യന്ത്രത്തകരാര്‍: കരിപ്പൂര്‍-ജിദ്ദ വിമാനം തായിഫിലിറക്കി

തായിഫ്- കോഴിക്കോട്-ജിദ്ദ സ്‌പൈസ്‌ജെറ്റ് വിമാനം യന്ത്ര തകരാറിനെ തുടര്‍ന്ന് തായിഫ് വിമാനത്താവളത്തില്‍ അടിയന്തരമായി ഇറക്കി. ഇന്ന് രാവിലെ 8:40 നാണ് വിമാനം ലാന്റ് ചെയ്തത്. 184 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. ഇതില്‍ 101 പേര്‍ ഉംറ തീര്‍ഥാടകരാണ്. ബാക്കിയുള്ളവര്‍ നാട്ടില്‍നിന്ന് അവധി കഴിഞ്ഞ് വരുന്നവരാണ്. കുട്ടികളും സ്ത്രീകളുമുണ്ട്. ജിദ്ദയില്‍നിന്ന് സ്‌പൈസ്‌ജെറ്റ് അധികൃതര്‍ തായിഫിലെത്തിയിട്ടുണ്ടെങ്കിലും ഇവരെ വിമാനത്താവളത്തില്‍നിന്ന് പുറത്തിറക്കാനായിട്ടില്ല. ഏറെ നേരമായി വിമാനത്താവളത്തിലിരുന്ന് ബുദ്ധിമുട്ടുകയാണ് യാത്രക്കാര്‍.  എമിഗ്രേഷന്‍ ക്ലിയറന്‍സ് എവിടെ വേണം എന്നതു സംബന്ധിച്ച് ആശയക്കുഴപ്പമുള്ളതായും യാത്രക്കാര്‍ പറയുന്നു. തായിഫില്‍ എമിഗ്രേഷന്‍ ക്ലിയറന്‍സ് നടത്തുകയാണെങ്കില്‍ മക്കയിലേക്കുള്ള യാത്രക്കാരെ ബസില്‍ അവിടെ എത്തിക്കാനാണ് സ്‌പൈസ്‌ജെറ്റ് അധികൃതര്‍ തീരുമാനിച്ചിരിക്കുന്നത് എന്ന് അറിയുന്നു. രാവിലെ മുതല്‍ തായിഫ് വിമാനത്താവളത്തിനുള്ളില്‍ കുടുങ്ങിയ യാത്രക്കാര്‍ക്ക് ഭക്ഷണവും മറ്റും അധികൃതര്‍ എത്തിച്ചിട്ടുണ്ട്.

 

 

Latest News