Sorry, you need to enable JavaScript to visit this website.

ആറന്മുള വള്ളംകളി; മേലുകര, വൻമഴി ചാമ്പ്യന്മാർ

പത്തനംതിട്ട- പള്ളിയോടങ്ങളുടെയും ആറന്മുളയുടെയും പാരമ്പര്യ തനിമയിൽ തുഴയെറിഞ്ഞ ഉതൃട്ടാതി വള്ളംകളിയിൽ എ ബാച്ചിൽ മേലുകര പള്ളിയോടവും ബി ബാച്ചിൽ വൻമഴിയും മന്നം ട്രോഫി നേടി. 
വൻമഴിക്കും തൈമറവും കരയ്ക്കും ഒരേ മാർക്ക് ലഭിച്ചതിനാൽ നറുക്കെടുപ്പിലൂടെയാണ് വൻമഴി വിജയിയായത്. എ ബാച്ചിൽ ഇടയറൻമുള, ഇടശ്ശേരിമല എന്നീ പള്ളിയോടങ്ങൾ എ ബാച്ചിൽ രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. തൈമറവുംകര, ചെന്നിത്തല എന്നീ പള്ളിയോടങ്ങൾ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ ബി ബാച്ചിൽ നേടി.
എ ബാച്ച് ഫൈനൽ മൽസരത്തിൽ മേലുകര, തെക്കേമുറി, ഇടയാറന്മുള, ഇടശ്ശേരിമല കിഴക്ക് എന്നീ പള്ളിയോടങ്ങൾ ആണ് മൽസരിച്ചത്. എഴുപത്തിരണ്ടര മാർക്ക് നേടിയാണ് ഈ ബാച്ച് ഫൈനലിലേക്ക് യോഗ്യത നേടിയത്. ബി - ബാച്ച് ഹീറ്റ്‌സിൽ ചെന്നിത്തല, വൻമഴി, തൈമറവുംകര എന്നീ പള്ളിയോടങ്ങൾ ഉൾപ്പെട്ട ബാച്ച് ആണ് ഫൈനലിലേക്ക് യോഗ്യത നേടിയത്. 75 മാർക്കാണ് ഈ ബാച്ച് നേടിയത്.
ഞായറാഴ്ച ഉച്ചയ്ക്ക് ഒരു മണിക്ക് മന്ത്രി കടകംപള്ളി സുരേന്ദ്രൻ ജലോൽസവം ഉദ്ഘാടനം  ചെയ്തു. ആറൻമുള വള്ളംകളിയെ പ്രോൽസാഹിപ്പിക്കുന്നതിന് സംസ്ഥാന സർക്കാർ നടപടി സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു. മൽസര വള്ളംകളിയുടെ ഉദ്ഘാടനം വനം വകുപ്പ് മന്ത്രി കെ.രാജു ഉഘാടനം ചെയ്തു. വള്ളംകളിക്കുള്ള ഗ്രാന്റ് പത്ത് ലക്ഷത്തിൽ നിന്നും വർധിപ്പിക്കുമെന്ന് മന്ത്രി പറഞ്ഞു.
പള്ളിയോട സേവാ സംഘം പ്രസിഡണ്ട് കൃഷ്ണകുമാർ കൃഷ്ണവേണി അധ്യക്ഷത വഹിച്ചു. രാമപുരത്ത് വാര്യർ അവാർഡ് എസ്.രമേശൻ നായർക്ക് വനം വകുപ്പ് മന്ത്രി കെ.രാജു സമ്മാനിച്ചു. പള്ളിയോട ശിൽപി അയിരൂർ സന്തോഷ് ആചാരിയെ വീണാ ജോർജ് എം.എൽ.എ ആദരിച്ചു. വഞ്ചിപ്പാട്ട് ആചാര്യൻ മേലുകര ശശിധരൻ നായരെ ആന്റോ ആന്റണി എം.പി ആദരിച്ചു.
മൽസരം ഒഴിവാക്കി പുതിയ മാനദണ്ഡം അനുസരിച്ചാണ് ഇത്തവണ മൽസരം നടന്നത്. ആറൻമുളയുടെ തനത് ശൈലിയിലുള്ള വഞ്ചിപ്പാട്ടുകൾ, തുഴച്ചിൽ ശൈലി, ചമയം, വേഷവിധാനം, അച്ചടക്കം എന്നിവയെല്ലാം മാനദണ്ഡമാക്കിയാണ് വിജയികളെ തെരഞ്ഞെടുത്തത്.
മൽസരത്തിന് മുൻപായി ആകർഷകമായ ജലഘോഷ യാത്ര നടന്നു. വഞ്ചിപ്പാട്ടിന്റെ താളത്തിൽ തുഴയെറിഞ്ഞ് പമ്പയിലെ ഓളപ്പരപ്പിലൂടെ നീങ്ങിയ 52 പള്ളിയോടങ്ങൾ നയനാനന്ദകരമായ കാഴ്ചാ വിരുന്നൊരുക്കി. കേരളത്തിന്റെ തനത് കലാരൂപങ്ങളായ തിരുവാതിര, കഥകളി, വേലകളി,  കുത്തിയൊട്ടച്ചുവട് എന്നിവയും മഹാബലിയും ഭജന സംഘവും അണിനിരന്നു. ആറൻമുള വള്ളംകളിക്ക് കാരണമായിത്തീർന്ന തിരുവോണത്തോണി മുന്നിലായി നീങ്ങി.

 

Latest News