Sorry, you need to enable JavaScript to visit this website.

ഇഖാമ, തൊഴിൽ നിയമലംഘനം: സൗദിയില്‍നിന്ന് ഒമ്പതര ലക്ഷം വിദേശികളെ നാടുകടത്തി

റിയാദ്- സൗദിയിൽ സുരക്ഷാ വിഭാഗങ്ങൾ സംയുക്തമായി നടത്തിയ വ്യാപക റെയ്ഡുകൾക്കിടെ ഇതുവരെ അറസ്റ്റിലായത് 38,31,081 വിദേശികൾ. ഇവരിൽ 9,49,563 നിയമ ലംഘകരെ സ്വദേശങ്ങളിലേക്ക് നാടു കടത്തിയെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു. തടവും പിഴയും പ്രവേശന വിലക്കും കൂടാതെ ഇഖാമ, തൊഴിൽ നിയമ ലംഘകർക്ക് സ്വദേശങ്ങളിലേക്ക് തിരിച്ചു പോകുന്നതിന് അവസരമൊരുക്കി പ്രഖ്യാപിച്ച പൊതുമാപ്പ് 2017 നവംബർ 14 ന് അവസാനിച്ചതിനെ തുടർന്ന് കഴിഞ്ഞ വ്യാഴാഴ്ച വരെ പിടിയിലായ വിദേശികളുടെ കണക്കാണിത്. 
സുരക്ഷാ വിഭാഗം പിടികൂടിയവരിൽ 29,91,280 പേർ ഇഖാമ നിയമ ലംഘകരും 2,49,869 പേർ നുഴഞ്ഞുകയറ്റക്കാരും 5,89,932 പേർ തൊഴിൽ നിയമ ലംഘകരുമാണ്. ഇക്കാലയളവിൽ അതിർത്തികൾ വഴി രാജ്യത്ത് നുഴഞ്ഞു കയറാനുള്ള ശ്രമത്തിനിടെ 64,929 പേരാണ് പിടിയിലായത്. ഇക്കൂട്ടത്തിൽ 45 ശതമാനം യെമനികളും 52 ശതമാനം എത്യോപ്യക്കാരും മൂന്നു ശതമാനം പേർ മറ്റുള്ളവരുമാണ്. അതിർത്തികൾ വഴി അനധികൃത രീതിയിൽ വിദേശങ്ങളിലേക്ക് രക്ഷപ്പെടുന്നതിന് ശ്രമിച്ച 2,779 പേരും സുരക്ഷാ വകുപ്പുകളുടെ പിടിയിലായി. 
ഇഖാമ, തൊഴിൽ നിയമ ലംഘകർക്ക് താമസ, യാത്രാ സൗകര്യങ്ങളും മറ്റു സഹായ സൗകര്യങ്ങളും ചെയ്തു കൊടുത്തതിന് 4509 പേരെയും ശിക്ഷിച്ചിട്ടുണ്ട്. അനധികൃതമായി രാജ്യത്ത് തങ്ങുന്നതിന് നിയമ ലംഘകർക്ക് ആവശ്യമായ സഹായ സൗകര്യങ്ങൾ ചെയ്തു കൊടുക്കുന്ന വിദേശികൾക്ക് തടവും പിഴയും നാടുകടത്തലും ശിക്ഷ ലഭിക്കും. നിയമ ലംഘകരെ സഹായിച്ച കുറ്റത്തിന് 1,574 സൗദികളും പിടിയിലായി. ഇക്കൂട്ടത്തിൽ 1,535 പേർക്കെതിരെ ശിക്ഷാ നടപടികൾ സ്വീകരിച്ചു. 39 പേർ വിവിധ പ്രവിശ്യകളിലായി ജയിൽവാസം അനുഭവിക്കുകയാണ്. 
നിലവിൽ 16,637 നിയമ ലംഘകരാണ് നടപടികൾ നേരിടുന്നത്. ഇക്കൂട്ടത്തിൽ 14,263 പേർ പുരുഷന്മാരും 2,374 പേർ വനിതകളുമാണ്. 5,33,944 പേർക്കെതിരെ ശിക്ഷാ നടപടികൾ സ്വീകരിച്ചു. യാത്രാ രേഖകളും തിരിച്ചറിയൽ രേഖകളുമില്ലാത്ത 4,87,665 പേർക്ക് താൽക്കാലിക യാത്രാ രേഖകൾ ലഭ്യമാക്കുന്നതിന് എംബസികളുമായും കോൺസുലേറ്റുകളുമായും സഹകരിച്ച് നടപടികളെടുത്തു. 6,37,260 പേർക്ക് ടിക്കറ്റ് ബുക്ക് ചെയ്യുന്നതിന് നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും ആഭ്യന്തര മന്ത്രാലയം വെളിപ്പെടുത്തി. 
 

Latest News